മിന്നല്‍ പ്രളയം; 4 മരണം, വ്യോമ മാര്‍ഗം രക്ഷാപ്രവര്‍ത്തനം, ഉത്തരഖണ്ഡിൽ സൈന്യവും രംഗത്ത്
ഉത്തരാഖണ്ഡിൽ മിന്നൽ പ്രളയത്തില്‍ നാലുപേര്‍ മരിച്ചതായി ഡിസ്ട്രിക്ട് മജിസ്ട്രേറ്റ്. 20 പേരെ രക്ഷപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു. മിന്നൽ പ്രളയം ഉണ്ടായത് ഉത്തര കാശിയിൽ ഉണ്ടായ മേഘവിസ്ഫോടനത്തെ തുടര്‍ന്നാണ്. 60 ലധികം പേരെ കാണാതായി.
കനത്ത നാശനഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. മിന്നൽ പ്രളയത്തിൽ ധരാലി എന്ന ഗ്രാമത്തിൻറെ ഒരുഭാഗം പൂർണമായി ഒലിച്ചുപോയെന്നാണ് റിപ്പോർട്ടുകൾ. നിരവധി വീടുകളും കെട്ടിടങ്ങളും ഒലിച്ചു പോവുകയും ചെയ്തു.
സ്ഥലത്തെ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. സൈന്യവും 3 ഐടിബിപി സംഘങ്ങളും സ്ഥലത്ത് എത്തിയിട്ടുണ്ട്. പ്രളയ ജലം ഘീർഗംഗ നദിയിലൂടെ ഒഴുകിയെത്തുകയായിരുന്നു. 60 ലധികം പേരെ കാണാതായതായെന്നാണ് പ്രാഥമിക നിഗമനമെന്നും അധികൃതർ പറഞ്ഞു. ഉത്തരകാശിയിൽ നിലവിൽ ഓറഞ്ച് അലർട്ട് ആണ് കാലാവസ്ഥ വകുപ്പ് നൽകിയിട്ടുള്ളത്.
പ്രദേശത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. രക്ഷാപ്രവർത്തനത്തെ സംബന്ധിച്ചുള്ള ചർച്ചയ്ക്കായി ഉത്തരാഖണ്ഡിൽ നിന്നുള്ള എംപിമാർ അമിത്ഷായെ കണ്ടു. മൂന്ന് ഐടിബിപി സംഘത്തെയും നാല് എന്‍ഡിആര്‍എഫ് സംഘത്തേയും അപകടം നടന്ന സ്ഥലത്തേക്ക് രക്ഷാപ്രവർത്തനത്തിന് നിയോഗിച്ചുവെന്ന് അമിത് ഷാ പറഞ്ഞു. നിലവിൽ രക്ഷാപ്രവർത്തനത്തിനായി 150 സൈനികർ ഉണ്ട്.
ഉത്തരകാശി ജില്ലാ ഭരണകൂടം ഹെല്പ് ലൈൻ നമ്പരുകൾ: 01374222126, 222722, 9456556431 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്.
രക്ഷാപ്രവർത്തനത്തിന് എല്ലാ ക്രമീകരണവും ഏർപ്പെടുത്തിയതായി ജെ പി നദ്ദയും വ്യക്തമാക്കുന്നു. വ്യോമ മാർഗ്ഗം രക്ഷാപ്രവർത്തനം നടത്തുന്നതിന് രണ്ട് സംഘങ്ങൾ സജ്ജമായിട്ടുണ്ട്. രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നതിനായി ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ യോഗവും ചേർന്നു.
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വ്യാപക മഴക്കെടുതിയാണ് അനുഭവപ്പെടുന്നത്. ഉത്തർപ്രദേശിൽ 13 ജില്ലകളിൽ വെള്ളപ്പൊക്കം ഉണ്ടായിരുന്നു. ഗംഗ, യമുനാ നദികൾ കരകവിഞ്ഞൊഴുകുകയാണ്. കനത്ത മഴയെ തുടർന്ന് ഹിമാചൽപ്രദേശിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ്. സംസ്ഥാനത്ത് ഇതുവരെ 184 പേരാണ് മഴക്കെടുതിയിൽ മരിച്ചത്. വെള്ളക്കെട്ടും മണ്ണിടിച്ചിലും മൂലം 266 റോഡുകൾ അടഞ്ഞുകിടക്കുകയാണ് .
1700 കോടി രൂപയുടെ നാശനഷ്ടം സംസ്ഥാനത്ത് ഉണ്ടായതായാണ് സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നത്. നൈനിത്താൽ ഹൽദ്വാനി ദേശീയപാതയിൽ മണ്ണിടിച്ചിലിനെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്. അടുത്ത അഞ്ചു ദിവസം കൂടി ശക്തമായ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.
Tag: Lightning floods lead to 4 deaths, prompting urgent rescue operations by the army in the northern region. Get the latest updates on this unfolding situation.