കുരുമുളക് കൃഷിക്ക് വേനൽ മഴ ദോഷമോ?
ഡോ. ഗോപകുമാർ ചോലയിൽ
കാലാവസ്ഥാ വ്യതിയാനവും കൃഷിയും ഭാഗം-7 )
കുരുമുളകുല്പാദനത്തിൽ പൊതുവെ വേനൽമഴ പ്രതികൂല പ്രതികരണമാണ് സൃഷ്ടിക്കുന്നത്. എന്നാൽ, വേനൽ മാസങ്ങളിൽ മഴ തീരെ പെയ്യാത്ത സാഹചര്യങ്ങളിൽ മികച്ച പരിചരണത്തിന്റെ അഭാവം ഉള്ളതുമൂലം ചെറിയ കുരുമുളക് വള്ളികൾ നശിച്ചുപോകാറുണ്ട്. 2004 ൽ അനുഭവപ്പെട്ട കടുത്ത വരൾച്ചക്കാലത്ത് വയനാട്ടിലെ കുരുമുളക് തോട്ടങ്ങൾ പാടെ നശിച്ചുപോകാൻ കാരണം തത്പ്രദേശത്ത് അക്കൊല്ലമാനുഭവപ്പെട്ട കടുത്ത വരൾച്ചയുടെ ഫലമായി ജലസ്രോതസ്സുകൾ പാടെ വറ്റി പോയതുകൊണ്ടാണ്.
വേനൽ മഴയിലെ കുറവ് കുരുമുളകിന് അനുഗ്രഹം
കുരുമുളകിന് വേനൽ മഴ ദോഷകരമാണെങ്കിലും കാപ്പിയുടെ ഉല്പാദനത്തിൽ വേനൽ മഴക്ക് അനുകൂലപ്രതികരണമാണുള്ളത്. വേനൽ മഴതീരെ ലഭിക്കാത്ത സാഹചര്യങ്ങളിൽ കാപ്പിക്കുരു ഉത്പാദനം പിന്നോട്ട് പോകുകയും കുരുമുളകിന്റെ ഉത്പാദനം വർധിക്കുകയും ചെയ്യും. വേനൽ മഴയോടുള്ള ഇത്തരം വിരുദ്ധപ്രതികരണങ്ങൾ മൂലം സാധാരണയായി കാപ്പിത്തോട്ടങ്ങളിൽ കുരുമുളകും സമ്മിശ്രരീതിയിൽ കൃഷി ചെയ്തുവരുന്നു. ഉദാഹരണമായി 2003, 2008 വർഷങ്ങളിൽ മികച്ച വേനൽ മഴ ലഭിച്ചത് കാപ്പിക്കൃഷിക്ക് അനുഗ്രഹമായപ്പോൾ കുരുമുളക് വിളവിൽ ഇടിവുണ്ടായി. എന്നാൽ 2000, 2006 വർഷങ്ങളിൽ വേനൽ മഴ തീരെകുറവായിരുന്നു. ഇത് കുരുമുളകിൽ നിന്നും മികച്ച വിളവ് ലഭിക്കുന്നതിന് വഴിയൊരുക്കി. വേനൽ മഴ ലഭിക്കാത്ത സാഹചര്യങ്ങളിൽ മികച്ച കാലവർഷം ലഭിക്കുന്ന പക്ഷം കുരുമുളകിന്റെ വിളവെടുപ്പ് വളരെ മെച്ചപ്പെടും. നവംബര് മുതൽ മെയ് വരെ നീണ്ട് നിൽക്കുന്ന സുദീർഘമായ വരൾച്ചാ വേളകൾ, പക്ഷെ വടക്കൻ കേരളത്തിലെ ഇടനാട്, മലയോര പ്രദേശങ്ങളിലെ കശുമാവ്, കുരുമുളക്, കാപ്പി എന്നിവയുടെ ഉത്പാദനത്തെ പ്രതികൂലമായി ബാധിക്കാറില്ല.
അടുത്തകാലത്തായി വേനൽ മഴയിൽ പൊതുവെ കുറവ് അനുഭവപ്പെടുന്ന പ്രവണതയാണുള്ളത്. വേനൽമഴയിലുണ്ടാകുന്ന കുറവ് കാർഷിക മേഖലയെ പ്രതികൂലമായി ബാധിക്കുവാൻ സാധ്യതയുണ്ട്. എന്നാൽ, അതെ അവസ്ഥ കുരുമുളകിന് ഗുണകരമാണെങ്കിലും കാലാവര്ഷമഴയിൽ അനുഭവപ്പെടുന്ന കുറവ്, സ്ഥിരതയില്ലായ്മ, വിന്യാസത്തിലെ ക്രമമില്ലായ്മ എന്നിവ കുരുമുളക് ഉല്പാദനത്തിന് അങ്ങേയറ്റം ദോഷകരമാണ്. ജൂൺ -സെപ്തംബര് മാസങ്ങളിൽ പരക്കെ ലഭിക്കുന്ന കാലവർഷമഴയും കുരുമുളകിൽ സമൃദ്ധമായ വിളവിന് സഹായകമാകുന്നു.
വേനൽ മാസങ്ങളിലെ കാലാവസ്ഥയോട് കാപ്പിയും കുരുമുളകും പ്രദർശിപ്പിക്കുന്ന വിരുദ്ധ പ്രതികരണം മൂലം കാലാവർഷാശ്രിത കൃഷിരീതികൾ സ്വീകരിച്ചിരിക്കുന്ന സ്ഥലങ്ങളിൽ കാപ്പിയും കുരുമുളകും സംയോജിതമായി കൃഷി ചെയ്യുന്നത് നന്നായിരിക്കും. കാലാവസ്ഥ വ്യതിയാനത്തിന്റെ പശ്ചാത്തലത്തിൽ ഒരു നിശ്ചിത ഭൂപരിധിയിലുള്ള കൃഷിയിടങ്ങളിൽ നിന്ന് പരമാവധി വിപണി മൂല്യം നേടാൻ ഇത്തരം സംയോജിത കൃഷി രീതികൾ അവലംബിക്കുന്നതാണ് ഉത്തമം. (തുടരും )
(കാലാവസ്ഥ ശാസ്ത്രജ്ഞനും കാർഷിക സർവ്വകലാശാല മുൻ സയന്റിഫിക് ഓഫീസറുമാണ് ലേഖകൻ )