മഴ: ആറുകൾ കരകവിഞ്ഞു; പാലരുവിയിൽ വിലക്ക്
കനത്ത മഴയിൽ കേരള – തമിഴ്നാട് അതിർത്തിയിലെ തെങ്കാശിയിലും ചെങ്കോട്ടയിലും ഗതാഗതം സ്പന്ദനം. കുറ്റാലം വെള്ളച്ചാട്ടത്തിൽ കഴിഞ്ഞദിവസം രാത്രി മുതൽ ശക്തമായ നീരൊഴുക്കാണ്. ഇവിടെ ക്ഷേത്രപരിസരത്തെ വെള്ളച്ചാട്ടത്തിനു സമീപത്തുള്ള പെട്ടിക്കടകൾ ഒലിച്ചു പോയിട്ടുണ്ട്. ചെങ്കോട്ടയിൽ വനം ചെക്പോസ്റ്റിനു സമീപത്തെ തോട്ടിലെ വെള്ളം കരകവിഞ്ഞതോടെ അച്ചൻകോവിൽ മേക്കര പാതയിലൂടെയുള്ള ഗതാഗതം വിലക്കീട്ടുണ്ട്. പാലരുവി വെള്ളച്ചാട്ടത്തിൽ നീരൊഴുക്ക് ക്രമാതീതമായതോടെ വിനോദ സഞ്ചാരികൾക്ക് താൽക്കാലികമായി പ്രവേശനം നിരോധിച്ചു. അച്ചൻകോവിലിൽ എത്താനുള്ള അലിമുക്ക് പാതയിലും ചെങ്കോട്ട പാതയിലും കനത്ത മഴയിൽ വെള്ളം കയറിയതോടെ ഗതാഗതം പൂർണ്ണമായും സ്തംഭിച്ചു.
അച്ചൻകോവിലിലേക്കുള്ള കെഎസ്ആർടിസി ബസുകളും ശബരിമല തീർഥാടകരുടെ വാഹനങ്ങളും ഇതുവഴി പോകാൻ പറ്റാത്ത കുടുങ്ങി. അച്ചൻകോവിലാർ കരകവിഞ്ഞൊഴുകി കൃഷിയിടങ്ങളിൽ വെള്ളം കയറിയതിന് തുടർന്ന് നിരവധി നാശനഷ്ടങ്ങളും ഉണ്ടായിട്ടുണ്ട്. കുളത്തൂപ്പുഴയിൽ കനത്ത മഴയിൽ കല്ലടയാർ കരകവിഞ്ഞൊഴുകുകയാണ് . തീരങ്ങളിലേക്കു വെള്ളം കയറി കൃഷിയിടങ്ങൾ മുങ്ങി പോയി. ബാലക ശ്രീധർമശാസ്താ ക്ഷേത്രത്തിലെ കല്ലടയാർ കടവുകളും കരകവിഞ്ഞൊഴുകുകയാണ്.
കല്ലടയാറ്റിൽ കുളിക്കാൻ ഇറങ്ങുന്നവർക്ക് നിയന്ത്രണം ഏർപ്പെടുത്തി. അച്ചൻകോവിൽ മണലാർ കുംഭാവുരുട്ടി വെള്ളച്ചാട്ടങ്ങളിലും നീരൊഴുക്ക് ശക്തമായതോടെ പ്രവേശനം നിരോധിച്ചു . കല്ലടയാറിന്റെ തീരത്തു ചെറുപൊയ്ക പനാറുവിള-കാവിള കടത്തുകടവ് റോഡിൽ കാവിള ഭാഗത്തെ ഇരുളുമലയുടെ ഒരു ഭാഗത്തു വലിയതോതിൽ മണ്ണിടിച്ചിൽ ഉണ്ടായിട്ടുണ്ട്.
കല്ലടയാറിന്റെ തീരത്തുള്ളവർ ജാഗ്രത പാലിക്കണം
കല്ലട ജലസേചന പദ്ധതിയുടെ തെന്മല-പരപ്പാർ ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളിൽ മഴ തുടരുന്ന സാഹചര്യത്തിൽ കല്ലടയാറിന്റെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നു ജില്ലാ ദുരന്തനിവാരണ അതോറിറ്റി അധ്യക്ഷൻ കൂടിയായ ജില്ലാ കലക്ടർ. ഉയർന്നതോടെ പീക് ടൈമിൽ പരിമിതപ്പെടുത്തിയ കെഎസ്ഇബി പവർ സ്റ്റേഷനിലെ വൈദ്യുതോൽപാദനം ഇന്നലെ മുതൽ പൂർണതോതിലാക്കി.
ചപ്പാത്തിൽ കുത്തൊഴുക്ക്
വിദ്യാർഥികളുമായി വന്ന ബസ് വനപാതയിൽ കുടുങ്ങി.
റോസ്‌മലയിൽ നിന്നു രാവിലെ വിദ്യാർഥികളുമായി ആര്യങ്കാവിലേക്കു വരികയായിരുന്ന കെഎസ്ആർടിസി ബസ് മഞ്ഞത്തേരി ചപ്പാത്തിലെ കുത്തൊഴുക്കിനെത്തുടർന്നു വനപാതയിൽ കുടുങ്ങുകയായിരുന്നു . 11 വിദ്യാർത്ഥികൾ ആണ് ഉണ്ടായിരുന്നത് . വഴിയിൽ കുടുങ്ങിയത് 8.15നാണ്. യാത്ര മുടങ്ങിയതോടെ പത്താം ക്ലാസ് വിദ്യാർഥികൾക്കുൾപ്പെടെ ക്രിസ്മസ് പരീക്ഷ എഴുതാൻ സാധിച്ചില്ല . ഇവരെ രക്ഷിതാക്കൾ തിരികെ വീട്ടിലേക്കു കൊണ്ടുപോയി . ചപ്പാത്തിലെ വെള്ളം കുറഞ്ഞ ശേഷം വൈകിട്ടു മൂന്നോടെയാണു ബസ് ഇക്കരെ നടക്കാൻ കഴിഞ്ഞത്. കേരള– തമിഴ്നാട് അതിർത്തികളിൽ പെയ്ത കനത്ത മഴയിലാണു ചപ്പാത്ത് നിറഞ്ഞത്.