‘കള്ളക്കടൽ: കടലാക്രമണം രൂക്ഷം, തീരദേശ മേഖലയിൽ ജനം ദുരിതത്തിൽ
കള്ളക്കടൽ പ്രതിഭാസത്തെത്തുടർന്നു കേരളത്തിലെ വിവിധ ഭാഗങ്ങളിൽ കടലാക്രമണം രൂക്ഷം. ഇരുനൂറിലേറെ വീടുകളിൽ ഇന്നലെ പുലർച്ചെ മൂന്നോടെ വെള്ളം കയറിയിട്ടുണ്ട്. അദ്ഭുതകരമായാണ് വീട്ടുകാർ രക്ഷപ്പെട്ടത്. പല വീടുകളിലും കടലാക്രമണ ഭീഷണി തുടരുന്നു. ചിലയിടങ്ങളിൽ ഇന്നലെ രാവിലെ ഏഴരയോടെയും കടലാക്രമണം ഉണ്ടായിട്ടുണ്ട്. കടലാക്രമണത്തിൽ തിരുവനന്തപുരം ജില്ലയിൽ 27 വീടുകൾ തകർന്നെന്നാണ് റവന്യു വകുപ്പിന്റെ പ്രാഥമിക റിപ്പോർട്ട്. നാശനഷ്ടം തിട്ടപ്പെടുത്തി വരുന്നതായും മാറ്റിപ്പാർപ്പിക്കാൻ സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും അധികൃതർ.
പൂന്തുറ വാർഡിലെ ചേരിയാമുട്ടം,നെയ്യാറ്റിൻകര താലൂക്കിൽ കുളത്തൂർ വില്ലേജിലെ പൊഴിയൂർ,പൊയ്പ്പള്ളിവിളാകം, മുല്ലശേരി,പരുത്തിയൂർ,കൊല്ലിക്കോട് എന്നിവിടങ്ങളിലാണ് കടലാക്രമണം രൂക്ഷമായി തുടർന്നത് . തിരുവനന്തപുരം താലൂക്കിൽ മാത്രം 17 കുടുംബങ്ങളെ മാറ്റി പാർപ്പിച്ചിട്ടുണ്ട്. നെയ്യാറ്റിൻകര താലൂക്കിൽ ആരെയും മാറ്റിപ്പാർപ്പിക്കേണ്ട സാഹചര്യം ഇല്ലെന്ന് റവന്യു വകുപ്പ് അധികൃതർ . ചിറയിൻകീഴ് താലൂക്കിൽ 10 വീടുകൾ കടലാക്രമണ ഭീഷണി നേരിടുന്നു . വർക്കല താലൂക്കിൽ നിലവിൽ പ്രശ്നങ്ങളില്ലെന്ന് റവന്യു അധികൃതർ പറഞ്ഞു.
പൂന്തുറ ചേരിയാമുട്ടത്ത് 120 കടലാക്രമണം ഉണ്ടായി. കടൽവെള്ളത്തോടൊപ്പം മാലിന്യവും വീടുകൾക്കുള്ളിൽ അടിഞ്ഞിട്ടുണ്ട് . വസ്ത്രങ്ങളും വീട്ടുപകരണങ്ങളും നശിച്ചു പോയി. ചേരിയാമുട്ടത്തെ 17 കുടുംബങ്ങളിലെ 44 പേരെയാണ് മുട്ടത്തറയിലെ സൈക്ലോൺ താൽക്കാലിക ഷെൽട്ടറിലേക്ക് മാറ്റിയിട്ടുള്ളത്. പലരും ബന്ധുവീടുകളിലേക്ക് ഇന്നലെ രാവിലെ തന്നെ മാറി താമസിച്ചിട്ടുണ്ട്.
ചേരിയാമുട്ടത്ത് ഇന്നലെ രാവിലെ തന്നെ കോർപറേഷൻ അധികൃതരെത്തി വീടുകൾക്കുള്ളിൽ അടിഞ്ഞ മാലിന്യങ്ങൾ നീക്കം ചെയ്യാൻ ശ്രമിച്ചെങ്കിലും ശക്തമായ തിരയടിയെത്തുടർന്ന് വൃത്തിയാക്കാൻ സാധിച്ചില്ല. കടലാക്രമണമുണ്ടായ പ്രദേശങ്ങളിൽ തഹസിൽദാർമാർ ഇന്നലെ രാവിലെ എത്തി വീട്ടുകാരെ മാറ്റിപ്പാർപ്പിക്കാനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നു. പൂന്തുറ ചേരിയാമുട്ടത്ത് വീടിനുള്ളിൽ കടൽവെള്ളം കയറിയതിനെത്തുടർന്ന് ശക്തമായ രക്തസമ്മർദം അനുഭവപ്പെട്ട അനീഷ് ജോസഫിനെ ആശുപത്രിയിലേക്കു മാറ്റിയിട്ടുണ്ട്.
കേരളത്തിലെ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം പ്രഖ്യാപിച്ച റെഡ് അലർട്ട് നിലനിൽക്കുന്നു.
കേരള തീരത്ത് ഇന്ന് (17/10/2024) വൈകുന്നേരം 05.30 വരെ 1.0 മുതൽ 2.0 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രവും (INCOIS) മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തീരദേശ മേഖലകളിൽ, പ്രത്യേകിച്ച് താഴ്ന്ന പ്രദേശങ്ങളിൽ, വെള്ളം കയറാനും കടലാക്രമണത്തിനും സാധ്യതയുണ്ട്.
