ഒറ്റ തൈയ്യിൽ നിന്ന് കിലോക്കണക്കിന് മുളക്; കാന്താരി മുളക് തഴച്ചുവളരാൻ
വീടുകളിൽ നട്ടുവളർത്തുന്ന ഒന്നാണ് കാന്താരി. ഇവ നല്ല രീതിയിൽ വളർന്ന് കായ് ഫലം തരുന്നത് വളരെ അപൂർവമാണ്. വീട്ടിൽ നന്നായി കാന്താരി മുളക് വളരാൻ ചില പൊടിക്കൈകൾ നോക്കാം. വീട്ടിൽ ഒന്നോ രണ്ടോ കാന്താരി തൈകൾ മാത്രമാണ് ഉള്ളതെങ്കിൽ എപ്പോഴും വെള്ളം കിട്ടുന്ന സ്ഥലത്ത് തൈ നടണം. അടുക്കളയിലെ പാത്രം കഴുകുന്ന വെള്ളമെത്തുന്ന സ്ഥലത്തോ, അലക്കുകല്ലിന്റെ അരികിലോ നടാവുന്നതാണ്. ഇത് കീടത്തിന്റെ ആക്രമണങ്ങളെ തടയാൻ സഹായിക്കുകയും ചെയ്യും.
ദിവസവും വീട്ടിൽ മീൻ വാങ്ങാറുണ്ടെങ്കിൽ, മീൻ വൃത്തിയാക്കുന്ന വെള്ളം സിങ്കിൽ ഒഴിച്ചുകളയാതെ നേരെ കാന്താരി ചെടിക്ക് നൽകാം. മീൻ വെള്ളം ഒഴിച്ചാൽ നല്ലപോലെ കാന്താരി മുളക് ഉണ്ടാകും.
മഴയത്തും വെയിലത്തും കാന്താരി തൈ വിളവ് നൽകുമെങ്കിലും ഇളംവെയിൽ തട്ടുന്ന സ്ഥലത്ത് നടുന്നതാണ് കൂടുതൽ വിളവ് കിട്ടാൻ നല്ലത്. രോഗങ്ങൾ പിടിപെടാതിരിക്കാൻ ആഴ്ചയിൽ ഒരിക്കൽ വേപ്പെണ്ണ-വെളുത്തുള്ളി മിശ്രിതം തളിക്കുന്നത് നല്ലതാണ് . ഇത് പ്രാണികളെയും കീടങ്ങളെയും അകറ്റുകയും ചെയ്യും, ഒപ്പം ഒരു മഞ്ഞക്കെണി കൂടി വച്ചുകൊടുക്കുക.
തൈ നടുന്നതിന് മുൻപ് നന്നായി കിളച്ച് മൺകട്ടകൾ ഉടയ്‌ക്കുക. മണ്ണ് നല്ലപോലെ പരുവപ്പെടുത്തിയതിന് ശേഷമേ മുളക് തൈ നടൻ . ചെടിച്ചട്ടയിൽ നടുകയാണെങ്കിൽ ഒരു ചട്ടിയിൽ 75-ഗ്രാം കുമ്മായം ചേർത്തുനൽകണം.
തൈ നടാൻ നല്ലത് ഏപ്രിൽ-മെയ്, സെപ്റ്റംബർ-ഒക്ടോബർ മാസങ്ങൾ ആണ്. ചെടി നട്ട ശേഷം പ്രതിവാരം ചാണകം, പുളിപ്പിച്ച കടലപ്പിണ്ണാക്ക്, സ്യൂഡോമൊണാസ് എന്നിവ ചേർത്ത് തളിച്ച് നൽകുകയും ചെയ്യാം. (ഒഴിക്കരുത്).