കനത്ത മഴയിൽ തൃശ്ശൂർ കോർപറേഷൻ കെട്ടിടത്തിൻ്റെ മേൽക്കൂര മറിഞ്ഞ് വീണു: അടുത്ത മൂന്ന് മണിക്കൂറിലേക്ക് തിരുവനന്തപുരത്ത് റെഡ് അലർട്ട്
കനത്ത മഴയിൽ തൃശ്ശൂർ കോർപറേഷൻ കെട്ടിടത്തിൻ്റെ കൂറ്റൻ ഇരുമ്പ് മേൽക്കൂര മറിഞ്ഞ് വീണു. ഒരു കെട്ടിടത്തിൻ്റെ മേൽക്കൂരയ്ക്ക് മുകളിൽ സ്ഥാപിച്ചിരുന്ന ട്രസ് വർക്കാണ് കനത്ത കാറ്റിൽ അപ്പാടെ മറിഞ്ഞ് നഗരത്തിലെ പ്രധാന റോഡായ എംഒ റോഡിലേക്ക് വീണത്. കനത്ത മഴയെ തുടർന്ന് ആളുകളും വാഹനങ്ങളും റോഡിൽ ഉണ്ടായിരുന്നില്ല. അപകടത്തെ തുടർന്ന് എം ഒ റോഡിൽ ഗതാഗതം തടസ്സപ്പെട്ടു. സാധാരണ വലിയ ജനത്തിരക്കും ഗതാഗത തിരക്കും അനുഭവപ്പെടുന്ന സ്ഥലത്താണ് അപകടം ഉണ്ടായത്.
തൃശ്ശൂർ കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള അഞ്ചു നില കെട്ടിടത്തിന്റെ മുകളിൽ സ്ഥാപിച്ചിരുന്ന മേൽക്കൂരയാണ് പറന്നു താഴേക്ക് വീണത് . മേൽക്കൂര ഇളകിയിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടും കോർപ്പറേഷൻ നടപടി സ്വീകരിച്ചില്ലെന്ന് പ്രതിപക്ഷ നേതാവ് രാജൻ പല്ലൻ ആരോപിക്കുന്നു. ഉച്ചയ്ക്ക് രണ്ടരയോട് കൂടിയാണ് ഇരുമ്പ് മേൽക്കൂര ഇളകിയിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതെന്നും അഴിച്ചു നീക്കാൻ ശ്രമിക്കുന്നതിനിടെ കനത്ത കാറ്റിൽ മേൽക്കൂര ഇളകി റോഡിലേക്ക് വീഴുകയായിരുന്നുവെന്നും ഭരണപക്ഷം വ്യക്തമാക്കുന്നു.
അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരം ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മൂന്ന് മണിക്കൂറിലേക്ക് ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. മഴയ്ക്ക് പുറമെ മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തിരുവനന്തപുരം നഗരത്തിൽ കനത്ത മഴയാണ് കഴിഞ്ഞ മണിക്കൂറുകളിൽ ലഭിച്ചത്. താഴ്ന്ന പ്രദേശങ്ങളിൽ പല സ്ഥലങ്ങളിലും വെള്ളം കയറിയിട്ടുണ്ട്. മരം ഒടിഞ്ഞുവീണ് റോഡുകളിൽ ഗതാഗത തടസ്സവും നേരിട്ടു .
അതേസമയം കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി മൂന്ന് ജില്ലകളിൽ കടലാക്രമണത്തിന് സാധ്യത. ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രത്തിന്റെ അറിയിപ്പ് പ്രകാരം തിരുവനന്തപുരത്ത് കാപ്പിൽ മുതൽ പൂവാർ വരെയും കൊല്ലം ജില്ലയിൽ ആലപ്പാട്ട് മുതൽ-ഇടവ വരെയും, ആലപ്പുഴ ജില്ലയിൽ ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെയുമുള്ള തീരങ്ങളിലാണ് ശനിയാഴ്ച രാവിലെ 8.30 വരെ 1.3 മുതൽ 1.9 മീറ്റർ വരെ ഉയർന്ന തിരമാലകൾ ഉണ്ടാവാൻ സാധ്യതയുള്ളത്. ശനിയാഴ്ച രാത്രി 8.30 മുതൽ ഞായറാഴ്ച രാത്രി 8.30 വരെ കേരള തീരത്ത് 2.6 മുതൽ 3.8 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം.
Tag:Roof of Thrissur Corporation building collapses due to heavy rain: Red alert in Thiruvananthapuram for next three hours