ഈ പ്രദേശങ്ങളിൽ പ്രത്യേക ജാഗ്രത
തിരുവനന്തപുരം: കാപ്പിൽ മുതൽ പൂവാർ വരെ
കൊല്ലം: ആലപ്പാട് മുതൽ ഇടവ വരെ
ആലപ്പുഴ: ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെ
എറണാകുളം: മുനമ്പം FH മുതൽ മറുവക്കാട് വരെ
തൃശൂർ: ആറ്റുപുറം മുതൽ കൊടുങ്ങല്ലൂർ വരെ
മലപ്പുറം: കടലുണ്ടി നഗരം മുതൽ പാലപ്പെട്ടി വരെ
കോഴിക്കോട്: ചോമ്പാല FH മുതൽ രാമനാട്ടുകര വരെ
കണ്ണൂർ: വളപട്ടണം മുതൽ ന്യൂ മാഹി വരെ
കാസറഗോഡ്: കുഞ്ചത്തൂർ മുതൽ കോട്ടക്കുന്ന് വരെ
തമിഴ്‌നാട്ടിലെ കന്യാകുമാരി, തൂത്തുക്കുടി, തിരുനെൽവേലി തീരങ്ങളിലും, ലക്ഷദ്വീപ്, മാഹി, കർണാടക തീരങ്ങളിലും ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും ജാഗ്രത മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും അതീവ ജാഗ്രത പാലിക്കുക.
- കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.
- ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഈ സമയത്ത് ഒഴിവാക്കേണ്ടതാണ്.
- കള്ളക്കടൽ പ്രതിഭാസത്തിനും ഉയർന്ന തിരമാലക്കും സാധ്യതയുള്ള ഘട്ടത്തിൽ കടലിലേക്ക് മത്സ്യബന്ധന യാനങ്ങൾ ഇറക്കുന്നത് പോലെ തന്നെ അപകടകരമാണ് കരക്കടുപ്പിക്കുന്നതും. ആയതിനാൽ തിരമാല ശക്തിപ്പെടുന്ന ഘട്ടത്തിൽ കടലിലേക്ക് ഇറക്കുന്നതും കരക്കടുപ്പിക്കുന്നതും ഒഴിവാക്കേണ്ടതാണ്.
- INCOIS മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമുൾപ്പെടെയുള്ള എല്ലാ പ്രവർത്തനങ്ങളും പൂർണ്ണമായി ഒഴിവാക്കേണ്ടതാണ്
- മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.
- ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.
- തീരശോഷണത്തിനു സാധ്യതയുള്ളതിനാൽ പ്രത്യേകം ജാഗ്രത പുലർത്തുക. കേരളത്തിൽ ഇന്നും മഴ തുടരും കേരളത്തിൽ ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മണിക്കൂറുകളിൽ തൃശൂർ പാലക്കാട് മലപ്പുറം കോഴിക്കോട് ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത എന്നാണ് കാലാവസ്ഥ വകുപ്പ് നൽകുന്ന മുന്നറിയിപ്പ്.
കേരളത്തിൽ തണുപ്പുള്ള അന്തരീക്ഷവും മഴയും
ബംഗാൾ ഉൾക്കടലിൽ തമിഴ്നാടിന് സമീപം ന്യൂനമർദ്ദം ശക്തിപ്പെട്ടതിന് പിന്നാലെ കേരളത്തിൽ ഉണ്ടായ പ്രധാന കാലാവസ്ഥ മാറ്റമാണ് അന്തരീക്ഷത്തിൽ തണുപ്പ് വർദ്ധിച്ചു എന്നുള്ളത്. ഇന്ന് പകലും അതുപോലെ രാത്രിയിലും പതിവിൽ കവിഞ്ഞ തണുപ്പ് അനുഭവപ്പെട്ടിട്ടുണ്ടാകും. കാലവർഷക്കാറ്റ് വിടവാങ്ങിയതിന് പിന്നാലെ കിഴക്കൻ കാറ്റിന്റെ സ്വാധീനമാണ് ഇതിന് കാരണം. സാധാരണ കിഴക്കൻ കാറ്റ് ശക്തമാവുകയും ഈർപ്പമുള്ള ദുർബലമായ പടിഞ്ഞാറൻ കാറ്റ് കൂട്ടിയിടിക്കുകയും ചെയ്യുമ്പോൾ (convergence) ഇടിയോടുകൂടി മഴ ലഭിക്കുകയാണ് പതിവ്. എന്നാൽ ഇപ്പോൾ അത്തരം ഒരു സാഹചര്യമില്ല. സാധാരണ ന്യൂനമർദ്ദം കരകയറിയാൽ ഉണ്ടാകുന്ന രീതിയിലുള്ള മഴയാണിത്. തണുപ്പുള്ള അന്തരീക്ഷവും മഴയും. സാധാരണ തമിഴ്നാട്ടിൽ അനുഭവപ്പെടാറുള്ള ഈ ഒരു കാലാവസ്ഥ ഇപ്പോൾ കേരളത്തിലേക്ക് കൂടി വ്യാപിച്ചു എന്ന് മാത്രം. ചന്ദ്രനെ മറച്ച് ആകാശത്തു രൂപപ്പെട്ട മേഘങ്ങൾ എല്ലാം ന്യൂനമർദ്ദത്തിന്റെ സംഭാവനയാണ്.
കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.
വാട്‌സ്ആപ്
ടെലഗ്രാം
വാട്‌സ്ആപ്പ് ചാനല്‍
Google News
Facebook Page
Weatherman Kerala Fb Page