Super sun: ഇന്ന് കാണാം, സൂപ്പർ സൺ
ശനിയാഴ്ച രാവിലെ കിഴക്കൻ മാനത്ത് ഉദിച്ചുയരുന്ന സൂര്യൻ ഈ വർഷത്തെ ഏറ്റവും വലുപ്പംകൂടിയ സൂര്യനായിരിക്കും. ‘സൂപ്പർ മൂൺ’ പരിചിതമാണെങ്കിലും ‘സൂപ്പർ സൺ’ അത്ര പരിചിതമല്ലെന്ന് അമെച്ചർ വാന നിരീക്ഷകൻ സുരേന്ദ്രൻ പുന്നശ്ശേരി പറഞ്ഞു. സൂപ്പർ മൂൺ ഒരേവർഷം തന്നെ പലതവണയുണ്ടാകാം, സൂപ്പർ സൺ വർഷത്തിലൊരിക്കലേ ഉണ്ടാവൂ എന്നതാണ് കാരണം. അതുതന്നെ ജനുവരി ആദ്യവാരത്തിൽ.
സൂപ്പർ സൺ
ഇക്കൊല്ലത്തെ സൂപ്പർ സൺ ജനുവരി നാലിനാണെങ്കിൽ അടുത്തവർഷം അത് ജനുവരി മൂന്നിനാണ്. ഈ സമയത്ത് സൂര്യൻ ഭൂമിയോട് ഏറ്റവും അടുത്തായിരിക്കും. സാങ്കേതികമായി ‘പെരിഹീലിയൻ’ എന്നറിയപ്പെടുന്ന ഈ പ്രതിഭാസത്തിന് വിപരീതമായ മറ്റൊരു പ്രതിഭാസമാണ് ‘അപ് ഹീലിയൻ.’ ഈ സമയത്ത് സൂര്യൻ ഏറ്റവും അകലെയായിരിക്കും. ഇത് സാധാരണയായി ജൂലായ് ആദ്യ വാരത്തിലായിരിക്കും. ഈ സമയത്ത് സൂര്യൻ നമ്മിൽനിന്ന് ഏതാണ്ട് 15 കോടി 20 ലക്ഷം കിലോമീറ്റർ അകലെയായിരിക്കും. പെരിഹീലിയനിൽ നാം സൂര്യനോട് ഏതാണ്ട് 14 കോടി 70 ലക്ഷം കിലോമീറ്റർ അടുത്താണ്. ഓരോ വർഷവും നാം സൂര്യനോട് ഏതാണ്ട് 50 ലക്ഷം കിലോമീറ്റർ അടുക്കുകയും അത്ര തന്നെ അകലുകയും ചെയ്യുന്നുണ്ടെന്ന് സാരം.