കാലാവസ്ഥാ പ്രശ്‌നങ്ങൾക്കും വിതരണക്ഷാമത്തിനും ഇടയിൽ നാസിക്കിൽ ഉള്ളിവില 100 രൂപയിലെത്തി
ദീപാവലിക്ക് ശേഷം നാസിക്കിൽ ഉള്ളി വിലയിൽ കുത്തനെ വർധനവ് നേരിടുകയാണ്. ഇത് ഉപഭോക്താക്കളെയും കർഷകരെ ദുരിതത്തിലാക്കുകയും ചെയ്യുന്നു. ഉള്ളിയുടെ ചില്ലറ വിൽപന വില കിലോഗ്രാമിന് 100 രൂപയിലെത്തി.
മഴയുടെ തിരിച്ചുവരവ് ഉള്ളി ഉൽപ്പാദനത്തെ സാരമായി ബാധിക്കുകയും ആയിരക്കണക്കിന് ഹെക്ടർ വിളകൾ വെള്ളത്തിനടിയിലാകുകയും കർഷകർക്ക് വൻ നഷ്ടമുണ്ടാക്കുകയും ചെയ്തു. പരിമിതമായ സ്റ്റോക്ക് ശേഷിക്കുന്നതിനാൽ, വിതരണ ശൃംഖല തടസ്സപ്പെട്ടു, ഇത് വില കൂടുതൽ വർദ്ധിപ്പിക്കുന്നു. ലഭ്യതക്കുറവും പ്രതികൂല കാലാവസ്ഥയും കാരണം ഉള്ളിയുടെ വിൽപനയും വിപണിയിൽ കുറഞ്ഞു.
ഒക്ടോബറിൽ നാസിക് ജില്ലയിൽ കനത്ത മഴയാണ് ലഭിച്ചത്. കനത്ത മഴ വിളവെടുപ്പ് വൈകിപ്പിച്ചു, വ്യാപകമായ മഴ വിളകളെ ബാധിച്ചു. എല്ലാ വർഷവും ഈ സീസണിൽ സവാള, ഉള്ളിവില വർധിക്കാറുണ്ട്. അതിനാൽ തന്നെ മൊത്തം വ്യാപാര കേന്ദ്രങ്ങളിലേക്ക് ഉള്ളിയുടെ വരവ് ഗണ്യമായി കുറഞ്ഞിട്ടുണ്ട്.
വിലക്കയറ്റം നേരിടാൻ കേന്ദ്രസർക്കാർ നാഫെഡും ഫെഡറേഷനും വഴി 5000 ടൺ ഉള്ളി സംഭരിക്കാൻ തുടങ്ങി. മൊത്തത്തിലുള്ള ഉള്ളിയുടെ വില നിലവിൽ ക്വിൻ്റലിന് 1,600 രൂപ മുതൽ 3,000 രൂപ വരെയാണ്, എന്നാൽ വിപണി വില ഉയർന്ന നിലയിൽ തുടരുന്നതിനാൽ ഉപഭോക്താക്കൾക്ക് ആശ്വാസം ലഭിക്കാൻ സാധ്യതയില്ല.
ഇതിനകം തന്നെ ഉൽപ്പാദന നഷ്ടവുമായി പൊറുതിമുട്ടിയ കർഷകരെ ക്ഷാമം കൂടുതൽ ബാധിച്ചു. അതേസമയം പൂഴ്ത്തിവെപ്പുകാർ സാഹചര്യം മുതലെടുക്കുന്നു. അടുത്ത ഒന്ന് മുതൽ ഒന്നര മാസം വരെ ഉള്ളി വില ഉയർന്ന നിലയിൽ തുടരുമെന്ന് വ്യാപാരികൾ പറയുന്നു. ഇത് ഉയർന്ന നിരക്കിൽ ഉള്ളി വാങ്ങുന്നത് തുടരാൻ ഉപഭോക്താക്കളെ നിർബന്ധിതരാക്കുന്നുണ്ട്.
കർഷകർക്കും ഉപഭോക്താക്കൾക്കും ന്യായമായ വില ഉറപ്പാക്കിക്കൊണ്ട് ഇത്തരം പ്രശ്നങ്ങൾ ലഘൂകരിക്കുന്നതിന് മെച്ചപ്പെട്ട ആസൂത്രണത്തിൻ്റെയും സംഭരണ സൗകര്യങ്ങളുടെയും ആവശ്യകതയാണ് നിലവിലെ പ്രതിസന്ധി ഉയർത്തിക്കാട്ടുന്നത്.