ഓക്സിജന്റെ കലവറയായ അരയാൽ മരങ്ങളെ ലോകവ്യാപകമായി സംരക്ഷിക്കാൻ പ്ലാൻ്റ്സ് ഔവർ പാഷൻ
ഓക്സിജന്റെ കലവറയായ അരയാൽ മരങ്ങളെ ലോകവ്യാപകമായി സംരക്ഷിക്കുകയെന്ന ലക്ഷ്യമിട്ട് പ്ലാൻ്റ്സ് ഔവർ പാഷൻ സംഘടന. ആഗോളതാപനം, അന്തരീക്ഷ മലിനീകരണം എന്നിവയുടെ പ്രതിരോധം ലക്ഷ്യമിട്ട് 134 അരയാൽ മരങ്ങൾ ആണ് ഈ സംഘടന നാടിനു സമർപ്പിച്ചത്. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും കേരളത്തിലെ എല്ലാ ജില്ലകളിലും 10 രാഷ്ട്രങ്ങളിൽ എങ്കിലും അരയാൽ മരത്തിൻ്റെ സന്ദേശം എത്തിക്കുക എന്നതായിരുന്നു 2024 ലെ ഇവരുടെ പ്രധാന ലക്ഷ്യം. ആഗോള താപനം ഉയരുന്ന സാഹചര്യത്തിൽ ജലവിതാനം താഴുകയും അന്തരീക്ഷത്തിൽ ഓക്സിജന്റെ അളവ് കുറയുകയും ചെയ്യുന്നു.
ദീർഘകാലം നിലനിൽക്കുന്നതും വലിയ അളവിൽ ഓക്സിജൻ പുറത്ത് വിടുന്നതുമായ വൃക്ഷം അരയാൽ ആണെന്ന തിരിച്ചറിവിൽ നിന്നാണ് ഇങ്ങനെയൊരു പദ്ധതി ആവിഷ്കരിച്ചത്. അന്തരീക്ഷ മലിനീകരണം തടയുക എന്നതും ഇതിന്റെ ലക്ഷ്യമാണ്.
2025 ജനുവരിയോടകം 134 അരയാൽ മരങ്ങൾ നട്ടു കഴിഞ്ഞു. അതിൽ 10 എണ്ണം യു .എ.ഇ യിലെ അജ്മാൻ,ഷാർജ, ദുബായ്, മുസഫ എന്നിവിടങ്ങളിലും, ഖത്തറിലും മദീനയിലും ഓരോന്ന് വീതവും ഇന്ത്യയിൽ കേരളത്തിന് പുറത്ത് ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്സിറ്റി, ബാംഗളൂർ ക്രൈസ്റ്റ് യൂണിവേഴ്സിറ്റി,ബേസ് യൂണിവേഴ്സിറ്റി, പ്രസിഡൻസി കോളേജ്,ഗ്രീൻ ഫീൽഡ് പബ്ലിക് സ്കൂൾ, ജെയിൻ ഹെറിറ്റേജ് സ്കൂൾ, മൈസൂർ ജെ. എസ്. എസ്. കോളേജ് തുടങ്ങിയ നിരവധി സ്ഥാപനങ്ങളിൽ അരയാൽ മരങ്ങൾ വെച്ച് പിടിപ്പിക്കാൻ ഇവർക്ക് കഴിഞ്ഞു.
കേരളത്തിൽ ഫറൂഖ് കോളജ്, പി.എസ്. എം. ഓ.കോളജ് തിരുരങ്ങാടി,എൻ. ഐ. ടി.കോഴിക്കോട്,കക്കോടി തപോവനം എന്നിവിടങ്ങളിലും നിരവധി ക്ഷേത്രങ്ങൾ, പള്ളികൾ, ചർച്ചുകൾ എന്നിവിടങ്ങളിലും അരയാൽ മരങ്ങൾ വെച്ച് പിടിപ്പിക്കാൻ സാധിച്ചു. 2025ൽ അരയാൽ സംരക്ഷണ വർഷമായി ആചരിക്കാനും ഇത് ഒരു ജീവിത ദൗത്യമായി തുടരാനും ആഗ്രഹിക്കുന്നുവെന്ന് പ്ലാൻ്റ്സ് ഔവർ പാഷൻ സംഘാടകർ പറഞ്ഞു .
ആൽമരങ്ങൾ വെച്ച് പിടിപ്പിച്ചു സംരക്ഷിക്കുന്നവരിൽ നിന്ന് ഒരാൾക്ക് പ്രചോദനമായി 10000/- രൂപയുടെ ക്യാഷ് അവാർഡ് നൽകും. വാർത്താ സമ്മേളനത്തിൽ പ്ലാൻ്റ്സ് ഔവർ പാഷൻ കോ ഫൗണ്ടർസ് ഓ. അബ്ദുൽ റഷീദ്, നൂറ സൈനെബ്, സോഷ്യൽ വെൽഫയർ സൊസൈറ്റി പ്രസിഡൻ്റ് വി.പി. ഉസ്മാൻ , സെക്രട്ടറി ഉസ്മാൻ. പി. ചെമ്പ്ര , ആർട്ട് ആൻഡ് ലിറ്ററെച്ചർ ഇനിഷ്യേറ്റീവ് കൺവീനർ മജീദ് ഭവനം എന്നിവർ പങ്കെടുത്തു.