kerala weather forecast : വേനല്‍ മഴ വ്യാഴം മുതല്‍ സജീവമാകും
ഒരിടവേളയ്ക്കു ശേഷം കേരളത്തില്‍ വേനല്‍ മഴ തിരികെയെത്തുന്നു. ഏപ്രില്‍ 3 ഓടെ മഴ വീണ്ടും കേരളത്തില്‍ സജീവമാകുമെന്നാണ് ഞങ്ങളുടെ നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നത്. നാളെ കൂടി കടുത്ത ചൂട് വിവിധ ജില്ലകളില്‍ അനുഭവപ്പെടും.
ഇന്നും ഇന്നലെയും കേരളത്തില്‍ കടുത്ത ചൂട് മുന്നറിയിപ്പുണ്ടായിരുന്നു. ഈദുല്‍ ഫിത്വര്‍ ദിനമായ നാളെ വടക്കന്‍ കേരളത്തില്‍ കടുത്ത ചൂട് തുടരും. എന്നാല്‍ തെക്കന്‍ ജില്ലകളില്‍ നാളെ ഒറ്റപ്പെട്ട മഴ സാധ്യതയുമുണ്ട്. ഉച്ചയ്ക്ക് ശേഷം ഇടിയോടെ കിഴക്കന്‍ മലയോര മേഖല കേന്ദ്രീകരിച്ച് മഴ ലഭിക്കാനാണ് സാധ്യത.
മാര്‍ച്ചില്‍ കൂടുതല്‍ മഴ
മാര്‍ച്ച് മാസത്തില്‍ കേരളത്തില്‍ വേനല്‍ മഴ സജീവമായിരുന്നു. കേരളത്തില്‍ സാധാരണയേക്കാള്‍ കൂടുതല്‍ മഴയാണ് മാര്‍ച്ചില്‍ പ്രവചിക്കപ്പെട്ടിരുന്നത്. അതുപോലെ മഴ ലഭിക്കുകയും ചെയ്തു. മാര്‍ച്ച് അവസാന വാരം കുറച്ചു ദിവസം മഴ വിട്ടുനിന്നു. എങ്കിലും കിഴക്കന്‍ മേഖലകളില്‍ ഒറ്റപ്പെട്ട മഴ ലഭിച്ചിരുന്നു.
ഏപ്രിലിലും മഴ കുടും
ഏപ്രില്‍ മാസത്തിലും കേരളത്തില്‍ സാധാരണയേക്കാള്‍ കൂടുതല്‍ മഴയാണ് പ്രതീക്ഷിക്കുന്നത്. ഏപ്രില്‍ ആദ്യവാരം മുതല്‍ കേരളത്തില്‍ മഴ സജീവമാകും. ഏപ്രില്‍ 2 മുതല്‍ തന്നെ മഴയുടെ വിതരണത്തില്‍ വ്യത്യാസം കാണും. മാര്‍ച്ച് 3 മുതല്‍ എല്ലാ ജില്ലകളിലും വേനല്‍ മഴ എത്താനാണ് സാധ്യത.
ദക്ഷിണേന്ത്യയില്‍ പ്രീ മണ്‍സൂണ്‍ മഴ
മണ്‍സൂണിനു മുന്‍പുള്ള പ്രീ മണ്‍സൂണ്‍ മഴ സജീവമാകുന്നത് സാധാരണ ഏപ്രില്‍ പകുതിയോടെയാണ്. ഈ സമയത്താണ് സൂര്യന്‍ കേരളം ഉള്‍പ്പെടെ ദക്ഷിണേന്ത്യക്ക് മുകളിലെത്തുന്നത്. കേരളത്തില്‍ വിഷുവിനോട് ചേര്‍ന്നാണ് വേനല്‍ മഴ ലഭിക്കാറുള്ളത്. എന്നാല്‍ ഇത്തവണ ഏപ്രില്‍ ആദ്യ വാരം തന്നെ ഇടിയോടെ ശക്തമായ മഴയും കാറ്റും ഇടിമിന്നലും ലഭിക്കും.
ദക്ഷിണേന്ത്യയില്‍ മഴക്ക് അനുകൂല അന്തരീക്ഷം
കേരളം, കര്‍ണാടകയുടെ വടക്കന്‍ ഉള്‍നാടന്‍ മേഖല, തമിഴ്‌നാട്, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നിവിടങ്ങളിലാണ് മഴ ലഭിക്കുക. മഴക്ക് അനുകൂലമായ അന്തരീക്ഷ സാഹചര്യങ്ങള്‍ ദക്ഷിണേന്ത്യയില്‍ ഉരുത്തിരിയുന്നുണ്ട്. തെക്കന്‍ തമിഴ്‌നാടിന് മുകളില്‍ ഇന്ന് അന്തരീക്ഷത്തിന്റെ താഴ്ന്ന ഉയരത്തില്‍ ചക്രവാതച്ചുഴി (Cyclonic Circulation) രൂപപ്പെട്ടു. സമുദ്ര നിരപ്പില്‍ നിന്ന് 0.9 കി.മി ഉയരത്തിലാണ് ഇത് രൂപം കൊണ്ടത്. ഇതോടൊപ്പം തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ 3.1 കി.മി ഉയരത്തിലായി അന്തരീക്ഷച്ചുഴി (Upper air Circulation) രൂപപ്പെട്ടിട്ടുണ്ട്. അടുത്ത ദിവസങ്ങളില്‍ കാറ്റിന്റെ അഭിസരണം (wind Convergence), ന്യൂനമര്‍ദ പാത്തികള്‍ (Trough) എന്നിവ കൂടി പലയിടങ്ങളിലായി രൂപപ്പെടുകയും വേനല്‍ മഴയെ സജീവമാക്കുകയും ചെയ്യും.