നാട്ടുകാരെ ആശങ്കപ്പെടുത്തി കോട്ടയത്ത് വീണ്ടും ഭൂമിക്കടിയിൽ നിന്ന് ശബ്ദം. ചേനപ്പാടി, വിഴിക്കിത്തോട് മേഖലകളിൽ ഇന്ന് പുലർച്ചെ രണ്ടുതവണയാണ് മുഴക്കം കേട്ടത്. പുലർച്ച നാലരയോടെ ഉണ്ടായത് വൻ ശബ്ദത്തോടെയുള്ള മുഴക്കമാണെന്ന് നാട്ടുകാർ പറഞ്ഞു. തോട്ട പൊട്ടുന്നതിനേക്കാൾ വലിയ ശബ്ദമാണ് അനുഭവപ്പെട്ടത് എന്നും നാട്ടുകാർ. അൽപ്പസമയത്തിനു ശേഷം വീണ്ടും മുഴക്കം ഉണ്ടായി.
രാത്രി ഉറങ്ങാൻ കിടക്കുന്ന സമയങ്ങളിൽ ഇത്തരം ശബ്ദങ്ങൾ ഉണ്ടാകുന്നത് പേടിപ്പെടുത്തുന്നു എന്നും അധികാരികൾ ഇതിന് കൃത്യമായ ഉത്തരം നൽകണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. കഴിഞ്ഞമാസം ഇതേ സമാനസംഭവം ഉണ്ടായിരുന്നു. തുടർച്ചയായി ഇത്തരം സംഭവങ്ങൾ ഉണ്ടാകുന്നത് ആശങ്കപ്പെടുത്തുന്ന കാര്യമാണെന്ന് നാട്ടുകാർ പറഞ്ഞു.
ജില്ല സന്ദർശിച്ച റവന്യൂ മന്ത്രിയെ നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് സെന്റർ ഫോർ എർത്ത് സയൻസ് പഠനം നടത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും ഇതുവരെ നടപടിയുണ്ടായില്ല. പരിസ്ഥിതി വകുപ്പ് പഠനം നടത്തിയിട്ടുണ്ടെങ്കിലും മുഴക്കത്തിന്റെ യഥാർത്ഥ കാരണം അറിയാൻ വിദഗ്ധ പരിശോധന ആവശ്യമാണ്. ഭൂമികുലുക്കത്തിന് സമാനമായ ശബ്ദമാണ് ഉണ്ടാവുന്നത് എന്നാണ് വിവരം.