താമരശ്ശേരി ചുരത്തിൽ മണ്ണും മരവും റോഡിലേക്ക് പതിച്ചു; ഗതാഗതം പൂർണമായും നിലച്ചു
താമരശ്ശേരി ചുരത്തില്‍ ഇന്ന് വൈകിട്ട് 7 ഓടെ മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു. മണ്ണും പാറയും മരങ്ങളും റോഡിലേക്ക് വീഴുകയായിരുന്നു. ചുരം ഒന്‍പതാം വളവ് വ്യൂ പോയിന്റിനു സമീപമാണ് സംഭവം. ചുരംവഴി കടന്നുപോയ യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. ആംബുലന്‍സ് ഒഴികെയുള്ള വാഹനങ്ങള്‍ മറ്റു വഴി പോകണമെന്ന് പോലീസ് അറിയിച്ചു.

താമരശ്ശേരി ചുരം ഒൻപതാം വളവ് വ്യൂ പോയിന്റിന്റെ അടുത്തായി ആണ് മണ്ണും മരങ്ങളും കല്ലുകളും റോഡിലേക്ക് പതിച്ചത്. അതുവഴി കടന്ന് പോയ വാഹനങ്ങളിൽ നിന്നും യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴക്ക്.
ചുരത്തിലെ ഗതാഗതം പൂർണമായും സ്തംഭിച്ചിരിക്കുകയാണ്. ഫയർ ഫോഴ്സ്, ജെസിബി എന്നീ വാഹനങ്ങൾക്ക് സംഭവ സ്ഥലത്തേക്ക് എത്താൻ വഴി ഒരുക്കണമെന്നും പോലീസ്.
രാത്രി 9.40 ഓടെ ചുരത്തിൽ കുടുങ്ങിക്കിടന്ന വാഹനങ്ങൾ മാത്രം ഒരു വശത്ത് കൂടെ കടത്തിവിട്ടു. ഇരുഭാഗത്തുനിന്നും വാഹനങ്ങൾ പൂർണമായി കടത്തിവിട്ടശേഷം ചുരം അടയ്ക്കും. നാളെ രാവിലെ പരിശോധന കഴിഞ്ഞ ശേഷമേ ഇനി വാഹനഗതാഗതം ഉണ്ടാവുകയുള്ളൂ.

ലക്കിടിയിലും അടിവാരത്തും പോലീസും ചുരം സംരക്ഷണ സമിതി പ്രവർത്തകരും വാഹനങ്ങൾ തിരിച്ചുവിടുന്നുണ്ട്. പേരാമ്പ്ര കുറ്റ്യാടി ചുരം വഴി ആണ് വയനാട്ടിലേക്ക് പോകേണ്ടത്.