മൂന്നാർ വട്ടവട ക്ലാവരയിൽ ഭൂമി വിണ്ടുകീറി; സംഭവം വട്ടവട– തമിഴ്നാട് അതിർത്തിയിൽ
മൂന്നാർ വട്ടവട ക്ലാവരയിൽ തമിഴ്നാടിന്റെ ഉടമസ്ഥയിലുള്ള അതിർത്തി മേഖലയിൽ ഭൂമിയിൽ വൻ വിള്ളൽ ഉണ്ടായി. കേരളത്തിന്റെ അതിർത്തിയായ ക്ലാവരയിൽ നിന്ന് അര കിലോമീറ്റർ ദൂരത്തായാണ് തമിഴ്നാടിന്റെ ഉടമസ്ഥതയിലുള്ള ഭൂമി കഴിഞ്ഞ ദിവസം വിണ്ടുകീറിയതായി കണ്ടെത്തിയത്. മലഞ്ചെരിവിൽ 300 മീറ്റർ നീളത്തിലാണ് വിള്ളൽ ഉണ്ടായിരിക്കുന്നത്. ഇതോടെ മഴ പെയ്യുമ്പോൾ ഈ മേഖല അപകടഭീഷണിയിലാണ്. വട്ടവട കൊട്ടാക്കമ്പൂരിൽ നിന്ന് 11 കിലോമീറ്റർ ദൂരത്താണ് ക്ലാവര അതിർത്തി.
കേരളത്തിലെ അവസാനത്തെ ജനവാസ മേഖല ക്ലാവരയ്ക്ക് സമീപമുളള കടവരിയാണ് . കടവരിയിൽ നിന്നു വനംവകുപ്പ് അനുമതിയോടെ മാത്രമേ നാലു കിലോമീറ്റർ ദൂരെ ക്ലാവരയ്ക്ക് സഞ്ചരിക്കാൻ പറ്റൂ. ക്ലാവരയുടെ താഴ്ഭാഗത്തുള്ള ഗ്രാമത്തിൽ ആയിരത്തിലധികം കുടുംബങ്ങൾ താമസിക്കുന്നുണ്ട്. ഭൂമി വിണ്ടുകീറിയതിനെ തുടർന്ന് ഇതുവഴി ഒഴുകിയിരുന്ന ചെരുപ്പൻ തോട് എന്ന ജല സ്രോതസ്സ് കഴിഞ്ഞ ദിവസം അപ്രത്യക്ഷമായി പോയി. ഇതോടെ രണ്ടായിരത്തിലധികം ഹെക്ടർ സ്ഥലത്തെ കൃഷിക്കാവശ്യമുള്ള വെള്ളവും ഇല്ലാത്ത സാഹചര്യമാണ്.
അതേസമയം ഭൂമിയിൽ വൻ വിള്ളൽ ഉണ്ടായ പ്രദേശത്ത് വിദഗ്ദർ പരിശോധന നടത്തി. കേരളത്തിൽ കാലവർഷം ശക്തമായി പെയ്തതിനെ തുടർന്ന് അതിർത്തി പ്രദേശമായ ക്ലാവരയിലും വൻ മഴ ലഭിച്ചിട്ടുണ്ടായിരുന്നു . ഇതെ തുടർന്ന് ഇതുവഴി ഒഴുകിയിരുന്ന ചെരുപ്പൻ തോട്ടിൽ വലിയ ഒഴുക്ക് ഉണ്ടായതാണ് ഭൂമി 300 മീറ്റർ നീളത്തിൽ വിണ്ടുകീറി രണ്ടായി മാറിയതിന് കാരണമെന്ന് സ്ഥലത്ത് പരിശോധന നടത്തിയ ഉദ്യോഗസ്ഥർ പറഞ്ഞു. കൊടൈക്കനാൽ എയ്റോ ഫിസിക്സ് റിസർച് സെന്റർ, ജിയോളജി വകുപ്പ് എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥർ ആണ് സ്ഥലം സന്ദർശിച്ച് പരിശോധന നടത്തിയത്.
പ്രദേശത്ത് മലയിടിച്ചിൽ ഭീഷണിയില്ലെന്നും ക്ലാവര താഴ്ഭാഗത്ത് താമസിക്കുന്ന ആയിരത്തിലധികം കുടുംബങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. ഡിണ്ടിഗൽ എംപി സച്ചിതാനന്ദം, പളനി എംഎൽഎ ഇ.ബി.സെന്തിൽകുമാർ, മുൻസിപ്പൽ ചെയർമാൻ ചെല്ലദുരെ തുടങ്ങിയവർ ഇന്നലെ അപകടമേഖല സന്ദർശിച്ചിരുന്നു.
കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.
വാട്‌സ്ആപ്
ടെലഗ്രാം
വാട്‌സ്ആപ്പ് ചാനല്‍
Google News
Facebook Page
Weatherman Kerala Fb Page