Kerala weather 29/05/25: ജാഗ്രത വേണം: പ്രളയ സാധ്യത മുന്നറിയിപ്പ്; നാല് ജില്ലകളിൽ റെഡ് അലർട്ട്
ഇന്നും നാളെയും അതിതീവ്ര മഴയ്ക്ക് സാധ്യത. ഇന്ന് പത്തനംതിട്ട, ഇടുക്കി, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ റെഡ് അലർട്ടാണ്. മറ്റെല്ലാ ജില്ലകളിലും ഓറഞ്ച് അലർട്ടും നൽകിയിട്ടുണ്ട് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ കാസർകോട്, കണ്ണൂർ, വയനാട്, എറണാകുളം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധിയാണ്.

അടുത്ത ദിവസങ്ങളിൽ പടിഞ്ഞാറൻ കാറ്റ് കേരളത്തിന് മുകളിൽ ശക്തമാകാൻ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഒഡിഷ തീരത്തിന് സമീപം വടക്ക് പടിഞ്ഞാറൻ – ബംഗാൾ ഉൾക്കടലിനു മുകളിലായി സ്ഥിതിചെയ്തിരുന്ന ശക്തി കൂടിയ ന്യുനമർദ്ദം തീവ്ര ന്യുനമർദ്ദമായി ശക്തി പ്രാപിച്ചു. പശ്ചിമ ബംഗാൾ – ബംഗ്ലാദേശ് തീരത്തിന് സമീപമായി സ്ഥിതി ചെയ്യുന്നു. വടക്കു ഭാഗത്തേക്ക് നീങ്ങുന്ന തീവ്ര ന്യുനമർദ്ദം അതിതീവ്ര ന്യുനമർദ്ദമായി വീണ്ടും ശക്തി പ്രാപിച്ചു ഉച്ചക്ക് ശേഷം സാഗർ ദ്വീപിനും (പശ്ചിമ ബംഗാൾ) ഖെപ്പു പാറ (ബംഗ്ലാദേശ്) ഇടയിൽ കരയിൽ പ്രവേശിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തുടർച്ചയായി മഴ ലഭിക്കുന്ന മേഖലകളിൽ ഉരുൾപ്പൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്ക സാധ്യതകൾ കണക്കിലെടുത്ത് അതീവ ജാഗ്രത വേണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു. കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി. കേരള തീരത്ത് കള്ളക്കടൽ
മുന്നറിയിപ്പും നിലനിൽക്കുന്നു.
പ്രളയ സാധ്യത മുന്നറിയിപ്പ്
അപകടകരമായ രീതിയിൽ ജലനിരപ്പുയരുന്നതിനെ തുടർന്ന് സംസ്ഥാന ജലസേചന വകുപ്പിൻറെ പത്തനംതിട്ട ജില്ലയിലെ മണിമല നദിയിലെ തോണ്ടറ (വള്ളംകുളം) സ്റ്റേഷനിൽ ഓറഞ്ച് അലർട്ടും; കോട്ടയം ജില്ലയിലെ മീനച്ചിൽ നദിയിലെ പേരൂർ സ്റ്റേഷൻ, കോഴിക്കോട് ജില്ലയിലെ കോരപ്പുഴ നദിയിലെ കുന്നമംഗലം, കൊള്ളിക്കൽ എന്നീ സ്റ്റേഷനുകളിലും, പത്തനംതിട്ട ജില്ലയിലെ അച്ചൻകോവിൽ നദിയിലെ കല്ലേലി, കോന്നി GD എന്നീ സ്റ്റേഷനുകളിലും, വയനാട് ജില്ലയിലെ കബനി നദിയിലെ കാക്കവയൽ സ്റ്റേഷൻ എന്നിവിടങ്ങളിൽ മഞ്ഞ അലർട്ടും പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ ഈ നദികളുടെ തീരത്ത് താമസിക്കുന്നവർ ജാഗ്രത പുലർത്തേണ്ടതാണ്.
യാതൊരു കാരണവശാലും നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണ്.
അധികൃതരുടെ നിർദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളിൽ നിന്ന് മാറി താമസിക്കാൻ തയ്യാറാവണം.
പ്രത്യേക അറിയിപ്പ്
നെയ്യാർ ഡാമിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ഡാമിന്റെ നാല് ഷട്ടറുകളും ഇന്ന് (മെയ് 29) രാവിലെ 10 മണിക്ക് 20 സെന്റീമീറ്റർ (ആകെ 80 സെന്റീമീറ്റർ ഉയർത്തി ). ഡാമിന്റെ സമീപപ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
ചിത്രം കടപ്പാട് : KSDMA
Tag: Kerala weather 29/05/25: Caution required: Flood warning; Red alert in four districts