ടൈം ലാപ്സിൽ ഭൂമിയുടെ ഭ്രമണം പൂർണമായും പകർത്തി ശാസ്ത്രജ്ഞൻ,നക്ഷത്രങ്ങൾ നിശ്ചലമായി നിൽക്കുന്ന വീഡിയോ
ഇന്ത്യൻ ജ്യോതിശാസ്ത്രജ്ഞനായ ഡോർജെ ആങ്ചുക്ക് പകർത്തിയ വീഡിയോ കണ്ടാൽ ഭൂമിയുടെ ഭ്രമണം അനുഭവിക്കാം. ലഡാക്കിലെ ഹാൻലെയിലെ ഇന്ത്യൻ ജ്യോതിശാസ്ത്ര നിരീക്ഷണാലയത്തിൽ നിന്നാണ് ടൈം-ലാപ്സ് വീഡിയോ പകർത്തിയത്.
നക്ഷത്രങ്ങൾ നിശ്ചലമായി നിൽക്കുന്നു, പക്ഷേ ഭൂമി ഒരിക്കലും അതിന്റെ ഭ്രമണം നിർത്തുന്നില്ല. എന്റെ ലക്ഷ്യം പകലിൽ നിന്ന് രാത്രിയിലേക്കും, രാത്രിയിൽ നിന്ന് പകലിലേക്കുമുള്ള 24 മണിക്കൂറുകളും ടൈം ലാപ്സായി പകർത്തുക എന്നതായിരുന്നു,എന്ന അടിക്കുറുപ്പോടെയാണ് ഡോർജെ ആങ്ചുക്ക് വീഡിയോ പങ്കുവെച്ചത് .
ആങ്ചുക്ക് തന്റെ ലക്ഷ്യം പൂർത്തിയാക്കിയത് നിരവധി വെല്ലുവിളികൾ മറികടന്നാണ്. ആദ്യം ലക്ഷ്യം വെച്ചത് ഓറിയോൺ നക്ഷത്രസമൂഹത്തെ ഫ്രെയിം ചെയ്ത് വീഡിയോ പകർത്താനായിരുന്നു . എന്നാൽ നക്ഷത്രസമൂഹത്തിന്റെ സ്ഥാനവും, ലഡാക്കിലെ കഠിനമായ തണുപ്പുള്ള കാലാവസ്ഥയും പ്രതികൂലമായി.
കഠിനമായ നാല് രാത്രികളിലെ അധ്വാനത്തിലൂടെയാണ് ഭ്രമണം തന്റെ ക്യാമറക്കുള്ളിലാക്കുന്നതിൽ അദ്ദേഹം വിജയം നേടിയത്. ദൃശ്യങ്ങൾ പകർത്തിയതിനു ശേഷം അത് ശ്രദ്ധാപൂർവ്വം ക്രോപ്പ് ചെയ്യുന്നതും വെല്ലുവിളിയായിരുന്നു. അവസാനം അദ്ദേഹം തന്റെ ഉദ്യമത്തിൽ വിജയിച്ചു.
വിദ്യാർത്ഥികൾക്ക് ഭൂമിയുടെ ഭ്രമണം മനസിലാക്കാൻ സഹായിക്കുന്ന ഒരു ടൈം-ലാപ്സ് വീഡിയോ ഉപയോഗിക്കാൻ സാധിക്കില്ലേ എന്ന ചോദ്യത്തിൽ നിന്നാണ് ഇങ്ങനെ ഒരു ആശയത്തിലേക്ക് താൻ എത്തിയതെന്നും ആങ്‌ചുക്ക് പ്രതികരിച്ചു.