Saudi weather 01/03/24: ജാഗ്രത; ശക്തമായ മഴയും മഞ്ഞുവീഴ്ചയും,നിരവധി ഡാമുകൾ തുറന്നുവിട്ടു
സൗഉദിയിൽ ശക്തമായ മഴ. തെക്കൻ മേഖലയായ അസീർ പ്രവിശ്യയിലാണ് ഏറ്റവും ശക്തമായ മഴയും മഞ്ഞുവീഴ്ചയും ഉണ്ടായത്. ചരിത്രത്തിലെ തന്നെ ഏറ്റവും ശക്തമായ മഞ്ഞുവീഴ്ചയാണ് ഞായറാഴ്ച ഉണ്ടായത്. തിങ്കളാഴ്ചയും മഞ്ഞു വീഴ്ച തുടരുകയാണ്. അതേസമയം തെക്കൻ മേഖല വെള്ളപ്പൊക്ക ഭീഷണിയിലാണ്. ശക്തമായ മഴയെ തുടർന്ന് നിരവധി ഡാമുകൾ തുറന്നു വിട്ടു. അൽ ബാഹയിൽ മാത്രം 15 ഡാമുകൾ തുറന്നുവിട്ടു.
റോഡുകളിൽ രണ്ടര അടി ഉയരത്തിൽ വരെ മഞ്ഞുവീണ് ഉറഞ്ഞു കിടക്കുന്നു. അൽ നമാസിലും അൽ ബാഹയിലുമാണ് മഞ്ഞുവീഴ്ചയും വെള്ളപ്പൊക്കവും. ശനിയാഴ്ച തുടങ്ങിയ മഴ തിങ്കളാഴ്ചയും തുടരുകയാണ്. ഖമീസ് മുശൈത്ത്, അബഹ, ബല്ലസ് മാർ, തനൂമ, അൽ നമാസ്, സബ്ത്തൂൽ ആലായ് എന്നിവിടങ്ങളിലാണ് ശക്തമായ മഴയും മഞ്ഞുവീഴ്ചയും ഉണ്ടായത്.
മഴയും മഞ്ഞുവീഴ്ചയും ആസ്വദിക്കാനായി സ്വദേശികളും വിദേശികളും തെരുവുകളിലേക്ക് ഇറങ്ങി. തലസ്ഥാനമായ റിയാദിലും മക്കയിലും മദീനയിലുമെല്ലാം മഴ പെയ്യുന്നുണ്ട്. പലയിടങ്ങളിലും മലയിടിഞ്ഞ് ഗതാഗത തടസ്സം ഉണ്ടായി. കടുത്ത മൂടൽമഞ്ഞ് കാരണം ദീർഘദൂര കാഴ്ച മറച്ചത് യാത്രക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കി.