ടെക്സസിൽ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും അകപ്പെട്ടവർക്കായുള്ള തിരച്ചിൽ നിർത്തിവച്ചു
ഗ്വാഡലൂപ്പ് നദിയിലെ പ്രളയത്തിൽ അകപ്പെട്ടവർക്കായുള്ള ഒരാഴ്ച നീണ്ടുനിന്ന തിരച്ചിൽ ഞായറാഴ്ച താൽക്കാലികമായി നിർത്തിവച്ചതായി അധികൃതർ. അതേസമയം ഉയർന്ന വെള്ളക്കെട്ടിൽ മറ്റിടങ്ങളിൽ കാണാതായവർക്കായുള്ള രക്ഷാപ്രവർത്തനങ്ങൾ ഇന്നലെ നടന്നു. കൊടുങ്കാറ്റുകൾ വീടുകൾക്ക് കേടുപാടുകൾ വരുകയും ആളുകൾ ഒറ്റപ്പെടുകയും ചെയ്ത സ്ഥലങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കാൻ അധികൃതർ ഉത്തരവിട്ടു.
ജൂലൈ നാലിലെ വെള്ളപ്പൊക്കത്തിൽ കുറഞ്ഞത് 132 പേർ കൊല്ലപ്പെട്ട എന്നാണ് അധികൃതർ നൽകുന്ന കണക്ക്. ഒരാഴ്ചയോളം നീണ്ട തിരച്ചിൽ ഇന്നലെയാണ് നിർത്തിയത്. കെർ കൗണ്ടിയിൽ മാത്രം 160-ലധികം പേരെയും അയൽ പ്രദേശങ്ങളിൽ നിന്ന് 10 പേരെയും കാണാതായിട്ടുണ്ടാകാമെന്ന് അധികൃതർ പറഞ്ഞു.
ജൂലൈ നാലിന് വെള്ളപ്പൊക്ക മുന്നറിയിപ്പുകൾ നൽകിയിട്ടില്ല എന്ന വിമർശനം നിലനിൽക്കുന്നതിനാൽ തന്നെ ഇന്നലെ അധികൃതർ പല വീടുകളും സന്ദർശിച്ച് വെള്ളപ്പൊക്ക മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്. ഇനിയും വെള്ളപ്പൊക്കം ഉണ്ടാവാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നും അധികൃതർ പറയുന്നു.
വെള്ളപ്പൊക്കം: വീടുകൾക്ക് നാശനഷ്ടം
സാൻ സാബ, ലാമ്പസാസ്, ഷ്ലീച്ചർ കൗണ്ടികളിൽ രക്ഷാപ്രവർത്തനം നടത്തുന്നുണ്ടെന്നും ചുരുക്കം ചിലയിടങ്ങളിൽ ഒഴിപ്പിക്കൽ നടപടികൾ പുരോഗമിക്കുകയാണെന്നും ഗവർണർ ഗ്രെഗ് ആബട്ട് X-ൽ പറഞ്ഞു. രക്ഷാപ്രവർത്തകർ ലാമ്പസാസ് പ്രദേശത്തെ നിരവധി ആളുകളെ രക്ഷപ്പെടുത്തിയതായി ആബട്ട് പറഞ്ഞു.
സാൻ സാബ നദിക്കടുത്തുള്ള വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്ന എല്ലാവരോടും ഒഴിഞ്ഞുപോകാൻ കൗണ്ടി ഉദ്യോഗസ്ഥർ ഉത്തരവിട്ടിട്ടുണ്ട്. ആളുകളെ സാൻ സാബ സിവിക് സെന്ററിലേക്ക് മാറ്റുകയാണെന്ന് ജോൺസൺ പറഞ്ഞു.
അതേസമയം ബോസ്ക് നദിക്ക് കുറുകെയുള്ള വെള്ളത്തിനടിയിലായ പാലത്തിൽ കുത്തൊഴുക്കിൽ കുടുങ്ങിപ്പോയ ഒരു വാഹനയാത്രക്കാരനെ ജീവനക്കാർ രക്ഷപ്പെടുത്തി.
പടിഞ്ഞാറൻ ടെക്സസ് നഗരമായ സോനോറയിൽ, വെള്ളപ്പൊക്കം വർദ്ധിച്ചതിനെത്തുടർന്ന് ആളുകളെ ഒഴിപ്പിക്കാൻ അധികൃതർ ആവശ്യപ്പെട്ടു. ഞായറാഴ്ച ഉച്ചകഴിഞ്ഞ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ, രക്ഷാപ്രവർത്തനങ്ങൾ നടന്നിട്ടുണ്ടെന്നും നഗരത്തിലെ സിവിക് സെന്ററിൽ താമസക്കാർക്കായി ഒരു താൽക്കാലിക ഷെൽട്ടർ തുറന്നിട്ടുണ്ടെന്നും മേയർ ജുവാനിറ്റ ഗോമസ് പറഞ്ഞു.
Tag:Search suspended for victims of heavy rain and flooding in Texas