മാര്‍പാപ്പ ആശുപത്രി വിട്ടു, വിശ്വാസികളെ ആശിര്‍വദിച്ചു
വത്തിക്കാന്‍ സിറ്റി: ശ്വാസകോശ അണുബാധയെ തുടര്‍ന്ന് 38 ദിവസം ആശുപത്രിയില്‍ കഴിഞ്ഞ ഫ്രാന്‍സിസ് മാര്‍പാപ്പ ആശുപത്രി വിട്ടു. പലതവണ ഗുരുതരാവസ്ഥയിലായ മാര്‍പാപ്പയുടെ നില ഏറെ മെച്ചപ്പെട്ടിരുന്നു. ഇന്നലെ അദ്ദേഹം ആശുപത്രി മട്ടുപ്പാവില്‍ നിന്ന് വിശ്വാസികളെ അഭിസംബോധന ചെയ്തു. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ശേഷം ഇതാദ്യമായാണ് മാര്‍പാപ്പ വിശ്വാസികളെ കാണുന്നത്. നേരത്തെ ആശുപത്രി ചാപ്പലില്‍ അദ്ദേഹം കുര്‍ബാന അര്‍പ്പിച്ചിരുന്നു. രണ്ടു മാസത്തെ വിശ്രമം മാര്‍പാപ്പയ്ക്ക് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.
ഞായറാഴ്ചയായ ഇന്നലെ ജെമിലി ആശുപത്രിയിയിലെ പത്താം നിലയില്‍ ജനലരികില്‍ വീല്‍ ചെയറിലിരുന്നുകൊണ്ട് മാര്‍പ്പാപ്പ വിശ്വാസികള്‍ക്ക് ആശീര്‍വാദം നല്‍കുകയും അവരുടെ പ്രാര്‍ഥനകള്‍ക്ക് നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു. നൂറുകണക്കിന് വിശ്വാസികളാണ് ആശുപത്രി പരിസരത്ത് മാര്‍പാപ്പയെ ഒരുനോക്ക് കാണാനായി തടിച്ചുകൂടിയത്. മാര്‍പാപ്പ ഉടന്‍ വത്തിക്കാനിലെ വസതിയിലേക്ക് മടങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ബ്രോങ്കെറ്റിസ് ബാധയെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ മാര്‍പാപ്പയെ ജെമിലി ആശുപത്രിയില്‍ ഫെബ്രുവരി 14നാണ് പ്രവേശിപ്പിച്ചത്. ഇരട്ട ന്യൂമോണിയ ബാധിതനും കൂടിയായതോടെ മാര്‍പാപ്പയുടെ ആരോഗ്യനില കൂടുതല്‍ വഷളായിരുന്നു.
കഴിഞ്ഞ ആഴ്ച മുതല്‍ മാര്‍പാപ്പയുടെ ആരോഗ്യനിലയില്‍ നല്ല പുരോഗതി ദൃശ്യമായി.
വളരെ സങ്കീര്‍ണമായ രോഗാവസ്ഥയെയാണ് 88 വയസുകാരനായ ഫ്രാന്‍സിസ് മാര്‍പാപ്പ അതിജീവിച്ചത്.
ശ്വസനനാളത്തില്‍ വലിയ അണുബാധയും ബാക്ടീരിയല്‍ അണുബാധയും അദ്ദേഹത്തിനുണ്ടായിരുന്നു. പ്ലേറ്റ്‌ലെറ്റുകളുടെ കൗണ്ട് തീരെക്കുറവാണെന്നും വിളര്‍ച്ചയുണ്ടെന്നും ആശുപത്രിയിലെ ആദ്യ രക്തപരിശോധനയില്‍ കണ്ടെത്തിയിരുന്നു. ഫെബ്രുവരി 28ന് മാര്‍പാപ്പയ്ക്ക് കഠിനമായ ചുമയും ഛര്‍ദ്ദിയും അനുഭവപ്പെട്ടു. പിന്നീട് അദ്ദേഹത്തിന് ശ്വസിക്കാന്‍ സഹായിക്കുന്നതിന് ഒരു നോണ്‍ഇന്‍വേസീവ് മെക്കാനിക്കല്‍ വെന്റിലേഷന്‍ മാസ്‌ക് ഉപയോഗിക്കേണ്ടി വന്നു. ചികിത്സയുടെ ഒരു ഘട്ടത്തില്‍പ്പോലും അദ്ദേഹത്തിന് ബോധക്ഷയമുണ്ടായിട്ടില്ലെന്നും ചികിത്സയോട് അങ്ങേയറ്റം മനശക്തിയോടെയാണ് അദ്ദേഹം സഹകരിച്ചിരുന്നതെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി.