മരുഭൂമിയെ പച്ചപിടിപ്പിക്കാൻ ഒരുങ്ങി സൗദി ; പത്ത് ലക്ഷം തൈകൾ നടുന്നു
മരുഭൂമിയിൽ ഹരിത സസ്യവത്കരണം നടത്തുന്നതിന്റെ ഭാഗമായി 10 ലക്ഷം തൈകൾ നടുന്നു. സൗദി അറേബ്യയുടെ വടക്കൻ മേഖലയിൽ കിങ് സൽമാൻ പ്രകൃതി സംരക്ഷിത പ്രദേശത്താണ് തൈകൾ നടുന്നത്. ഭൂമിയിൽ സ്വാഭാവികമായി വളരുന്ന 13 ഇനം തദ്ദേശീയ വന്യ സസ്യയിനത്തിൽപ്പെട്ട മരങ്ങളാണ് പ്രദേശത്ത് നട്ടുപിടിക്കുന്നത്.
കിങ് സൽമാൻ റോയൽ റിസർവ് ഡെവലപ്‌മെൻറ് അതോറിറ്റിയും ദേശീയ സസ്യ വികസന കേന്ദ്രവും ചേർന്നാണ് തൈകൾ നടുന്നത്.ഓക്സിജൻ ഉൽപ്പാദിപ്പിക്കുന്നതിനും ടൺ കണക്കിന് കാർബൺ ആഗിരണം ചെയ്യുന്നതിനും ഹരിത സസ്യവത്കരണം വർധിപ്പിക്കുന്നതിനും മരുഭൂമി പ്രദേശങ്ങൾ കുറയ്ക്കുന്നതിനും ഇത് സഹായിക്കുമെന്നാണ് അതോറിറ്റി പ്രതീക്ഷിക്കുന്നത്.
സൗദിയുടെ വടക്ക് 1,30,700 ചതുരശ്ര കിലോമീറ്റർ വിസ്തൃതിൽ സ്ഥിതി ചെയ്യുന്ന കിങ് സൽമാൻ സംരക്ഷിത പ്രദേശം മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ പ്രകൃതിദത്ത വന്യജീവി സംരക്ഷണ കേന്ദ്രമാണ്. ഈ സംരക്ഷിത പ്രദേശത്തിന്റെ പരിധിയിലുള്ള മആരിക്, ഖാഅ് ബുആൻ, അൽമുഗീറ എന്നീ മൂന്ന് സ്ഥലങ്ങളിലാണ് തൈകൾ നടുന്നത്.