കൊടും ചൂടിനിടയിലും യുഎഇയിലെ അല്‍ ഐനില്‍ മഴ, കാരണം എന്ത് ?
കൊടും ചൂടിനിടയിലും യുഎഇയിലെ അല്‍ ഐനില്‍ കനത്ത മഴയും മേഘാവൃതമായ കാലാവസ്ഥയും അനുഭവപ്പെടുന്നു. എന്താണിതിന് കാരണമെന്ന് പലരും ചോദിക്കുന്ന ചോദ്യമാണ്. ഒരേ പ്രദേശത്ത് ചൂട് നിലനില്‍ക്കുന്നതോടൊപ്പം തൊട്ടടുത്ത പ്രദേശങ്ങളില്‍ മഴ പെയ്യുന്നത് സ്വാഭാവികമായ കാലാവസ്ഥാ പ്രതിഭാസമാണെന്നാണ് നാഷണല്‍ സെന്‍റര്‍ ഓഫ് മെറ്റീരിയോളജിയിലെ (എന്‍സിഎം) സീനിയര്‍ മെറ്റീരിയോളജിസ്റ്റ് ഡോ. ഹബീബ് അഹമ്മദ് പറയുന്നു.
ഇന്ത്യന്‍ മണ്‍സൂണ്‍ ന്യൂനമര്‍ദ്ദമാണ് നിലവില്‍ യുഎഇയില്‍ ഇത്ര കടുത്ത ചൂടുണ്ടാവാന്‍ കാരണമായത്. ഇത് തെക്കുകിഴക്ക് നിന്ന് യുഎഇക്ക് മുകളിലൂടെ ചൂടുള്ളതും ഈര്‍പ്പമുള്ളതുമായ വായു പിണ്ഡം അടിച്ചുവീശാന്‍ കാരണമായി. അറബിക്കടലില്‍ നിന്നും ഒമാന്‍ കടലില്‍ നിന്നും കിഴക്കോട്ട് സഞ്ചരിക്കുന്നതിനാല്‍ ഇത് രാജ്യത്തിന്‍റെ കിഴക്കന്‍ പ്രദേശങ്ങളില്‍ ഉയര്‍ന്ന ആര്‍ദ്രതയ്ക്ക് കാരണമാവുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടി കാണിക്കുന്നു. അല്‍ഐനിലും പരിസര പ്രദേശങ്ങളിലും കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയ്ക്കും ആലിപ്പഴ വര്‍ഷത്തിനും പിന്നാലെ മേഘാവൃതമായ കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്ന് യുഎഇ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു. ഈ വീക്കെൻഡിൽ മഴ സാധ്യത ഉണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം.
ഒരു പ്രദേശത്ത്, പ്രത്യേകിച്ച് വരണ്ട പ്രദേശങ്ങളില്‍, പകല്‍സമയത്ത് തീവ്രമായ ചൂട് കാരണം ‘ഒരു താപ താഴ്ച’ ഉണ്ടാകുന്ന ഈ പ്രതിഭാസം ഹീറ്റ് ലോ എന്ന പേരിലാണ് അറിയപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇതേതുടര്‍ന്നുണ്ടാകുന്ന താപ ന്യൂനമര്‍ദ്ദമാണ് കടുത്ത ചൂട് നിലനില്‍ക്കുമ്പോഴും മരുഭൂമി പ്രദേശങ്ങളില്‍ ഒറ്റപ്പെട്ട മഴയ്ക്കും കൊടുങ്കാറ്റിനും കാരണമാകുന്നത്.
ഊഷ്മളവും ഈര്‍പ്പമുള്ളതുമായ വായു ഉയര്‍ന്ന് ജലകണങ്ങളായി ഘനീഭവിക്കുകയും മേഘങ്ങളും മഴക്കാറ്റും രൂപപ്പെടുകയും ചെയ്യുന്ന ഇടുങ്ങിയ ബെല്‍റ്റായ ഇന്റര്‍ട്രോപ്പിക്കല്‍ കണ്‍വേര്‍ജന്‍സ് സോണില്‍ (ഐടിസിസെഡ്) യുഎഇയും ഉള്‍പ്പെടുന്നുവെന്ന് അദ്ദേഹം പറഞ്ഞു. തെക്ക്, തെക്കുകിഴക്ക് ഭാഗത്തുനിന്ന്, പ്രധാനമായും ഒമാനില്‍ നിന്നുള്ള ഈര്‍പ്പമുള്ള വായുവാണ് മേഘങ്ങളുടെ രൂപീകരണത്തിന് സഹായിക്കുന്നതെന്നും അദ്ദേഹം. ഇതുകൊണ്ടാണ് അല്‍ ഐനിന്‍റെ ചില ഭാഗങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ കനത്ത മഴയും ആലിപ്പഴ വർഷത്തിനും കാരണമായത് . അല്‍ ദഫ്ര മേഖലയിലെ ഗസ്യൗറ, അല്‍ വിഖാന്‍, അല്‍ ഐനിലെ ഉമ്മു അസിമുല്‍ എന്നിവിടങ്ങളിലും കനത്ത മഴയും ആലിപ്പഴ വര്‍ഷവും ഉണ്ടായിരുന്നു.
അതേസമയം നിലവില്‍ കാലാവസ്ഥാ മാനദണ്ഡങ്ങള്‍ മാറിയതായി അദ്ദേഹം പറയുന്നു. അന്തരീക്ഷത്തില്‍ ആവശ്യത്തിന് ഈര്‍പ്പമില്ല, ഇക്കാരണത്താല്‍ മേഘങ്ങളുണ്ടാകാനും മഴ പെയ്യാനുമുള്ള സാധ്യത കുറയുന്നുണ്ട്. എന്നാല്‍ മേഘാവൃതമായ കാലാവസ്ഥ ഈ വീക്കെന്റിലും തുടരുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. വാരാന്ത്യത്തില്‍ കൂടുതല്‍ മഴ പെയ്യാന്‍ സാധ്യതയും അദ്ദേഹം പ്രവചിക്കുന്നുണ്ട്. ഈ ആഴ്ച, തീരപ്രദേശങ്ങളില്‍ 90 മുതല്‍ 95 ശതമാനം വരെ ഹ്യുമിഡിറ്റി രേഖപ്പെടുത്തി.
കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.
വാട്‌സ്ആപ്
ടെലഗ്രാം
വാട്‌സ്ആപ്പ് ചാനല്‍
Google News
Facebook Page
Weatherman Kerala Fb Page