ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം, ശക്തമായ കാറ്റും മഴയും തുടരുന്നു
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടു. വടക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ഒഡിഷ തീരത്തിന് തെക്കായാണ് ന്യൂനമര്‍ദം (Low Pressure Area- LPA) രൂപപ്പെട്ടത്. തെക്കന്‍ ഗുജറാത്ത് മുതല്‍ വടക്കന്‍ കേരള തീരം വരെ ന്യൂനമര്‍ദ പാത്തി (Trough) രൂപപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യം മൂലം കേരളത്തില്‍ മഴ തുടരാന്‍ അനുകൂലമായ അന്തരീക്ഷസ്ഥിതിയാണുള്ളത്.
ബംഗാള്‍ ഉള്‍ക്കടലില്‍ പടിഞ്ഞാറ് മധ്യ ഭാഗത്തായി മറ്റൊരു ന്യൂനമര്‍ദം കൂടി ജൂലൈ 19 ന് രൂപപ്പെട്ടേക്കും. ഇന്ന് കനത്ത മഴ സാധ്യതയെ തുടര്‍ന്ന് കേരളത്തില്‍ മൂന്നു ജില്ലകളില്‍ കാലാവസ്ഥാ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. ഇതോടൊപ്പം തീരദേശ കര്‍ണാടക, ഉള്‍നാടന്‍ കര്‍ണാടക, കൊങ്കണ്‍ തീരം, മഹാരാഷ്ട്ര, ഗോവ, കിഴക്കന്‍ ഗുജറാത്ത് എന്നിവിടങ്ങളിലും ഇന്ന് കാലാവസ്ഥ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു.
നാളെ (ചൊവ്വ) കേരളത്തില്‍ കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലര്‍ട്ടും മുകളില്‍ പറഞ്ഞ മറ്റു കാലാവസ്ഥാ സബ്ഡിവിഷനുകളില്‍ റെഡ് അലര്‍ട്ടും തുടരുകയാണ്.
കോട്ടയത്ത് കാറ്റില്‍ പോസ്റ്റ് വീണ് ഗതാഗതം തടസപ്പെട്ടപ്പോള്‍- ചിത്രം കടപ്പാട് : മനോരമ
കേരളത്തില്‍ തുടര്‍ന്നുള്ള ദിവസങ്ങളിലും മഴ തുടരും. ഇന്ന് വിവിധ ജില്ലകളില്‍ കനത്ത മഴ പെയ്തു. ഇടുക്കി കല്ലാര്‍ക്കുട്ടി ഡാമിന്റെ ഷട്ടര്‍ തുറന്നു.
കോട്ടയത്ത് മഴക്കൊപ്പം ശക്തമായ കാറ്റുണ്ടായി. പാലാ പ്രവിത്താനത്ത് റോഡിലേക്ക് മരം വീണ് വൈദ്യുതി പോസ്റ്റുകള്‍ തകര്‍ന്നു. പ്രവിത്താനം- ഉള്ളനാട് റോഡിലാണ് സംഭവം. ഇവിടെ ഗതാഗതം തടസ്സപ്പെട്ടു. ഉച്ചയ്ക്ക് 12.30 ഓടെയാണ് ശക്തമായ കാറ്റുവീശിയത്. ഇവിടെ പാര്‍ക്ക് ചെയ്ത വാഹനങ്ങള്‍ക്കും കേടുപാട് സംഭവിച്ചു.
കുമരകം-ചേര്‍ത്തല ബണ്ട് റോഡില്‍ മരം കടപുഴകി ഗതാഗത സ്തംഭനമുണ്ടായി. രണ്ടു കാറുകള്‍ക്ക് മുകളിലേക്കാണ് മരം വീണത്. വാഴൂര്‍- ചങ്ങനാശ്ശേരി റോഡിലും വന്‍മരം റോഡിലേക്ക് വീണു. അഗ്നിരക്ഷാ സേന മരം മുറിച്ചുമാറ്റി.
കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.