ശരത്കാലത്തിന്റെ വരവ് അറിയിച്ച് സൗദിയിൽ മഴ : ഇടിമിന്നലേറ്റ് 3 മരണം
ശരത്കാലത്തിന്റെ വരവ് അറിയിച്ച് സൗദിയിൽ മഴ. ഇടവപ്പാതിയെ ഓർമ്മിപ്പിക്കുന്ന ഇടിയും മിന്നലോടുകൂടിയയുമായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ മക്കയിലും തെക്ക് പടിഞ്ഞാറൻ പ്രവിശ്യയിലും മഴ ലഭിച്ചത്. പ്രളയസമാന അന്തരീക്ഷമായിരുന്നു ജിസാൻ പോലുള്ളയിടങ്ങളിൽ. മലവെള്ളപ്പാച്ചിലിൽ വാദികൾ കുത്തിയൊഴുകി. മലവെള്ളത്തിൽ നിരവധി അപകടങ്ങളും മഴക്കെടുതിയും ഉണ്ടാവുകയും ചെയ്തിട്ടുണ്ട്.
വേനൽക്കാലം അവസാനിച്ചതോടെ രാജ്യത്തിന്റെ പല ഭാഗത്തും മഴ ലഭിച്ചു തുടങ്ങി. മക്ക, മദീന,അസീർ, ഹായിൽ, റിയാദ് പ്രവിശ്യക്ക് തെക്ക് ഭാഗങ്ങളിലൊക്കെ മഴ ലഭിച്ചിട്ടുണ്ട്. കൂടാതെ വരും ദിവസങ്ങളിലും മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ജിസാനിലും മക്കയിലും കനത്ത മഴ മുന്നറിയിപ്പാണ് കഴിഞ്ഞ ദിവസം നൽകിയത്. വേനലിനു ശേഷമുള്ള മഴയിൽ മഞ്ഞുപെയ്തിറങ്ങുന്നതും സാധാരണമാണ്. ഈ സീസണിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് മദീനയിലാണെന്ന് ഔദ്യോഗികവൃത്തങ്ങൾ പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ മദീനയിൽ പെയ്തിറങ്ങിയ കനത്ത മഴയെതുടർന്ന് റോഡുകൾ തകർന്നു വാഹനങ്ങൾക്കും കേടുപാടുകളും സംഭവിച്ചിട്ടുണ്ട്.
മദീനക്കൊപ്പം ഖസീം,അസീർ,തബൂക്ക്,ജിസാൻ, നജ്റാൻ അൽബാഹ എന്നിവിടങ്ങളിലുൾപ്പെടെ വിവിധ മേഖലകളിലാണ് കനത്ത മഴ കിട്ടിയത്. ജിസാൻ പ്രവിശ്യയിൽ മഴയ്ക്കൊപ്പം ശക്തമായ ഇടിമിന്നലും ഉണ്ടായിരുന്നു. മിന്നലേറ്റ് മൂന്ന് മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മരിച്ചവരിൽ രണ്ടുപേർ ഒരേ സ്ഥലത്ത് കൂടി നിന്നവരായിരുന്നു. അല്‍ദര്‍ബിലെ റംലാന്‍ ഗ്രാമത്തില്‍ മിന്നലേറ്റ് യെമനി ആട്ടിടയൻ മരിച്ചു. യെമനി ഇടയന് മിന്നലേറ്റത് വാദി റംലാനില്‍ രൂപപ്പെട്ട മലവെള്ളപ്പാച്ചിലിനിടെ പ്രദേശത്ത് കുടുങ്ങിയ ആടുകളെ കൊണ്ടുവരാന്‍ പോയപ്പോഴാണ്.
ശക്തമായ മഴയിലും കാറ്റിലും ജിസാനില്‍ വിവിധ പ്രദേശങ്ങളില്‍ വൈദ്യുതി വിതരണം തടസ്സപ്പെട്ടു. മക്കയിൽ കഴിഞ്ഞ ദിവസം ആഞ്ഞുവീശിയ കൊടുങ്കാറ്റിൽ മരം കടപുഴകി വാഹനത്തിനു മുകളിൽ വീണ് സൗദി പൗരൻ മരിച്ചു. വേനൽക്കാലത്തിന് അവസാനം കുറിച്ചുകൊണ്ട് ജിദ്ദയിലൊക്കെ പൊടിക്കാറ്റ് ഉണ്ടായിരുന്നു . വേനൽ മാറി ശരത് കാലമെത്തുന്നതോടെ മരുഭൂമിയുടെ നിറമാകെ മാറി തുടങ്ങും. മണലിനടിയിൽ പലതരം ചെറു സസ്യങ്ങൾ ഇനി തലപൊക്കി തുടങ്ങും. മാറുന്ന കാഴ്ചകളിൽ അന്തിക്കൂട്ടം ചേക്കേറാൻ കൂടാരങ്ങളുമായി സ്വദേശികളും ആഴ്ചവട്ടങ്ങളിൽ പ്രവാസികളും മരുഭൂമികളിലേക്ക് എത്തും.
അവിടെ അകമ്പടിയായി ചൂടേറിയ ഗാഹ് വയും ഈന്തപ്പഴങ്ങളും, ബാർബിക്യൂവും ഒക്കെ ഉണ്ടാവും. കൂടാരങ്ങളിൽ ഒത്തുകൂടുന്നവർ സംഗീതവും പാട്ടുമൊക്കെ ആസ്വദിച്ച് സൊറ പറഞ്ഞും പലതരം വിനോദങ്ങളുമായി നേരം വെളുക്കുവോളം അവിടെ തന്നെ കഴിയുകയാണ് മിക്കവരും ചെയ്യുക. ഇനിയങ്ങോട്ട് പ്രവാസി മലയാളി കുടുംബങ്ങളുടേയും സംഘങ്ങളുടേയും ആഴ്ചവട്ടങ്ങളിലെ ഒത്തു ചേരലുകളിലേക്ക് മരുഭൂമിയിലെ കൂടാരങ്ങൾ പ്രിയപ്പെട്ട ഇടങ്ങളായി മാറും.
കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.
വാട്‌സ്ആപ്
ടെലഗ്രാം
വാട്‌സ്ആപ്പ് ചാനല്‍
Google News
Facebook Page
Weatherman Kerala Fb Page