രണ്ടുദിവസത്തിനുള്ളിൽ കാലവർഷം ഡൽഹിയിലേക്ക്; വിമാനത്താവളത്തിന്റെ മേൽക്കൂര തകർന്നു ഒരു മരണം
കനത്തമഴയിൽ ഡൽഹി വിമാനത്താവളത്തിന്റെ മേൽക്കൂര തകർന്ന് വീണ് ഒരാൾ മരിച്ചതായി റിപ്പോർട്ട്. ടെർമിനൽ ഒന്നിന്റെ മേൽക്കൂരയാണ് ഭാഗികമായി തകർന്നു വീണത് . വെള്ളിയാഴ്ച പുലർച്ചെയുണ്ടായ അതിശക്തമായ മഴയിലാണ് അപകടം നടന്നത് . സംഭവത്തിൽ പരിക്കേറ്റ നാല് പേരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഒരാൾ ഇവിടെ കുടുങ്ങി കിടക്കുന്നതായി സംശയം ഉണ്ട്. നിരവധി വാഹനങ്ങളും കുടുങ്ങി കിടക്കുന്നുണ്ട്.
മൂന്ന് ഫയർ എൻജിനുകൾ രക്ഷാപ്രവർത്തനത്തിനായി വിമാനത്താവളത്തിൽ എത്തി. അതേസമയം, ഇടിയോട് കൂടിയ ശക്തമായ മഴയാണ് ഇന്ന് രാവിലെ ഡൽഹിയിൽ ഉണ്ടായത്. ഡൽഹിക്ക് പുറമേ ഗാസിയാബാദ് നോയിഡ എന്നിവിടങ്ങളിലും ശക്തമായ മഴ ലഭിച്ചിരുന്നു . കനത്ത മഴയിൽ ഡൽഹിയിലെ പല റോഡുകളിലും വെള്ളം കയറി.
ഡൽഹിയിൽ അടുത്ത രണ്ട് മണിക്കൂറിൽ ഇടിയോട് കൂടിയ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചത്. 20 മുതൽ 40 കിലോ മീറ്റർ വരെ വേഗതയുള്ള കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പും മുന്നറിയിപ്പ് നൽകുന്നു . വ്യാഴാഴ്ചയും ഡൽഹിയിൽ ശക്തമായ മഴ ലഭിച്ചിട്ടുണ്ടായിരുന്നു.
അതേസമയം കത്തുന്ന ചൂടിൽ നിന്ന് കൂടുതൽ ആശ്വാസം നൽകിയ മഴ, ദേശീയ തലസ്ഥാനത്തിൻ്റെ പല ഭാഗങ്ങളിലും വെള്ളക്കെട്ടിന് കാരണമായി.
തലസ്ഥാനത്തെ പ്രാഥമിക കാലാവസ്ഥാ കേന്ദ്രമായ സഫ്ദർജംഗ് ഒബ്സർവേറ്ററിയിൽ ഇന്ന് രാവിലെ വരെ 154 മില്ലിമീറ്റർ മഴ രേഖപ്പെടുത്തിയതായി ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) അറിയിച്ചു.
വ്യാഴാഴ്ച രാവിലെ പെയ്ത മഴയിൽ ഡൽഹിയിലെ താപനില 35.4 ഡിഗ്രി സെൽഷ്യസായി കുറഞ്ഞു. ജൂണിൽ ഇതുവരെ ഒമ്പത് ഉഷ്ണതരംഗങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്.
രണ്ടുദിവസത്തിനുള്ളിൽ കാലവർഷം ഡൽഹിയിലേക്ക്
അടുത്ത 2-3 ദിവസത്തിനുള്ളിൽ മൺസൂൺ ഡൽഹിയിൽ എത്തുമെന്ന് ഐഎംഡി വ്യാഴാഴ്ച അറിയിച്ചു.
അടുത്ത രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ തലസ്ഥാനത്ത് തെക്കുപടിഞ്ഞാറൻ മൺസൂണിൻ്റെ മുന്നേറ്റത്തിന് അനുകൂലമായ സാഹചര്യമുണ്ടാകുമെന്ന് ഐഎംഡി പ്രസ്താവനയിൽ പറഞ്ഞു.
ഐഎംഡി കണക്കുകൾ പ്രകാരം കഴിഞ്ഞ വർഷം ജൂൺ 26 നാണ് മൺസൂൺ ഡൽഹിയിൽ എത്തിയത്. ഇത് 2022 ജൂൺ 30 നും 2021 ജൂലൈ 13 നും 2020 ജൂൺ 25 നുമായിരുന്നു കാലവർഷം എത്തിയിരുന്നത്.അതേസമയം, രാജസ്ഥാൻ, ഹരിയാന, മധ്യപ്രദേശ്, ഉത്തർപ്രദേശ്, ബീഹാർ, പശ്ചിമ ബംഗാൾ, അരുണാചൽ പ്രദേശ്, അസം, മേഘാലയ, നാഗാലാൻഡ്, മണിപ്പൂർ, മിസോറാം, ത്രിപുര, ഗുജറാത്ത്, വിദർഭ, തെലങ്കാന എന്നീ സംസ്ഥാനങ്ങളിൽ നേരിയതോ മിതമായതോ ആയ മഴ പെയ്യുമെന്ന് കാലാവസ്ഥാ ഏജൻസി പ്രവചിക്കുന്നു.
തെക്കുപടിഞ്ഞാറൻ മൺസൂൺ വടക്കൻ അറബിക്കടലിൻ്റെ ശേഷിക്കുന്ന ഭാഗങ്ങളിലേക്ക് കൂടുതൽ മുന്നേറി. ഗുജറാത്ത് സംസ്ഥാനം, രാജസ്ഥാൻ്റെ ചില ഭാഗങ്ങൾ, മധ്യപ്രദേശിൻ്റെ മിക്ക ഭാഗങ്ങളും, പശ്ചിമ ഉത്തർപ്രദേശിൻ്റെ ചില ഭാഗങ്ങൾ, ബീഹാർ, കിഴക്കൻ ഉത്തർപ്രദേശിൻ്റെ ചില ഭാഗങ്ങൾ, ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ്, ജമ്മു-കശ്മീർ-ലഡാക്ക്-ഗിൽജിത്-ബാൾട്ടിസ്ഥാൻ എന്നിവയുടെ മിക്ക ഭാഗങ്ങളിലും കാലവർഷം മുന്നേറി. ഈ മാസം അവസാനത്തോടെ കാലവർഷം ഡൽഹിയിൽ പ്രവേശിക്കുമെന്ന് മെറ്റ് ബീറ്റ് വെതർ നിരീക്ഷകർ പറഞ്ഞിരുന്നു. ഇതിന്റെ ഭാഗമായി ഡൽഹിയിൽ ശക്തമായ കാറ്റും മഴയും അനുഭവപ്പെടും എന്നും പഴയ ഫോര്‍കാസ്റ്റുകളിൽ പറഞ്ഞിരുന്നു.
photo credit : ANI
കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.