ശക്തമായ കാറ്റിൽ കോട്ടയത്ത് വ്യാപക നാശനഷ്ടം: മധ്യ തെക്കൻ കേരളത്തിൽ മഴ ശക്തമാകുന്നു
മധ്യ തെക്കൻ കേരളത്തിൽ വൈകിട്ടോടെ ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴ തുടരുന്നു. ഇന്ന് 7 ജില്ലകളിൽ ഓറഞ്ച് അലർട്ടും 7 ജില്ലകളിൽ യെലോ അലർട്ടും നൽകിയിട്ടുണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിൽ ഓറഞ്ച് അലർട്ടും തിരുവനന്തപുരം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ടുമാണ് imd നൽകിയിട്ടുള്ളത്.

നാളെ പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ടും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെലോ അലർട്ടുമാണ് imd പ്രഖ്യാപിച്ചിട്ടുള്ളത്. 24 മണിക്കൂറിൽ 115.6 മി.മീ മുതൽ 204.4 മി.മീ വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർഥമാക്കുന്നത്.
കനത്ത കാറ്റിലും മഴയിലും കോട്ടയത്ത് വ്യാപക നാശനഷ്ടം
തെക്കൻ കേരളത്തിൽ ഇന്ന് ഉച്ചക്ക് ശേഷം മഴക്കൊപ്പം ഉണ്ടായ ശക്തമായ കാറ്റിൽ വ്യാപക നാശ നഷ്ടം. പലയിടത്തും മരങ്ങൾ വീണു ഗതാഗതം തടസ്സപ്പെട്ടു. കാലവർഷത്തിന്റെ ഭാഗമായി മഴക്കൊപ്പം 60 കിലോമീറ്റർ വേഗതയിൽ വരെയുള്ള കാറ്റ് വീശാൻ സാധ്യതയുണ്ടെന്ന് നേരത്തെ കാലാവസ്ഥ മുന്നറിയിപ്പ് ഉണ്ടായിരുന്നു.

കനത്ത കാറ്റിൽ കോട്ടയം ജില്ലയിൽ വ്യാപക നാശനഷ്ടം ഉണ്ടായി. വെള്ളിയാഴ്ച ഉച്ചയ്ക്കു ശേഷമുണ്ടായ കനത്ത കാറ്റിൽ കുമരകം– ചേർത്തല റോഡിൽ ബോട്ട് ജെട്ടി പാലത്തിനു സമീപവും ഏറ്റുമാനൂർ– എറണാകുളം റോഡിൽ കാണക്കാരിയിലും മരം വീണ് റോഡ് ഗതാഗതം തടസ്സപ്പെട്ടു. ദേശീയപാത ഇടച്ചോറ്റിയിൽ മരം വീണ് കാഞ്ഞിരപ്പള്ളി ഭാഗത്തും ഗതാഗത തടസ്സമുണ്ടായിട്ടുണ്ട്. എരുമേലി– റാന്നി വനമേഖല റോഡിലും മരം വീണു. വിവിധ റോഡുകൾ ബ്ലോക്കായി. റാന്നി എസ് ബി ഐ ബാങ്കിന് സമീപം വൈദ്യുത പോസ്റ്റ് റോഡിലേക്ക് മറിഞ്ഞുവീണു. പല സ്ഥലങ്ങളിലും വൈദ്യുത ബന്ധം വിച്ചേദിക്കപ്പെടുകയും ചെയ്തു.
വൈക്കം റോഡ് റെയിൽവേ സ്റ്റേഷനിലും സ്കൂട്ടറുകൾക്ക് മേലെ മരം വീണ് നാശനഷ്ടം ഉണ്ടായി. കോട്ടയം മണിമലയിലും, ഭരണങ്ങാനത്തും ശക്തമായ കാറ്റ് ഉണ്ടായിരുന്നു. പത്തനംതിട്ടയിൽ കോഴഞ്ചേരി, വടശ്ശേരിക്കരയിലും ശക്തമായ കാറ്റുണ്ടായി. പാലാ, ഈരാറ്റുപേട്ട മേഖലകളിൽ കാറ്റിനെ തുടർന്ന് മരം വീണ് വൈദ്യുതി ലൈനുകൾ നിലം പതിച്ചു. ഈ മേഖലയിൽ വൈദ്യുതി വിതരണം തടസ്സപ്പെട്ടു. മരം വീണ് നിരവധി വാഹനങ്ങൾക്ക് തകരാർ ഉണ്ടായി.

ഈരാറ്റുപേട്ടയിൽ മരം വീണ് വീട് തകർന്നു. പ്ലാശനാലിൽ മുരുകന്റെ വീടാണ് തകർന്നത്. കോടതി റോഡിലും മരം വീണു. ബ്ലോക്ക് പഞ്ചായത്തിന് എതിർവശം ആശുപത്രിക്ക് സമീപം മരം വീണ് വൈദ്യുതി ലൈൻ നിലംപതിച്ചു. പാലാ – ഏറ്റുമാനൂർ റോഡിൽ ചേർപ്പുങ്കലിലും കിടങ്ങൂരിലും കാറ്റ് നാശം വിതച്ചു. തണൽ മരത്തിൻ്റെ ശിഖരം വീണു ഗതാഗതം തടസ്സപ്പെട്ടു.
റോഡരികിൽ വാഹനങ്ങൾ പാർക്ക് ചെയ്തിരുന്നെങ്കിലും അത്ഭുതകരമായി ഇവർക്ക് കേടുപാടുകൾ ഇല്ലാതെ രക്ഷപ്പെട്ടു. ചേർപ്പുങ്കൽ മാർ സ്ലീവാ റോഡിൽ ഓട്ടോക്ക് മുകളിൽ മരം വീണു. ഉപ്പുതുറ സ്വദേശിയുടെ ഓട്ടോ തകർന്നു ആർക്കും പരിക്കില്ല. ന്യൂനമർദ്ദം തീവ്ര ന്യൂനമർദ്ദമായി (Depression ) ശക്തിപ്പെട്ട സാഹചര്യത്തിൽ കാറ്റും മഴയും കേരളത്തിൽ എല്ലാ ജില്ലകളിലും തുടരാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ മുന്നറിയിപ്പ്.

ബംഗാൾ ഉൾക്കടലിൽ ഇന്നലെ രൂപപ്പെട്ട ന്യൂനമർദ്ദം ഇന്ന് വീണ്ടും ശക്തിപ്പെട്ടു തീവ്ര ന്യൂനമർദ്ദം (Depression) ആയതോടെ കേരളത്തിൽ ഇന്ന് മഴ സജീവമായിട്ടുണ്ട്. വടക്കൻ കേരളത്തിൽ രാവിലെ മുതൽ മഴക്ക് ദീർഘമായ ഇടവേളകൾ ലഭിച്ചു. എന്നാൽ വൈകിട്ട് മുതൽ വീണ്ടും മഴ സാധ്യത.
Tag: Kottayam faces extensive destruction due to powerful winds, with heavy rainfall expected to escalate in central and southern Kerala. Get the latest updates.
photo : Saji Jacob and navas