ക്ഷീര കര്‍ഷകര്‍ക്ക് മലബാര്‍ മില്‍മയുടെ ഓണ സമ്മാനം 7.35 കോടി
കോഴിക്കോട്: ക്ഷീര കര്‍ഷകര്‍ക്ക് ഇക്കുറി മലബാര്‍ മില്‍മ ഓണ സമ്മാനമായി 7.35 കോടി രൂപ നല്‍കും. അധിക പാല്‍വിലയായി 4.15 കോടി രൂപയും കാലിത്തീറ്റ സബ്‌സിഡിയായി 3,2 കോടി രൂപയുമാണ് നല്‍കുക. മലബാര്‍ മില്‍മ ഭരണ സമിതിയോഗമാണ് ഓണ സമ്മാനം പ്രഖ്യാപിച്ചത്.
മില്‍മ മലബാര്‍ മേഖലാ യൂണിയന് ജൂലൈ ഒന്നു മുതല്‍ 31 വരെ പാല്‍ നല്‍കിയ എല്ലാ ആനന്ദ് മാതൃകാ ക്ഷീര സംഘങ്ങള്‍ക്കും നിശ്ചിത ഗുണനിലവാരമുള്ള പാലിന് ലിറ്ററിന് രണ്ടു രൂപ വീതം അധിക പാല്‍ വിലയായി നല്‍കും. ഇതു പ്രകാരം മലബാറിലെ ആറ് ജില്ലകളിലെ ക്ഷീര കര്‍ഷകരിലേക്ക് 4.15 കോടി രൂപ എത്തിച്ചേരും.
ഓഗസ്റ്റ് 11 മുതല്‍ 20വരെയുള്ള പാല്‍ വിലയോടൊപ്പം ജൂലൈയിലെ അധിക പാല്‍വിലയും അര്‍ഹരായ ക്ഷീര സംഘങ്ങളുടെ അക്കൗണ്ടുകളിലേക്ക് നിക്ഷേപിക്കും. ഓണത്തിനു മുമ്പായി സംഘങ്ങള്‍ അധിക വില ക്ഷീര കര്‍ഷകര്‍ക്ക് കൈമാറും.
മലബാര്‍ മേഖലാ യൂണിയന്റെ പ്രവര്‍ത്തന പരിധിയില്‍ വരുന്ന ക്ഷീര സംഘങ്ങള്‍ വഴി ഓഗസ്റ്റ്്, സെപ്തംബര്‍ മാസത്തില്‍ വില്‍പ്പന നടത്തുന്ന മില്‍മ ഗോമതി ഗോള്‍ഡ് കാലിത്തീറ്റക്ക് 50 കിലോ ചാക്കൊന്നിന് 100 രൂപയും മലബാര്‍ മില്‍മയുടെ സഹോദര സ്ഥാപനമായ എംആര്‍ഡിഎഫിന്റെ ടിഎംആര്‍ കാലിത്തീറ്റ 50 കിലോ ചാക്കൊന്നിന് 50 രൂപയും സബ്‌സിഡി ലഭിക്കും.
ഇതിനു പുറമേ കേരള കോ – ഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ മില്‍മ ഗോമതി ഗോള്‍ഡ് കാലിത്തീറ്റക്ക് ചാക്കൊന്നിന് 100 രൂപ കൂടി സബ്‌സിഡി പ്രഖ്യാപിച്ചിട്ടുണ്ട്. മലബാര്‍ മേഖലയിലെ ഒരു ലക്ഷത്തോളം വരുന്ന ക്ഷീര കര്‍ഷകരും 1200ഓളം വരുന്ന ക്ഷീര സംഘങ്ങളും ഗുണഭോക്താക്കളാണ്.
അധിക പാല്‍വിലയായ 4.15 കോടിയും കാലിത്തീറ്റ സബ്‌സിഡിയായ 3.2 കോടിയും ഉള്‍പ്പെടെ 7.35 കോടി രൂപ ഓണത്തിനു മുമ്പ് മലബാറിലെ ക്ഷീര കര്‍ഷകര്‍ക്ക് കൈമാറുമെന്ന് മില്‍മ ചെയര്‍മാന്‍ കെ.എസ്.മണി, മാനേജിംഗ് ഡയറക്ടര്‍ കെ.സി.ജെയിംസ് എന്നിവര്‍ അറിയിച്ചു.