Philippines earthquake 02/12/23 : ഫിലിപ്പൈന്‍സില്‍ 7.6 തീവ്രതയുള്ള ഭൂചലനം: സൂനാമി മുന്നറിയിപ്പ്
ഫിലിപ്പൈന്‍സില്‍ ശക്തമായ ഭൂചലനത്തെ തുടര്‍ന്ന് സുനാമി മുന്നറിയിപ്പ്. 7.6 തീവ്രതയുള്ള ഭൂചലനമാണ് മിന്‍ഡാനാവോയിലുണ്ടായതെന്ന് European-Mediterranean Seismological Centre (EMSC) അറിയിച്ചു. 63 കി.മി താഴ്ചയിലാണ് പ്രഭവ കേന്ദ്രം. ശക്തമായ ഭൂചലനത്തിനു പിന്നാലെ യു.എസ് സുനാമി വാണിങ് സെന്റര്‍ സുനാമി മുന്നറിയിപ്പ് നല്‍കി.
കഴിഞ്ഞ മാസവും തെക്കന്‍ ഫിലിപ്പൈന്‍സില്‍ 6.7 തീവ്രതയുള്ള ഭൂചലനമുണ്ടായിരുന്നു. തീരത്തോട് ചേര്‍ന്നുള്ള ഈ ഭൂചലനത്തില്‍ എട്ടു പേര്‍ കൊല്ലപ്പെട്ടിരുന്നു. നവംബര്‍ 17 നാണ് ഭൂചലനമുണ്ടായത്. സാരംഗാണി എന്ന പ്രദേശത്താണ് ഭൂചലനമുണ്ടായത്. പസഫിക് റിംഗ് ഓഫ് ഫയര്‍ എന്ന സ്ഥിരം ഭൂചലന മേഖലയിലാണ് ഫിലിപ്പൈന്‍സ്, ഇന്തോനേഷ്യ രാജ്യങ്ങള്‍ സ്ഥിതി ചെയ്യുന്നത്.
ഫിലിപ്പൈന്‍സ്, ജപ്പാന്‍ തീരങ്ങളിലാണ് സുനാമി സാധ്യതയെന്നും ഇന്ത്യന്‍ തീരങ്ങളില്‍ ആശങ്ക വേണ്ടെന്നും മെറ്റ്ബീറ്റ് വെതറിലെ ഓഷ്യനോഗ്രാഫര്‍ പറയുന്നു. അതിനിടെ, ബംഗ്ലാദേശിലും ലഡാക്കിലും ഇന്ന് രാവിലെ ഭൂചലനം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ശനിയാഴ്ച രാവിലെ 8.25 നാണ് 3.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. സംഭവത്തില്‍ നാശനഷ്ടമോ ആളപായമോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ഭൂനിരപ്പില്‍നിന്ന് 10 കിലോമീറ്റര്‍ ആഴത്തിലാണ് പ്രഭവകേന്ദ്രം.
അതേസമയം, ലഡാക്ക് ഭൂചലനത്തും മണിക്കുറുകള്‍ക്ക് മുന്‍പായി ബംഗ്ലാദേശിലും ഭൂചലനമുണ്ടായി. 5.6 തീവ്രത രേഖപ്പെടുത്തിയ വന്‍ ഭൂചലനത്തിന്റെ പ്രകമ്പനം ത്രിപുരയടക്കം പല വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും അനുഭവപ്പെട്ടു. ബംഗ്ലദേശില്‍ രാവിലെ 9.05 നാണ് ഭൂമി കുലുങ്ങിയത്. ഭൂനിരപ്പില്‍നിന്ന് 55 കിലോമീറ്റര്‍ ആഴത്തിലാണ് പ്രഭവകേന്ദ്രം.