ശക്തമായ കാറ്റിലും മഴയിലും കെഎസ്ഇബിക്ക് കോടികളുടെ നഷ്ടം
ശക്തമായ കാറ്റിലും മഴയിലും കെഎസ്ഇബിക്ക് കനത്ത നാശനഷ്ടങ്ങൾ ഉണ്ടായി. 257 ഹൈടെൻഷൻ പോസ്റ്റുകളും 2,505 ലോ ടെൻഷൻ പോസ്റ്റുകളും തകർന്നതായാണ് റിപ്പോർട്ടുകൾ. വിതരണ സംവിധാനത്തിൽ ഉണ്ടായ തകരാറുകൾ മൂലം ഏകദേശം 26.89 കോടി രൂപയുടെ നഷ്ടമാണ് കെഎസ്ഇബിക്ക് ഉണ്ടായത്. ശക്തമായ കാറ്റിനും മഴയ്ക്കും പിന്നാലെ 7,12,679 ഉപഭോക്താക്കൾക്ക് വൈദ്യുതി ബന്ധത്തിൽ തടസ്സം നേരിട്ടതായി അധികൃതർ പറഞ്ഞു.
എന്നാൽ, ഇതിനകം തന്നെ 5,39,976 ഉപഭോക്താക്കൾക്ക് വൈദ്യുതി ബന്ധം പുനസ്ഥാപിച്ചു നൽകിയതായും അധികൃതർ വ്യക്തമാക്കുന്നു. മറ്റ് മേഖലകളിലും പുനസ്ഥാപന പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണെന്നും അധികൃതർ കൂട്ടിച്ചേർത്തു.
അതേസമയം സാധാരണഗതിയിൽ നിന്നും എട്ട് ദിവസം മുൻപ് കേരളത്തിൽ കാലവർഷം എത്തി. വിവിധ ജില്ലകളിൽ തീവ്രമഴ തുടരുകയാണ്. കണ്ണൂർ കാസർകോട് ജില്ലകളിൽ റെഡ് അലർട്ടും, മറ്റ് ജില്ലകളിൽ ഓറഞ്ച് അലർട്ടുമാണ്. ശക്തമായ കാറ്റിനും, തീര പ്രദേശങ്ങളിൽ കടലാക്രമണത്തിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നത്
മധ്യ കിഴക്കൻ അറബിക്കടലിലെ തീവ്ര ന്യുനമർദ്ദം കൂടാതെ മെയ് 27 ഓടെ മധ്യ പടിഞ്ഞാറൻ -വടക്കൻ ബംഗാൾ ഉൾക്കടലിനു മുകളിലായി മറ്റൊരു ന്യുനമർദ്ദം കൂടി രൂപപ്പെടാൻ സാധ്യത. ശക്തമായ കാറ്റിനും സാധ്യത. മണിക്കൂറിൽ 45 മുതൽ 55 വരെ വേഗത്തിൽ കാറ്റ് വീശുമെന്ന് മുന്നറിയിപ്പുണ്ട് . ഉയർന്ന തിരമാലയ്ക്ക് പുറമെ വിവിധ തീരങ്ങളിൽ കള്ളക്കടൽ പ്രതിഭാസം ഉണ്ടാകുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു.
മലപ്പുറത്തെ ട്യൂഷൻ സെന്‍ററുകളടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി
മലപ്പുറം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ നാളെ (മെയ് 25) അവധി പ്രഖ്യാപിച്ചു. ജില്ലയിൽ കനത്ത മഴ തുടരുന്നതിനാലും നാളെ റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലുമാണ് തീരുമാനം. ജില്ലയിലെ മദ്റസകൾ, ട്യൂഷൻ സെൻ്ററുകൾ ഉൾപ്പെടെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് ജില്ലാ കളക്ടർ വി.ആർ വിനോദ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
ജില്ലയിലെ ഖനന പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെയ്ക്കാന്‍ കളക്ടർ നിര്‍ദേശം നല്‍കി. മണ്ണെടുക്കാന്‍ അനുമതിയുള്ള സ്ഥലങ്ങളിലും ഈ ദിവസങ്ങളില്‍ മണ്ണ് നീക്കാന്‍ പാടില്ല. 24 മണിക്കൂര്‍ മഴയില്ലാത്ത സാഹചര്യം വന്നാല്‍ മാത്രമേ ക്വാറികളുടെ പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ അനുമതിയുള്ളൂ.
അതേസമയം, മണ്ണിടിച്ചിലിന് സാധ്യതയുള്ള സ്ഥലങ്ങള്‍, പുഴ – കനാല്‍ പുറമ്പോക്കുകള്‍, തീരപ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ താമസിക്കുന്നവരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റാന്‍ തദ്ദേശസ്വയംഭരണ വകുപ്പിന് നിര്‍ദേശം നല്‍കി. രാത്രി കാലകങ്ങളിൽ നിലമ്പൂര്‍-നാടുകാണി ചുരം വഴി അനാവശ്യ യാത്രകൾ ഒഴിവാക്കണം. ആഢ്യന്‍പാറ, കേരളാംകുണ്ട്, വനം വകുപ്പിന് കീഴിലെ കൊടികുത്തിമല എന്നീ ഡെസ്റ്റിനേഷനുകളുള്‍പ്പെടെ മലയോരമേഖലയിലെ എല്ലാ ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകളിലും പ്രവേശനം നിരോധിച്ചിട്ടുണ്ട്.
റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച ദിവസങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ആവശ്യമായ മുന്നറിയിപ്പുകള്‍ നല്‍കാനും മുന്‍കരുതലുകള്‍ സ്വീകരിക്കാനും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജൂണ്‍ ഒന്നുമുതല്‍ എന്‍ഡിആര്‍എഫ് സംഘം ജില്ലയില്‍ ക്യാമ്പ് ചെയ്യുമെന്ന് ജില്ലാ കളക്ടർ വി ആർ വിനോദ് പറഞ്ഞു.
കാസർഗോഡ് ,കണ്ണൂർ,കോഴിക്കോട്,മലപ്പുറം,പാലക്കാട് ഉൾപ്പെടെയുള്ള ജില്ലകളിൽ ഇടവിട്ട് ശക്തമായ മഴ തുടരുന്നു. മലപ്പുറം നിലമ്പൂരിൽ കനത്ത മഴ തുടരുകയാണ്. പുന്നപ്പുഴയിൽ ചങ്ങാടം ഒലിച്ചുപോയി. ഇതോടെ പുഞ്ചക്കൊല്ലി അളക്കൽ ഉന്നിതികൾ ഒറ്റപ്പെട്ടു.
Tag:KSEB loses crores due to strong winds and rain