വീണ്ടും മിന്നൽ ചുഴലി; വ്യാപക നാശനഷ്ടം
വീണ്ടും മിന്നൽ ചുഴലിൽ വ്യാപക നാശനഷ്ടം. ഇന്ന് ഉച്ചയോട് കൂടിയാണ് ശക്തമായ മിന്നൽ ചുഴലി ഉണ്ടായത്. ശക്തമായ മഴക്കൊപ്പം ആണ് ചുഴലി വീശി അടിച്ചത്. കനത്ത കാറ്റിൽ എരുമപ്പെട്ടിയിൽ വൈദ്യുത പോസ്റ്റുകൾ നിലംപതിച്ചിട്ടുണ്ട്. ചാവക്കാട് പാപ്പാളിയിലും കോലഴിയിലുമടക്കം വിവിധയിടങ്ങളിൽ കാറ്റിൽ വ്യാപക നഷ്ടമാണ് ഉണ്ടായത്. കോലഴിയിൽ പൂവണി ബസ് കാത്തിരിപ്പു കേന്ദ്രത്തിനു മുകളിൽ തെങ്ങ് വീണും അപകടം ഉണ്ടായി.
വിവിധ പ്രദേശങ്ങളിൽ വൈദ്യുത പോസ്റ്റുകളും നിലം പതിച്ചു. അയ്യന്തോൾ റോഡിൽ രണ്ട് വലിയ മാവുകൾ കടപുഴകി വീണു . സമീപത്തുണ്ടായിരുന്ന തട്ടുകടക്കാർ തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നു . കാഞ്ഞാണിയിൽ മിന്നൽ ചുഴലിയിൽ തെങ്ങിൻ പട്ട വന്നടിച്ച് യാത്രക്കാരുമായി പോയിരുന്ന ബസിന്റെ മുൻവശത്തെ ചില്ല് തകർന്നു പോയി.ഡ്രൈവർക്ക് കാലിലും കയ്യിലും പരിക്കേറ്റിട്ടുണ്ട്. ബസിന്‍റെ മുൻഭാഗത്തുണ്ടായിരുന്ന യാത്രക്കാർ ഭാഗ്യം കൊണ്ട് പരിക്കേൽക്കാതെ രക്ഷപ്പെടുകയായിരുന്നു. തൃശൂർ – വാടാനപ്പള്ളി സംസ്ഥാന പാതയിൽ തൃശൂരിൽ നിന്നും തൃപ്രയാറിലേക്ക് പോയിരുന്ന ‘നിർമ്മാല്യം’ എന്ന ബസാണ് അപകടത്തിൽപ്പെട്ടത്.
ശക്തമായ കാറ്റിൽപ്പെട്ട് പാതയോരത്ത് വളരെ ഉയരത്തിൽ നിന്ന തെങ്ങിൽ നിന്ന് പിഴുതെറിയപ്പെട്ട പോലെയാണ് തെങ്ങിൻ പട്ട ബസിന്‍റെ ഗ്ലാസിലേക്ക് വന്ന് അടിച്ചത് . ഉഗ്ര ശബ്ദത്തോട്ടെ ഗ്ലാസ് പൊട്ടി ചിതറുകയായിരുന്നു . ഡ്രൈവറുടെ സമയോചിതമായ ഇടപെടൽ മൂലം വാഹനം നിയന്ത്രിച്ചു നിർത്താൻ കഴിഞ്ഞു എന്നത് വലിയൊരു അപകടം ഒഴിവാക്കി. ഡ്രൈവറായ മണലൂർ സ്വദേശി പൂക്കാട്ട് വീട്ടിൽ രാഹുൽ (29) ന് കൈയ്യിനും കാലിനും ആണ് പരിക്കേറ്റത് . സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇയാളെ പ്രാഥമിക ശുശ്രൂഷ നൽകി വിട്ടു.
ഈ അപകടം നടന്നതിന് സമീപത്ത് തന്നെയുള്ള കാഞ്ഞാണിയിലെ പെട്രോൾ പമ്പിന് സമീപം നിന്നിരുന്ന മരവും ചുഴലിക്കാറ്റിൽ മറിഞ്ഞുവീണ് മറ്റൊരു അപകടവും ഉണ്ടായിട്ടുണ്ട് . പമ്പിലെ ജീവനക്കാരിൽ ചിലർ മരം വീഴുന്നതിന് തൊട്ടുമുമ്പു വരെ അതിനടിയിൽ ഉണ്ടായിരുന്നു . അവർ മരത്തിനടിയിൽ നിന്ന് നീങ്ങുന്നതിന് ഒപ്പമാണ് മരം നിലം പൊത്തി വീണത് . തല നാരിഴക്കാണ് തങ്ങൾ രക്ഷപ്പെട്ടതെന്ന് തൊഴിലാളികൾ. കാഞ്ഞാണിയിലും സമീപപ്രദേശങ്ങളായ അരിമ്പൂരിലും മഴക്കൊപ്പം ശക്തമായ മിന്നൽ ചുഴലിക്കാറ്റ് ആണ് വീശി അടിച്ചത്.
അതിരപ്പിള്ളിയിൽ മരച്ചില്ല പൊട്ടി വീണ് കോഴിക്കോട് സ്വദേശിയായ വിനോദസഞ്ചാരി സിജു പി വിൻസെന്റിന് പരിക്കേറ്റിട്ടുണ്ട്. പാവറട്ടി സർസൈദ് സ്കൂളിലെ ടെറഫിന്റെ ഇരുമ്പ് കാലുകളും തകർന്നു വീണുപോയി. കുന്നംകുളത്ത് കാണിപ്പയൂർ സർവ്വീസ് സഹകരണ ബാങ്കിന് സമീപം മരം കടപുഴകി വീണു വൈദ്യുതി പോസ്റ്റ് തകർന്നിട്ടുണ്ട്. ശക്തമായ കാറ്റിൽ മുനക്കക്കടവ് അഴിമുഖത്ത് മീൻ പിടിക്കാനിറങ്ങിയ മത്സ്യബന്ധനവള്ളം അപകടത്തിൽ പെട്ടു. തൊഴിലാളികൾ തലനാരിഴക്ക് രക്ഷപ്പെട്ടു.
കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.
വാട്‌സ്ആപ്
ടെലഗ്രാം
വാട്‌സ്ആപ്പ് ചാനല്‍
Google News
Facebook Page
Weatherman Kerala Fb Page