സൗദി ശൈത്യകാലത്തിലേക്ക് ; വരും ദിവസങ്ങളിൽ താപനില കുറയുമെന്ന് NCM
വരും ദിവസങ്ങളിൽ സൗദിയിൽ താപനില കുറയുമെന്ന് എൻസിഎം അറിയിച്ചു. സൗദി അറേബ്യയിൽ ശൈത്യകാലത്തിന്റെ തുടക്കത്തിന്റെ സൂചനയായാണ് താപനില കുറയുന്നതെന്ന് കാലാവസ്ഥ നിരീക്ഷകർ പറഞ്ഞു. അതിർത്തി പ്രദേശങ്ങളായ അൽ ജൗഫ്, തബൂക്ക്, ഹായിൽ തുടങ്ങിയ മേഖലയിൽ അടുത്ത ദിവസങ്ങളിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. മണിക്കൂറിൽ കാറ്റിന്റെ ശക്തി കൂടുമെന്നും കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നൽകി.
രാജ്യത്തിന്റെ വിവിധ സ്ഥലങ്ങളിൽ ഇടിമിന്നലും അനുഭവപ്പെട്ടേക്കാം. ഡിസംബർ പകുതി ആകുമ്പോഴേക്കും രാജ്യം പൂർണ്ണമായും തണുപ്പിലേക്ക് മാറും. റിയാദിലും, ജിദ്ദയിലും താപനില 33 ഡിഗ്രി സെൽഷ്യസും ദമ്മാമിൽ 29 ഡിഗ്രി സെൽഷ്യസും ആയിരിക്കും. അബഹയിൽ 25 ഡിഗ്രി സെൽഷ്യസും മദീനയിൽ 32 ഡിഗ്രി സെൽഷ്യസും ആയിരിക്കും താപനില വരും ദിവസങ്ങളിൽ.
നവംബർ അവസാനം വലിയ രീതിയിൽ തണുപ്പ് വരേണ്ട സമയം ആണ്. എന്നാൽ രാജ്യത്തിന്റെ പല ഭാഗത്തും വലിയ രീതിയിലുള്ള ഒരു തണുപ്പ് അനുഭവപ്പെട്ടിട്ടില്ല. അതിനാൽ ഡിസംബർ ആകുമ്പോഴേക്കും രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ കൊടും തണുപ്പായിരിക്കും ഉണ്ടായിരിക്കുക.
അന്തരീക്ഷ ഊഷ്‌മാവും 20 ഡിഗ്രി സെൽഷ്യസിൽ താഴേക്ക് താഴുമെന്നാണ് ഇപ്പോൾ കാലാവസ്ഥ നിരീക്ഷ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നത്. പകൽസമയങ്ങളിൽ രാജ്യത്തിെൻറ മിക്ക ഭാഗങ്ങളിലും ഇപ്പോഴും ചൂട് അനുഭവപ്പെടുന്നുണ്ട്. എന്നാൽ അടുത്ത മാസം ഈ രീതി മാറി രാജ്യം തണുപ്പിലേക്ക് പോകും.