ഇഞ്ചിയിലെ പൈറിക്കുലേറിയ രോഗബാധ; പ്രധിരോധ നിർദ്ദേശങ്ങൾ സ്വീകരിക്കണമെന്ന് ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രം
ഇഞ്ചിയിൽ ഇലപ്പുള്ളി രോഗം വയനാട് ജില്ലയിലും കണ്ടുവരുന്ന സാഹചര്യത്തിൽ ഇഞ്ചികർഷകർ കൂടുതൽ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രം. വയനാട് ജില്ലയിലെ ചിലപ്രദേശങ്ങളിൽ റിപ്പോർട്ട് ചെയ്തിട്ടുള്ള രോഗം പൈറിക്കുലേറിയ എന്ന കുമിൾ മൂലമാണുണ്ടാകുന്നത്.
കഴിഞ്ഞ വർഷം സെപ്റ്റംബർ ഒക്ടോബർ മാസങ്ങളിലായി കർണാടകയിലെ കൊടഗ് ജില്ലയിലും സമീപപ്രദേശങ്ങളിലും ഇഞ്ചിയിൽ ഇലപ്പുള്ളി ബാധ വ്യാപകമായതിനു പിന്നാലെ ഗവേഷണ കേന്ദ്രം നടത്തിയ പഠനങ്ങളിൽനിന്നുമാണ് പൈറിക്കുലേറിയ (Pyricularia spp.) എന്ന കുമിളാണ് രോഗകാരണമെന്നു സ്ഥിരീകരിക്കുന്നു.
ഫങ്കസ് ഗണത്തിൽപ്പെടുന്ന ഇവ നെല്ല്, ഗോതമ്പ് തുടങ്ങിയ ധാന്യവിളകളിൽ സാധാരണയായി രോഗകാരണമാകാറുണ്ടെങ്കിലും രാജ്യത്ത് ആദ്യമായാണ് ഇഞ്ചിയിൽ റിപ്പോർട്ട് ചെയ്യുന്നത്. ഇലകളിൽ ആദ്യം കറുത്തതോ ഒലിവു നിറത്തിലോ ഉള്ള പാടുകൾ രൂപപ്പെടുകയും പിന്നാലെ മഞ്ഞളിപ്പു വരുകയും ചെയ്യുന്നതാണ് ഇതിന്റെ പ്രാരംഭ ലക്ഷണം.
പിന്നീട് ഇവ മങ്ങിയ മഞ്ഞനിറത്തിലാകുകയും, ഇലകൾ ഉണങ്ങി വീഴുകയും ചെയ്യുന്നു. ഫംഗസ് വ്യാപനം അതിവേഗത്തിൽ നടക്കുന്നതാണ് രോഗത്തിന്റെ പ്രധാന ഭീഷണി. കുറഞ്ഞത് പത്ത് മണിക്കൂറിനുള്ളിൽ പോലും വലിയ ചുറ്റളവിലേക്ക് രോഗം ബാധിക്കാനും സാധ്യതയുണ്ട്. നീണ്ടകാലമായി തുടരുന്ന ശക്തമായ മഴയും ഇഞ്ചിയുടെ ഇലകളിൽ ഈർപ്പം തുടരുന്നതും രോഗവ്യാപനത്തിനു അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുന്നുണ്ട്.
എന്നിരുന്നാലും, രോഗബാധയുണ്ടായിട്ടും ഇഞ്ചിയുടെ പ്രകന്ദങ്ങളെ ഇവ നേരിട്ട് ബാധിക്കുന്നില്ലെന്നതാണ് ആശ്വാസം. രോഗം ബാധിച്ച ഇലകൾ ഉണങ്ങി വീണതിനു ശേഷം പുതിയ നാമ്പുകൾ വീണ്ടും മുളച്ചു വരുന്നതായും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അതിനാൽ കൃഷിയെ പൂർണ്ണമായും ഉപേക്ഷിക്കേണ്ട സാഹചര്യമില്ലെങ്കിലും കർശനമായ നിരീക്ഷണവും പ്രാഥമിക തലത്തിൽ തന്നെ കുമിൾനാശിനി പ്രയോഗവും നിർബന്ധമാണ്.
