ഉരുളെടുത്തത് 86,000 ച.മീറ്റർ പ്രദേശമെന്ന് റിമോട്ട് സെൻസിംഗ് ഡാറ്റ

ഉരുളെടുത്തത് 86,000 ച.മീറ്റർ പ്രദേശമെന്ന് റിമോട്ട് സെൻസിംഗ് ഡാറ്റ

വയനാട് ചൂരൽ മലയിലെ പഴയ ഉരുൾപൊട്ടലിന്റെയും പുതിയ ഉരുൾപൊട്ടലിന്റെയും റിമോട്ട് സെൻസിങ് ചിത്രം പുറത്തുവിട്ട് ഐ.എസ്.ആർ.ഒ. 86,000 ച. മീറ്റർ പ്രദേശം ഉരുൾ പൊട്ടലിൽ തകർന്നുഎന്ന് ഉപഗ്രഹ ചിത്രങ്ങൾ സാക്ഷ്യപ്പെടുത്തുന്നു. 8 കിലോമീറ്റർ അകലെ വരെ ചളിയും മണ്ണും പാറക്കൂട്ടങ്ങളും മരങ്ങളുടെ അവശിഷ്ടങ്ങളും ഒഴുകിയെത്തി എന്നും ഉപഗ്രഹ ചിത്രം സാക്ഷ്യപ്പെടുത്തുന്നു.

ഹൈദരാബാദിലെ നാഷണൽ റിമോട്ട് സെൻസിംഗ് സെൻറർ The National Remote Sensing Center (NRSC) ആണ് ഐ.എസ്.ആർ.ഒയുടെ ഉപഗ്രഹങ്ങൾ പകർത്തിയ ചിത്രങ്ങൾ പുറത്തുവിട്ടത്.

ചിത്രങ്ങൾ എടുക്കാൻ ഉപയോഗിച്ച കാർട്ടോസാറ്റ്, റിസൾട്ട് ഉപഗ്രഹങ്ങൾ കനത്ത മേഘ കൂട്ടങ്ങൾക്കിടയിലൂടെയാണ് ഭൂമിയുടെ ചിത്രം എടുത്തത്. മേഘങ്ങൾ ഉണ്ടെങ്കിലും ഭൗമോപരിതലത്തിലെ നാശനഷ്ടങ്ങൾ കണക്കാക്കാൻ ശേഷിയുള്ള സെൻസറുകൾ ഈ ഉപഗ്രഹത്തിലുണ്ട്.

ഉരുൾപൊട്ടലിനു ശേഷം ഉണ്ടായ കനത്ത മലവെള്ളപ്പാച്ചിലിൽ ഇവിടെ ഉണ്ടായിരുന്ന അരുവിയുടെ കരയുടെ വിസ്തൃതി കൂടുകയും സമീപത്തെ വീടുകളും കെട്ടിടങ്ങളും ഒഴുകിപ്പോവുകയുമായിരുന്നു.

വയനാട് ചൂരൽമല ഭാഗത്ത് പഴയ ഉരുൾപൊട്ടലിന്റെയും കഴിഞ്ഞ ദിവസം ഉണ്ടായ ഉരുൾപൊട്ടലിന്റെയും റിമോട്ട് സെൻസിങ് ചിത്രം പുറത്ത് വിട്ട് ഐ.എസ്.ആർ.ഒ. ഐ.എസ്.ആര്‍.ഒയുടെ കാര്‍ട്ടോസാറ്റ്-3, റിസാറ്റ് ഉപഗ്രഹങ്ങള്‍ ആണ് ചിത്രങ്ങൾ പകര്‍ത്തിയത്. കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൻ്റെ ഉത്ഭവം 1,550 മീറ്റർ ഉയരത്തിലാണ്. അവശിഷ്ടങ്ങളുടെ ഒഴുക്ക് നദിയുടെ ഗതി വിസ്തൃതമാക്കുകയും തീരത്തെ വീടുകൾക്കും അടിസ്ഥാന സൗകര്യങ്ങൾക്കും കാര്യമായ നാശനഷ്ടമുണ്ടാക്കുകയും ചെയ്യുന്ന ഒരു ദുരന്ത ദൃശ്യം ചിത്രങ്ങളിൽ വ്യക്തമാണ്.

