ബ്രേക്കിന് ശേഷം വീണ്ടും മഴ തിരികെ എത്തുന്നു, പുതിയ ന്യൂനമര്‍ദം മഴ ശക്തമാക്കും
ഒരാഴ്ച നീണ്ട മണ്‍സൂണ്‍ ബ്രേക്കിനു ശേഷം വീണ്ടും മഴ തിരികെ എത്തുന്നു. ഓഗസ്റ്റ് 6 മുതലാണ് മണ്‍സൂണ്‍ ബ്രേക്കിന് തുടക്കമായത്.
ബംഗാള്‍ ഉള്‍ക്കടലില്‍ രണ്ടു ദിവസത്തിനകം പുതിയ ന്യൂനമര്‍ദം രൂപപ്പെടുന്നതോടെ കാലവര്‍ഷം വീണ്ടും തിരികെ കേരളം ഉള്‍പ്പെടെ തെക്കന്‍ മേഖലയിലേക്ക് എത്താനാണ് സാധ്യത. നാളെ (ചൊവ്വ) മുതല്‍ തന്നെ കേരളത്തില്‍ മഴയുടെ ലഭ്യതയില്‍ നേരിയ പുരോഗതിയുണ്ടാകും.
വിഫക്കു ശേഷം പുതിയ സിസ്റ്റം
നേരത്തെ ടൈഫൂണ്‍ വിഫയുടെ ശേഷിപ്പുകള്‍ ബംഗാള്‍ ഉള്‍ക്കടലില്‍ കടന്നുപോയ ശേഷം ബംഗാള്‍ ഉള്‍ക്കടല്‍ ഏതാനും ദിവസം ശാന്തമായിരുന്നു. അന്ന് വിഫയുടെ ശേഷിപ്പുകള്‍ കേരളത്തില്‍ മാത്രമല്ല, മറ്റു സംസ്ഥാനങ്ങളിലും മഴ നല്‍കി കാലവര്‍ഷത്തെ സജീവമാക്കി നിര്‍ത്തി. വിഫയ്ക്കു ശേഷം കാലവര്‍ഷപാത്തി (monsoon trough) ഹിമാലയന്‍ താഴ് വാരത്തേക്ക് മാറിയതോടെ ബ്രേക്കിന് തുടക്കമായി. വിഫയുടെ ശേഷിപ്പുകള്‍ രാജ്യത്ത് പ്രവേശിക്കും മുന്‍പ് തീവ്രന്യൂനമര്‍ദമായി കരകയറി പിന്നീട് ന്യൂനമര്‍ദമായി മധ്യ ഇന്ത്യയില്‍ മഴ നല്‍കിയിരുന്നു.
പതിയെ സഞ്ചരിക്കുന്ന സിസ്റ്റം
ബംഗാള്‍ ഉള്‍ക്കടലിന്റെ വടക്കുപടിഞ്ഞാറന്‍ മേഖലയില്‍ നാളെ രാത്രിയോടെ പുതിയ ന്യൂനമര്‍ദം ഉടലെടുക്കുന്നതിന് മുന്നോടിയായുള്ള ചക്രവാതച്ചുഴി (cyclonic circulation) ഇപ്പോഴത്തെ നിരീക്ഷണം. ഇത് ഓഗസ്റ്റ് 13 ന് ന്യൂനമര്‍ദമായി ശക്തിപ്പെടും. തുടര്‍ന്ന് കടലില്‍ തന്നെ ഇത് സ്റ്റേഷനറി പൊസിഷനില്‍ തുടരും. രണ്ടു മൂന്നു ദിവസം ഇത് വേഗത്തില്‍ സഞ്ചരിക്കാതെ കടലില്‍ ചുറ്റിത്തിരിയും.
തുടര്‍ന്ന് മണ്‍സൂണ്‍ ഡിപ്രഷനായി ശക്തിപ്പെട്ട് കരകയറി മഴ സജീവമാക്കും. ഒഡിഷ തീരത്തോട് ചേര്‍ന്നാണ് സിസ്റ്റം കരകയറുകയെന്നാണ് പ്രതീക്ഷിക്കുന്നത്. ഒഡിഷസ വടക്കന്‍ ആന്ധ്രാപ്രദേശ് തീരം, ജാര്‍ഖണ്ഡ്, ബിഹാര്‍, പശ്ചിമ ബംഗാള്‍, ചത്തീസ്ഗഡ് എന്നിവിടങ്ങളില്‍ മഴ കനക്കാന്‍ ഈ സിസ്റ്റം കാരണമാകും.
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മിക്കതിലും കനത്ത മഴ നല്‍കും. പശ്ചിമതീരത്ത് കൊങ്കണിലും മുംബൈയിലും മഴ ശക്തിപ്പെടും. പശ്ചിമതീരത്തെ കേരളത്തിലും മഴ ഉണ്ടാകുമെങ്കിലും മഴയുടെ തീവ്രതയും ശക്തിയും വരും ദിവസങ്ങളിലേ മനസിലാക്കാന്‍ കഴിയുകയുള്ളൂ.
അതേസമയം, മധ്യ കേരളത്തിലും മലയോര മേഖലകളിലും ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കോട്ടയം, എറണാകുളം, തൃശ്ശൂർ, കാസർഗോഡ് ജില്ലകളിൽ മഴ മുന്നറിയിപ്പുണ്ട്. മഴക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിർദ്ദേശിച്ചു.
കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മീൻപിടുത്തത്തിന് തടസ്സമില്ല. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 mm മുതൽ 115.5 mm വരെ മഴ ലഭിക്കുമെന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് മുതൽ ഓഗസ്റ്റ് 13 വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പു നൽകി.
Tag:Following a dry spell, rain is set to return. Explore the impact of the new depression on rainfall intensity and stay informed about upcoming weather changes.
കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.