മുല്ലപ്പെരിയാര്‍, ഇടുക്കി ഡാം: പ്രളയ മുന്നറിയിപ്പിന് ഐ.എസ്.ആര്‍.ഒ ചെയര്‍മാനെ കണ്ട് മന്ത്രി സുരേഷ് ഗോപി
കേരളത്തിലെ മുല്ലപ്പെരിയാര്‍, ഇടുക്കി ഡാമുകളും പ്രളയ സാധ്യതകളെയും കുറിച്ച് പഠിക്കുന്ന വിഷയം ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര പെട്രോളിയം പ്രകൃതി വാതക സഹ മന്ത്രി സുരേഷ് ഗോപി ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ എസ്. സോമനാഥുമായി കൂടിക്കാഴ്ച നടത്തി.
ബംഗളൂരുവിലെ അന്തരീക്ഷ് ഭവനില്‍ ആണ് ഇന്ന് കൂടിക്കാഴ്ച നടത്തിയത്. ബഹിരാകാശ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് മുല്ലപ്പെരിയാര്‍, ഇടുക്കി ഡാമുകളെ കുറിച്ച് പഠിക്കാന്‍ കഴിയുമോ എന്ന് മന്ത്രി ഐ.എസ്.ആര്‍.ഒ ചെയര്‍മാനോട് ആരാഞ്ഞു. ഡാമുകളുടെ സുരക്ഷ, പ്രളയഭീഷണി തുടങ്ങിയവ പ്രതിരോധിക്കാന്‍ എന്തെല്ലാം കാര്യങ്ങളാണ് ഉപഗ്രഹ സാങ്കേതിക വിദ്യ ഉപയോഗിച്ച് ചെയ്യാനാകുക എന്നും അദ്ദേഹം ചോദിച്ചു.
കാലാവസ്ഥാ വ്യതിയാനം മൂലം രാജ്യത്താകമാനം രൂക്ഷമായ കാലാവസ്ഥാ സ്ഥിതിയാണെന്നും അതിനാല്‍ രണ്ട് ഡാമുകളിലെയും സാഹചര്യം അടിയന്തരമായി വിലയിരുത്തണമെന്നും സുരേഷ് ഗോപി പറഞ്ഞു. പ്രളയ സാധ്യത നേരത്തെ കണ്ടെത്താന്‍ ഉയര്‍ന്ന റസല്യൂഷനിലുള്ള ഉപഗ്രഹ ചിത്രങ്ങളും ഭൂമിശാസ്ത്രപരമായ വിവരങ്ങളും ഉപയോഗിക്കാനാകുമെന്ന് ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ പറഞ്ഞു.
ഇത്തരം സാങ്കേതിക വിദ്യ ഉപയോഗിച്ച് തയാറാക്കുന്ന വിവരങ്ങള്‍ കാലാവസ്ഥാ ഗവേഷകര്‍ക്ക് കൈമാറുമെന്ന് എസ്. സോമനാഥ് മന്ത്രിക്ക് ഉറപ്പു നല്‍കി. പ്രളയസാധ്യതയും രക്ഷാപ്രവര്‍ത്തനവും പുനരധിവാസവും ഉപഗ്രഹ സഹായത്തോടെ സാധ്യമാക്കുന്ന സംവിധാനത്തിന്റെ മാതൃക തയാറാക്കാനും ഐ.എസ്.ആര്‍.ഒ ചെയര്‍മാനോട് മന്ത്രി നിര്‍ദേശിച്ചു.
അണക്കെട്ടുകളിലെ ചെളിയുടെയും മണലിന്റെയും വ്യാപ്തി, സ്വഭാവം, അവ പ്രാദേശിക വ്യവസായങ്ങള്‍ക്ക് ഉപകാരപ്പെടുത്തേണ്ടതു പരിശോധിക്കുക തുടങ്ങിയവയും മന്ത്രി ആവശ്യമുന്നിയിച്ചു.
പെരിയാറിലെ പ്രളയ സാധ്യതയെ കുറിച്ചു പഠിക്കുന്ന സംഘത്തിലെ തലവന്‍ രാജഗിരി സ്‌കൂള്‍ ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്‌നോളജി കൊച്ചിയിലെ പ്രൊഫ. ഡോ. ജയ്‌സണ്‍ പോള്‍ മുലേറിക്കല്‍, ഉയര്‍ന്ന റെസല്യൂഷനിലുള്ള ഉപഗ്രഹ ചിത്രത്തിന്റെ ആവശ്യകതയെ കുറിച്ച് വ്യക്തമാക്കി.
ഭൂമിശാസ്ത്രപരമായ വിവരങ്ങളും പ്രളയത്തെ നേരിടാന്‍ ആവശ്യമാണെന്ന് ക്രിസ്റ്റ് കോളജ് ഓഫ് എന്‍ജിനീയറിങ്ങിലെ സുനില്‍ പോള്‍ പറഞ്ഞു. ഹൈദരാബാദ് ഐ.എസ്.ആര്‍.ഒ ഡയരക്ടര്‍ ഡോ. പ്രകാശ് ചൗഹാനും ചര്‍ച്ചയില്‍ പങ്കെടുത്തു. പ്രളയത്തെ കുറിച്ച് നേരത്തെ മുന്നറിയിപ്പ് നല്‍കുന്ന സംവിധാനം എന്‍.ആര്‍.എസ്.സിയില്‍ വികസിപ്പിച്ച വ്യക്തിയാണ് അദ്ദേഹം. ആന്ധ്രയിലെ ഗോധാവരി, തപി നദികളിലാണ് ഈ സംവിധാനം പരീക്ഷിച്ചത്.
കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.