ലാനിന വൈകുന്നു, എത്താന്‍ 2025 ആയേക്കും
ലാനിന എത്താന്‍ ഇനിയും വൈകുമെന്ന് അന്താരാഷ്ട്ര കാലാവസ്ഥാ ഏജന്‍സികള്‍. 2024 ല്‍ ഓഗസ്‌റ്റോടെ ലാനിന ഉണ്ടാകുമെന്ന് നേരത്തെ അന്താരാഷ്ട്ര ഏജന്‍സികള്‍ പ്രവചിച്ചെങ്കിലും ലാനിന എത്താന്‍ 2025 ആകുമെന്നാണ് ഏറ്റവും പുതിയ പ്രവചനങ്ങള്‍ നല്‍കുന്ന സൂചന.
ലാനിന പ്രവചിക്കപ്പെടാന്‍ വേണ്ട മാനദണ്ഡങ്ങള്‍ 2024 ല്‍ പൂര്‍ത്തിയാകില്ല എന്നാണ് ഇപ്പോഴത്തെ നിരീക്ഷണമെന്ന് മെറ്റ്ബീറ്റ് സ്ഥാപകന്‍ വെതര്‍മാന്‍ കേരളയും പറയുന്നു. നിനോ ഇന്‍ഡക്‌സ് ന്യൂട്രലില്‍ തുടരുകയാണ്. പസഫിക് സമുദ്രത്തിലെ ഭൂമധ്യരേഖാ പ്രദേശത്തെ സമുദ്രോപരി താപനില വലിയ മാറ്റമില്ലാതെ തുടരുകയാണ്. ഒക്ടോബര്‍- ഫെബ്രുവരി കാലയളവിലാണ് ഇപ്പോള്‍ വിവിധ ഏജന്‍സികള്‍ ലാനിന പ്രവചിക്കുന്നത്. ലാനിന 9 മുതല്‍ 12 മാസം വരെ തുടര്‍ന്നേക്കുമെന്നാണ് നിഗമനം. 2024 ലെ കാലവര്‍ഷം അവസാനിക്കും മുന്‍പ് ലാനിന പ്രവചിക്കപ്പെട്ടിരുന്നു. യു.എസ് അന്തരീക്ഷ, സമുദ്ര ഏജന്‍സിയുടെ (എന്‍.ഒ.എ.എ) പ്രവചന പ്രകാരം മെയ് 2024 ല്‍ തന്നെ ലാനിന പ്രവചിക്കപ്പെട്ടിരുന്നു. എന്നാല്‍ ആസ്‌ത്രേലിയന്‍ കാലാവസ്ഥാ ഏജന്‍സി ബി.ഒ.എം ഓഗസ്റ്റിലാണ് ലാനിന പ്രവചിച്ചിരുന്നത്.
തുലാവര്‍ഷവും ലാനിനയുടെ സ്വാധീനമില്ലാതെ അവസാനിക്കാണ് സാധ്യത. ശീതകാല മഴക്കാലം തുടങ്ങുന്ന ജനുവരി, ഫെബ്രുവരി മാസങ്ങളിലാകും ലാനിന ഉണ്ടാകുക. ഈ സമയം ഏതാനും ന്യൂനമര്‍ദങ്ങളുടെ സ്വാധീനവും ഉണ്ടാകും. മാര്‍ച്ച് മുതല്‍ വേനല്‍ മഴയുടെ സീസണാണ്. ഈ സമയം ലാനിന വേനല്‍മഴ കൂട്ടും. ഭൂമധ്യരേഖാ പ്രദേശത്തെ സമുദ്രോപരിതാപനില പൂജ്യം മുതല്‍ മൈനസ് 4 ഡിഗ്രിവരെ താഴുമ്പോഴാണ് ലാനിന പ്രവചിക്കപ്പെടുന്നത്.
വര്‍ഷാവസാനം ലാനിന വരുന്നത് പതിവുള്ളതല്ല. 2005-2006 ല്‍ വര്‍ഷാവസാനം ലാനിന വന്നിരുന്നു. ലാനിന വരുമ്പോള്‍ ശീതകാല മഴയില്‍ കുറവുണ്ടാകുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 1950 മുതലുള്ള കണക്കു പരിശോധിച്ചാല്‍ ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ ലാനിന ഉണ്ടായപ്പോഴെല്ലാം മഴ സാധാരണയേക്കാള്‍ കുറവ് അനുഭവപ്പെട്ടിട്ടുണ്ട്. 2022 ല്‍ മാത്രമാണ് ഇതിന് മാറ്റമുണ്ടായത്.