മുണ്ടക്കൈ, ചൂരൽമല ഗ്രാമങ്ങളെ തുടച്ചു നീക്കിയ ഉരുൾപൊട്ടലിന്റെ പ്രഭവ കേന്ദ്രം സൗത്ത് വയനാട് ഡിവിഷനിലെ പുഞ്ചിരിമട്ടം വെള്ളോലിപ്പാറയിലെ നിത്യഹരിത മഴനിഴൽക്കാടുകൾ ആണ്. നിക്ഷിപ്ത വനമായ ഈ പ്രദേശം സ്വകാര്യ ഭൂമികളുടെ അതിർത്തിയിൽ നിന്ന് 2 കിലോമീറ്റർ ഉള്ളിലാണ് സ്ഥിതി ചെയ്യുന്നത്. നിലമ്പൂർ കോവിലകത്തിന്റെ കൈവശത്തിൽ നിന്ന് ഏറ്റെടുത്ത 2087.94 ഹെക്ടർ വനഭൂമിയാണ് ഇത്.

വയനാടിനു പുറമേ മലപ്പുറം, കോഴിക്കോട് ജില്ലകളുമായും ഈ വനം അതിർത്തി പങ്കിടുന്നുണ്ട്. വെള്ളരിമലയുടെ ഒരു ചെരിവായ ഈ മേഖല 10 മുതൽ 15 അടി വരെ വ്യാസത്തിലുള്ള ഉരുളൻ പാറകൾ നിറഞ്ഞ ഈ പ്രദേശമാണ്. നിലയ്ക്കാത്ത മഴ പെയ്തതോടെയാണ് സമ്മർദം താങ്ങാനാകാതെ താഴേക്ക് ഈ പാറക്കല്ലുകൾ പൊട്ടി ഒഴുകുകയായിരുന്നു.

പത്തിലധികം അരുവികൾ ചാലിയാറിൽ ഒഴുകിയെത്തുന്നുണ്ട്.ചാലിയാറിലേക്കൊഴുകുന്ന കൊച്ചരുവിയാണ് ഉരുൾപൊട്ടി പരന്നൊഴുകി പുഴയായി മാറിപ്പോയത്.

ചൂരൽമലയിൽ ശരാശരി 6 മീറ്റർ വീതിയിൽ മാത്രമാണ് അരുവി ഒഴുകിയിട്ടുണ്ടായിരുന്നത്. അതിനു കുറുകെ 10 മീറ്റർ മാത്രം നീളത്തിൽ വലിയ കലുങ്കിന് സമാനമായ ഒരു പാലവും ഉണ്ടായിരുന്നു. ഈ പാലമാണ് മലവെള്ളപ്പാച്ചിലിൽ കുത്തിയൊഴുകി തകർന്നുപോയത്. ഇതിനുപകരമാണ് ഇപ്പോൾ 190 മീറ്റർ നീളത്തിൽ താൽക്കാലിക ബെയ്‌ലി പാലം സൈന്യം നിർമ്മിച്ചത്. അതായത് മുൻപുണ്ടായിരുന്ന പാലത്തിന്റെ 19 ഇരട്ടി നീളത്തിലാണ് പാലം നിർമ്മിച്ചിട്ടുള്ളത്. ഉരുൾ പൊട്ടിയെത്തിയ ഉരുളൻ പാറകളും മണ്ണും ജലവും ഭാരതപ്പുഴയുടെയത്രയും വീതിയിലാണ് വീടുകൾ നക്കിത്തുടച്ച് പരന്നൊഴുകിയത്.

പുഴയായി ഉരുൾ പരന്നൊഴുകിയ വഴിക്ക് പലയിടത്തും 200 മുതൽ 350 മീറ്റർ വരെ പുഴയ്ക്ക് വീതിയുണ്ട്. 

കേരളത്തിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

കേരള തീരം മുതൽ തെക്കൻ ഗുജറാത്ത്‌ തീരം വരെ ന്യൂനമർദ പാത്തി സ്ഥിതിചെയ്യുന്നു.

വടക്കൻ ജാർഖണ്ഡിന് മുകളിൽ തീവ്ര ന്യൂനമർദം (Depression) സ്ഥിതി ചെയ്യുന്നു. അടുത്ത 48 മണിക്കൂറിനുള്ളിൽ തെക്ക് കിഴക്കൻ ഉത്തർപ്രദേശ്, കിഴക്കൻ മധ്യ പ്രദേശ്, വടക്കൻ ഛത്തീസ്ഗഡ് വഴി സഞ്ചരിക്കാൻ സാധ്യത. ഇതിന്റെ ഫലമായി ആഗസ്റ്റ് 03, 04 തീയതികളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

metbeat news

കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.
വാട്‌സ്ആപ്
ടെലഗ്രാം
വാട്‌സ്ആപ്പ് ചാനല്‍
Google News
Facebook Page
Weatherman Kerala Fb Pag

Share this post

Weather Journalist at metbeatnews.com. Graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with 6 years of experience in print and online media.

Leave a Comment