കഴിഞ്ഞ വർഷം ആറുമുതൽ ഏഴുമാസം പ്രായമായ ഇഞ്ചിയെയാണ് ബാധിച്ചതെങ്കിൽ ഈ വർഷം മൂന്നുമുതൽ നാലുമാസം പ്രായമായ ഇഞ്ചിച്ചെടികളിലാണ് രോഗബാധ വ്യാപകമായുള്ളത്. രാത്രികാലങ്ങളിലെ കുറഞ്ഞ താപനിലയും ഉയർന്ന ആർദ്രതയും രോഗവ്യാപനത്തിനു കരണമാകുന്നതെന്നാണ് പ്രാഥമിക നിഗമനം.
വായുവിലൂടെയും, രോഗം ബാധിച്ച വിത്തുകൾ, ചെടികളുടെ അവശിഷ്ടങ്ങൾ എന്നിവയിലൂടെയും ഈ കുമിൾ പടരുമെന്നതിനാൽ കർഷകർ കൃത്യമായ മുൻകരുതലുകൾ സ്വീകരിക്കേണ്ടതുണ്ട്. രോഗം നിയന്ത്രിക്കാൻ കർഷകർ പാലിക്കേണ്ട പ്രധാന ശുപാർശകൾ ഗവേഷകർ വ്യക്തമാക്കിയിട്ടുണ്ട്.
വിത്തുകൾ നടുന്നതിനുമുൻപ് പ്രൊപികോണാസോൾ (Propiconazole ) 1 മില്ലി/ലിറ്റർ അല്ലെങ്കിൽ കാർബെണ്ടാസിം (Carbendazim ) മാങ്കോസെബ്ബ് (Mancozeb ) എന്നിവ 2 ഗ്രാം/ലിറ്റർ ലായനിയിൽ വിത്തുകൾ അരമണിക്കൂർ മുക്കി വെക്കുന്നതാണ് ഉചിതം. കൂടാതെ, പ്രതിരോധ നടപടിയെന്ന നിലയിൽ പ്രൊപികോണാസോൾ അല്ലെങ്കിൽ ടെബുകൊണസോൾ (Tebuconazole) 1 മില്ലി/ലിറ്റർ ചേർത്തുള്ള കുമിൾ നാശിനി സ്പ്രേ ചെയ്‌യുന്നതും രോഗസാധ്യത കുറക്കാൻ സഹായിക്കും.

ഇലകളിൽ കറുപ്പുനിറത്തിലുള്ള ചെറു പാടുകൾക്കു ചുറ്റും മഞ്ഞനിറത്തിലാകുന്ന അവസ്ഥ കാണുന്ന ഉടൻ തന്നെ മേല്പറഞ്ഞ കുമിൾനാശിനികൾ പ്രയോഗിക്കണം. തുടർന്ന് 10-15 ദിവസത്തെ ഇടവേളയിൽ അതെ കുമിൾനാശിനിയോ അല്ലെങ്കിൽ ടെബുകൊണസോളും അസോക്‌സിസ്ട്രോബിനും (Tebuconazole + Azoxystrobin) ചേർന്നുള്ള കുമിൾനാശിനിയോ പ്രയോഗിക്കുന്നത് ഉപയോഗപ്രദമായികാണുന്നുണ്ട്. രോഗബാധയുള്ള സ്ഥലങ്ങളിൽ താത്കാലികമായി ഇഞ്ചി കൃഷി ഒഴിവാക്കാനാണ് നിർദ്ദേശം.
Tag: Learn about pyricularia disease in ginger and the preventive measures suggested by the Indian Institute of Spices Research for effective management.