മഴ കുറഞ്ഞു; മുല്ലപെരിയാർ തുറക്കുന്നത് മാറ്റി
നീരൊഴുക്ക് കുറഞ്ഞതിനെ തുടർന്ന് മുല്ലപ്പെരിയാർ അണക്കെട്ട് തുറക്കാനുള്ള തീരുമാനം മാറ്റി. ജലനിരപ്പ് 142 അടിയായി ഉയർന്നാൽ മാത്രം സ്പിൽവേ ഷട്ടറുകൾ തുറന്നാൽ മതിയെന്നാണ് തമിഴ്‌നാട് പൊതുമരാമത്ത് വകുപ്പിന്റെ പുതിയ തീരുമാനം.
ഇന്നലെ രാത്രി എട്ടിന് ഡാമിലെ ജലനിരപ്പ് 139 അടിയാണ്. വൃഷ്ടിപ്രദേശത്ത് മഴ കുറഞ്ഞതിനാൽ അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് 2000 ഘനയടിയായി കുറഞ്ഞു.
ചൊവ്വാഴ്ച രാവിലെ സെക്കൻഡിൽ 7000 ഘനയടിയായിരുന്നു നീരൊഴുക്ക്. തമിഴ്‌നാട് സെക്കൻഡിൽ 256 ഘനയടി ജലം ടണലിലൂടെ വൈഗ അണക്കെട്ടിലേക്ക് കൊണ്ടുപോകുന്നുണ്ട്. പരമാവധി സംഭരണശേഷിയോട് അടുത്ത വൈഗ ഡാമിൽ ജലനിരപ്പ് മാറ്റമില്ലാതെ തുടരുകയാണ്.