മഞ്ഞു വീഴ്ച : ഊട്ടിയിൽ താപനില വരും ദിവസങ്ങളിൽ പൂജ്യത്തിൽ എത്താൻ സാധ്യത
ഊട്ടിയിൽ അതിശൈത്യത്തിന്റെ വരവറിയിച്ച് മഞ്ഞുവീഴ്ച തുടങ്ങി. തിങ്കളാഴ്ച മഞ്ഞുവീഴ്ച ദൃശ്യമായത് ഊട്ടിയിലെ താഴ്ന്ന സ്ഥലങ്ങളിലാണ്. പഴയ കുതിരപ്പന്തയ മൈതാനം, റെയിൽവേ സ്റ്റേഷൻ പരിസരങ്ങൾ, എച്ച്പിഎഫ്, തലക്കുന്ത എന്നിവിടങ്ങളിലാണ് മഞ്ഞുവീഴ്ച അനുഭവപ്പെട്ടത്. കഴിഞ്ഞ ദിവസങ്ങളിൽ പകൽ കഠിനമായ വെയിലും രാത്രിയിൽ അതിശൈത്യവുമാണ് ഊട്ടിയിൽ അനുഭവപ്പെടുന്നത്.
മഞ്ഞുവീഴ്ചയുടെ മനോഹാരിത ആസ്വദിക്കാൻ സഞ്ചാരികളും എത്തിത്തുടങ്ങിയിട്ടുണ്ട്. താപനില രാത്രിയിൽ 4 മുതൽ 5 ഡിഗ്രി വരെയാണ്. വരും ദിവസങ്ങളിൽ ഇത് പൂജ്യത്തിലെത്താനാണ് സാധ്യതയെന്നും മുന്നറിയിപ്പുണ്ട്. ഇത്തവണ വൈകിയാണ് മഞ്ഞുവീഴ്ച തുടങ്ങിയത്. നവംബർ പകുതിയോടെ തുടങ്ങേണ്ട മഞ്ഞുവീഴ്ച കാലാവസ്ഥാ വ്യതിയാനം മൂലം ഇത്തവണ വൈകിയതാണ്.