പ്രകൃതി ദുരന്തങ്ങളും ജലാശയ മലിനീകരണവും: ഫോഡോറിന്റെ സന്ദര്‍ശിക്കാന്‍ പാടില്ലാത്ത സ്ഥലങ്ങളുടെ പട്ടികയില്‍ കേരളവും
2025 ല്‍ സന്ദര്‍ശിക്കാന്‍ പാടില്ലാത്തതും സന്ദര്‍ശിക്കേണ്ടതുമായ സ്ഥലങ്ങളുടെ പട്ടിക പുറത്തിറക്കി യു.എസിലെ ട്രാവല്‍ ഉപദേശക ഏജന്‍സിയായ ഫോഡോർ. പട്ടികയില്‍ സന്ദര്‍ശിക്കാന്‍ പാടില്ലാത്ത നോ ലിസ്റ്റ് ഗണത്തില്‍ കേരളവും ഉൾപ്പെടുന്നു. ആകെ 15 സ്ഥലങ്ങളുടെ പേര് ഉള്‍പ്പെടുന്ന പട്ടികയിലാണ് കേരളവും ഉൾപ്പെട്ടിട്ടുള്ളത്. പട്ടികയിലുള്ള രാജ്യത്തെ ഏക സ്ഥലം കേരളമാണ്. കേരളത്തിന് നല്‍കിയിരിക്കുന്നത് മോശമാകാന്‍ തുടങ്ങിയ ഇടം എന്ന വിശേഷണമാണ്. മേഘാലയയാണ് സന്ദര്‍ശിക്കേണ്ട സ്ഥലങ്ങളുടെ ഗോ ലിസ്റ്റില്‍ ഇന്ത്യയില്‍ നിന്നും ഇടംപിടിച്ചത്.
കേരളത്തിന് തിരിച്ചടിയായത് തുടരെയുണ്ടായ പ്രകൃതി ദുരന്തങ്ങളും സംസ്ഥാനത്തെ ജലാശയങ്ങള്‍ മലിനമാണെന്ന പ്രചാരണവുമാണ്. പരിധിവിട്ട വിനോദ സഞ്ചാരം കേരളത്തില്‍ പ്രകൃതി ദുരന്തത്തിന്റെ സാധ്യത വര്‍ധിപ്പിച്ചുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. 2015നും 2022നും ഇടയില്‍ ഇന്ത്യയില്‍ നടന്ന 3,782 മണ്ണിടിച്ചില്‍ ദുരന്തങ്ങളില്‍ 60 ശതമാനവും നടന്നത് കേരളത്തിലാണെന്നും റിപ്പോർട്ടിൽ പറയുന്നു. ഇത് സംസ്ഥാനത്തെ ദുരന്ത സാധ്യത വർദ്ധിപ്പിക്കുന്നു എന്നാണ് കണ്ടെത്തൽ. സംസ്ഥാനത്തെ പ്രധാന ടൂറിസം കേന്ദ്രങ്ങളിലൊന്നും സംരക്ഷിത വിഭാഗത്തില്‍ പെടുന്നതുമായ വേമ്പനാട് കായലില്‍ മലിനീകരണം വര്‍ധിച്ചതും റിപ്പോര്‍ട്ടില്‍ എടുത്തുപറയുന്നുണ്ട് .
കണ്ടിരിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ സ്ഥലങ്ങള്‍ അടയാളപ്പെടുത്തുന്ന ഫോഡോറിന്റെ ഗോ ലിസ്റ്റും നോ ലിസ്റ്റും ആഗോളതലത്തില്‍ ശ്രദ്ധിക്കപ്പെടുന്ന ഒന്നാണ്. ഇത്തരത്തിലുള്ള പട്ടിക 85 വര്‍ഷമായി ഫോഡോര്‍ പുറത്തിറക്കാറുണ്ട്. എന്നാല്‍, ബഹിഷ്‌ക്കരിക്കേണ്ട സ്ഥലങ്ങളുടെ പട്ടികയല്ല, മറിച്ച് പ്രശ്നപരിഹാരത്തിന്റെ ആദ്യ ഘട്ടം ഇത്തരത്തിലൊരു പ്രശ്നമുണ്ടെന്ന് തിരിച്ചറിയലാണെന്നാണ് ഇവർ പറയുന്നത്.