Oman weather updates 19/08/24: ന്യൂനമര്‍ദം: മിന്നല്‍പ്രളയ സാധ്യത, വിമാന സര്‍വിസുകള്‍ റദ്ദാക്കി
ന്യൂനമര്‍ദത്തെ തുടര്‍ന്ന് ഒമാനില്‍ ഇന്നു മുതല്‍ കനത്ത മഴക്കും മിന്നല്‍ പ്രളയത്തിനും സാധ്യത. നിരവധി വിമാന സര്‍വിസുകള്‍ റദ്ദാക്കുകയോ വഴി തിരിച്ചുവിടുകയോ ചെയ്തു. ഒമാനില്‍ ഓഗസ്റ്റ് 21 വരെ മിന്നല്‍ പ്രളയത്തിനും കനത്ത മഴക്കും കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ടെന്നാണ് സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ മുന്നറിയിപ്പ്.
മസ്‌കത്ത്, തെക്കന്‍ ശര്‍ഖിയ, അല്‍ വുസ്ത, ദോഫാര്‍ ഗവര്‍ണറേറ്റുകളില്‍ കനത്ത മഴ സാധ്യതയുണ്ട്. ഇവിടെ ശക്തമായ കാറ്റും വീശും. കടല്‍ പ്രക്ഷുബ്ധമാകാനും ഉയര്‍ന്ന തിരമാലകള്‍ക്കും സാധ്യത. മഴ ശക്തമാകുമ്പോള്‍ വാദികള്‍ (നീര്‍ച്ചാലുകള്‍) നിറഞ്ഞൊഴുകാനും വെള്ളക്കെട്ടുണ്ടാകുകയും ചെയ്യുമെന്ന് മുന്നറിയിപ്പുണ്ട്.കൂടാതെ താമസക്കാര്‍ ജാഗ്രത പാലിക്കാനും ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കാനും സെന്റര്‍ അധികൃതർ പറഞ്ഞു.
2024 ഓഗസ്റ്റ് 19 തിങ്കളാഴ്ച മുതല്‍ 2024 ഓഗസ്റ്റ് 21 ബുധനാഴ്ച വരെയാണ് മഴ സാധ്യത പ്രവചിച്ചിട്ടുള്ളത്.വ്യത്യസ്ത തീവ്രതയുള്ളയും ഒറ്റപ്പെട്ടതുമായ മഴയാണ് പ്രവചിച്ചിട്ടുള്ളത്. സൗത്ത് അല്‍ ഷര്‍ഖിയ, നോര്‍ത്ത് അല്‍ ശര്‍ഖിയ, അല്‍ ദാഖിലിയ, അല്‍ വുസ്ത, ദോഫാര്‍, മസ്‌കറ്റിന്റെ ചില ഭാഗങ്ങള്‍, സൗത്ത് അല്‍ ബത്തിന, അല്‍ ദാഹിറ, അല്‍ ഹജര്‍ മലനിരകള്‍, സമീപ പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ മഴയ്‌ക്കൊപ്പം ശക്തമായ ഇടിമിന്നലിനും സാധ്യത.
കനത്ത മഴയെ തുടര്‍ന്ന് സലാല വിമാനത്താവളം താല്‍ക്കാലികമായി അടച്ചിരുന്നു. ഇതോടെയാണ് വിമാന സര്‍വിസ് താറുമാറായത്. സലാലയ്ക്കും മസ്‌കത്തിനും ഇടയിലുള്ള വിമാന സര്‍വിസുകള്‍ വൈകിയെന്ന് ഒമാന്‍ എയര്‍ അറിയിച്ചു. യാത്രക്കാര്‍ക്കുണ്ടായ അസൗകര്യത്തില്‍ ഒമാന്‍ എയര്‍ ക്ഷമാപണം നടത്തി.
ഒമാനില്‍ കനത്ത മഴ മുന്നറിയിപ്പ് തുടരുമെന്ന് നാഷനല്‍ സെന്റര്‍ ഓഫ് ഏര്‍ളി വാണിങ് മുന്നറിയിപ്പ് നല്‍കി. ബുധന്‍ വരെയാണ് കനത്ത മഴ മുന്നറിയിപ്പുള്ളത്. മസ്‌കത്തിന്റെ ചിലഭാഗങ്ങളിലും അല്‍ ഹജര്‍ പര്‍വത നിരകളുടെ പ്രദേശങ്ങളിലും മലവെള്ളപ്പാച്ചില്‍ സാധ്യത.
ഹജര്‍ മലനിരകളില്‍ ഇടിയോടെ കനത്ത മഴ ലഭിക്കും. വാദികള്‍ നിറഞ്ഞൊഴുകാന്‍ സാധ്യതയുള്ളതിനാല്‍ തീരത്തുള്ളവരെ മാറ്റിപാര്‍പ്പിക്കും. മറ്റു താമസക്കാര്‍ക്ക് ജാഗ്രതാ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.
ആഗസ്ത് 21 ബുധനാഴ്ച ഇടയ്ക്കിടെ ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. അല്‍ വുസ്ത, ദോഫാര്‍ ഗവര്‍ണറേറ്റുകളിലും അല്‍ ഹജര്‍ പര്‍വതനിരകളിലും സമീപ പ്രദേശങ്ങളിലും ഉച്ചയ്ക്കും വൈകുന്നേരവും മേഘങ്ങള്‍ രൂപപ്പെടാന്‍ സാധ്യത. ഇവിടങ്ങളില്‍ 25 മില്ലിമീറ്റര്‍ വരെ മഴ പെയ്താല്‍ ചില പ്രദേശങ്ങളില്‍ വാദികളുടെ ഒഴുക്ക് വർദ്ധിക്കും . 65 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാനും സാധ്യത.
കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.
വാട്‌സ്ആപ്
ടെലഗ്രാം
വാട്‌സ്ആപ്പ് ചാനല്‍
Google News
Facebook Page
Weatherman Kerala Fb Page