മംഗലം ഡാം നാളെ തുറക്കും; പ്രധാന അണക്കെട്ടുകളിൽ സംഭരണശേഷിയുടെ 40% ത്തിൽ താഴെ മാത്രം വെള്ളം
മംഗലം ഡാമിൻ്റെ വൃഷ്ടി പ്രദേശങ്ങളിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ നാളെ( ജൂൺ 28) രാവിലെ 11 ന് ഡാമിൻ്റെ സ്പിൽവെ ഷട്ടറുകൾ നിയന്ത്രിത അളവിൽ തുറക്കുമെന്ന് ബന്ധപ്പെട്ട എക്സിക്യൂട്ടീവ് എഞ്ചിനീയർ പറഞ്ഞു. ഡാമിൻ്റെ താഴെ ഭാഗത്തുള്ള ചെറുകുന്നം പുഴയുടെ തീരത്തുള്ളവർ ജാഗത പാലിക്കണമെന്നും നിർദ്ദേശം നൽകി.
ഇന്ന് ( ജൂൺ 27)രാവിലെ എട്ടുമണിക്കുള്ള ജലനിരപ്പ് 76. 21 മീറ്റർ ആണ്. ഡാമിൻ്റ ബ്ലൂ അലർട്ട് ലെവൽ 76 മീറ്ററും ഓറഞ്ച് അലർട്ട് ലെവൽ 76.5 1 മീറ്ററുമാണ്.
അതേസമയം കനത്തമഴ തുടരുമ്പോഴും പ്രധാന അണക്കെട്ടുകളില്‍ വെള്ളത്തിന്റെ അളവ് സംഭരണശേഷിയുടെ 40 ശതമാനത്തില്‍ താഴെ മാത്രമാണ്.ഇടുക്കി അണക്കെട്ട്, പത്തനംതിട്ടയിലെ കക്കി, പമ്പ, എറണാകുളം ജില്ലയിലെ ഇടമലയാര്‍, വയനാട്ടിലെ ബാണാസുരസാഗര്‍, തൃശൂരിലെ ഷോളയാര്‍ എന്നിവയാണ് കെഎസ്ഇബിയുടെ കീഴിലുള്ള പ്രധാനപ്പെട്ട അണക്കെട്ടുകൾ.
ഇതില്‍ ഏറ്റവും വലിയ അണക്കെട്ടായ ഇടുക്കിയില്‍ സംഭരണശേഷിയുടെ 33.78 ശതമാനം മാത്രമാണ് വെള്ളമുള്ളതെന്ന് കെഎസ്ഇബിയുടെ കണക്കുകൾ പറയുന്നു. കക്കി (26 ശതമാനം) പമ്പ (26.26 ശതമാനം) ഇടമലയാര്‍ (28.81 ശതമാനം), ഷോളയാര്‍ ( 12.44 ശതമാനം), ബാണാസുരസാഗര്‍ (16.49 ശതമാനം) എന്നിങ്ങനെയാണ് മറ്റു പ്രധാനപ്പെട്ട ഡാമുകളിൽ ഉള്ള വെള്ളം. നീരൊഴുക്ക് ശക്തമായതിനെ തുടര്‍ന്ന് മൂഴിയാര്‍, കല്ലാര്‍കുട്ടി, ഇരട്ടയാര്‍, ലോവര്‍ പെരിയാര്‍, പെരിങ്ങല്‍കുത്ത് ഡാമുകളില്‍ അലര്‍ട്ട് ഉണ്ട്.
കല്ലാര്‍കുട്ടിയില്‍ സംഭരണ ശേഷിയുടെ 95.74 ശതമാനം വെള്ളമുണ്ട്. ലോവര്‍ പെരിയാറില്‍ ഇത് 100 ശതമാനം ആണ്. പെരിങ്ങല്‍കുത്തിലും മൂഴിയാറിലും യഥാക്രമം 85.41 ശതമാനം, 53.71 ശതമാനം എന്നിങ്ങനെയാണ് വെള്ളത്തിന്റെ അളവുള്ളത്. റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച കല്ലാര്‍കുട്ടി, ലോവര്‍ പെരിയാര്‍ എന്നിവയ്ക്ക് പുറമേ രണ്ടാം ഘട്ട മുന്നറിയിപ്പായ ഓറഞ്ച് അലര്‍ട്ട് നിലനില്‍ക്കുന്ന പെരിങ്ങല്‍കുത്ത്, യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ള മൂഴിയാര്‍ എന്നിവയില്‍ നിന്നും സുരക്ഷയുടെ ഭാഗമായി വെള്ളം പുറത്തേയ്ക്ക് ഒഴുക്കി വിടുന്നുണ്ട്. വെള്ളം ഒഴുകിയെത്തുന്ന പുഴകളുടെ തീരപ്രദേശങ്ങളിലുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി. മാട്ടുപ്പെട്ടിയിലും കുറ്റ്യാടിയിലും 50 ശതമാനത്തിന് മുകളില്‍ വെള്ളം ഉണ്ടെങ്കിലും ഇതുവരെ വെള്ളം പുറത്തേയ്ക്ക് ഒഴുക്കിയിട്ടില്ല. ഈ ഡാമുകളില്‍ വെള്ളത്തിന്റെ അളവ് സുരക്ഷിത പരിധിയിലാണ്.
ജലസേചന വകുപ്പിന്റെ കീഴിലുള്ള അണക്കെട്ടുകളില്‍ നെയ്യാര്‍, മംഗലം, മലങ്കര അണക്കെട്ടുകളില്‍ മാത്രമാണ് 50 ശതമാനത്തിന് മുകളില്‍ വെള്ളമുള്ളത്. നെയ്യാറില്‍ സംഭരണശേഷിയുടെ 83 ശതമാനം വെള്ളമുണ്ട്.
കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.