Kerala weather 27/05/25: മഴക്കെടുതി രൂക്ഷം; മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്
കേരളത്തിൽ മഴക്കെടുതി രൂക്ഷം. കോഴിക്കോടും ആലുവയിലും റെയിൽവേ ട്രാക്കിൽ മരം വീണതിനെ തുടർന്ന് ട്രെയിനുകൾ വൈകിയാണ് ഓടുന്നത്. കോഴിക്കോട് നല്ലളം അരീക്കാട് റെയിൽവേ ട്രാക്കിന് മുകളിൽ മരങ്ങളും വീടുകളുടെ മേൽക്കൂരയും തകർന്നു വീണതിനെ തുടർന്ന് ഗതാഗതം തടസപ്പെട്ടത് ആറുമണിക്കൂറിലധികം ആണ്. മൂന്ന് വൻ മരങ്ങളും പത്തോളം വീടുകളുടെ മേൽക്കൂരയും ആണ് തകർന്ന് പാലത്തിലേക്ക് പതിച്ചത്. അപകടത്തെ തുടർന്ന് വടക്കൻ കേരളത്തിലേക്കും തിരിച്ചുമുള്ള നിരവധി ട്രെയിനുകളുടെ യാത്ര വൈകുന്നു.
ഗതാഗതം പുനസ്ഥാപിച്ചെങ്കിലും പല ട്രെയിനുകളും മൂന്നും നാലും മണിക്കൂർ വൈകിയാണ് ഓടുന്നത്. രാത്രി 12. 50ന് ഷൊർണുരിൽ എത്തേണ്ട മംഗലാപുരം – തിരുവനന്തപുരം മലബാർ എക്സ്പ്രസ് എത്തിയത് പുലർച്ചെ 5.45 നാണ് എത്തിയത്.എറണാകുളം അമ്പാട്ട് കാവിൽ മെട്രോ സ്റ്റേഷന് സമീപം റെയിൽവേ ട്രാക്കിലേക്ക് മരം വീണ് നാല് മണിക്കൂർ സമയം ട്രെയിൻ ഗതാഗതം തടസപ്പെട്ടു. ഇന്നലെ രാത്രി എട്ടു മണിയോടെയാണ് ട്രാക്കിന് സമീപത്തുള്ള ആൽമരം മറിഞ്ഞ് ട്രാക്കിൽ വീണത്. രണ്ട് ട്രാക്കിലെ ഇലക്ട്രിക്ക് ലൈനിലേക്കാണ് മരം വീണത്. റെയിൽവേയും ഫയർഫോഴ്സും നാട്ടുകാരും തടസം മാറ്റാനുള്ള ശ്രമങ്ങൾ അപ്പോൾ തന്നെ നടത്തിയിരുന്നു. നിരവധി ട്രെയിനുകളുടെ ഷെഡ്യൂൾ പുനക്രമീകരിച്ചിരിക്കുകയാണ്.
വൈകിയോടുന്ന ട്രെയിനുകൾ
ചെന്നൈ-മാംഗ്ലൂർ മെയിൽ
കോഴിക്കോട്-ഷൊർണ്ണൂർ പാസഞ്ചർ
തിരുവനന്തപുരം-മാംഗ്ലൂർ മലബാർ എക്സ്പ്രസ്
അന്ത്യോദയ എക്സ്പ്രസ്
ചെന്നൈ-എഗ്മോർ ഗുരുവായൂർ എക്സ്പ്രസ്
നിസാമുദ്ദീൻ – എറണാകുളം മംഗള എക്സ്പ്രസ്
ഗുരുവായൂർ-തിരുവനന്തപുരം എക്സ്പ്രസ്
രാജ്യറാണി എക്സ്പ്രസ്
അമൃത്സർ – തിരുവനന്തപുരം നോർത്ത് സൂപ്പർഫാസ്റ്റ് എക്സ്പ്രസ്
എറണാകുളത്തു റയിൽവേ ട്രാക്കിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ട സംഭവം പൂർണമായി പരിഹരിച്ചെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.
അതേസമയം കേരളത്തിൽ ഇന്നും തീവ്രമഴ സാധ്യത. തീവ്രമഴ കണക്കിലെടുത്ത് കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട്. തൃശ്ശൂര്‍, മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും, മറ്റ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ കണ്ണൂര്‍, വയനാട്, കോട്ടയം, കോഴിക്കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി നല്‍കിയിട്ടുണ്ട്.
ബംഗാള്‍ ഉള്‍ക്കടലിന് മുകളിലായി ഇന്ന് മറ്റൊരു ന്യൂനമര്‍ദ്ദം കൂടി രൂപപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ കേരളത്തില്‍ അടുത്ത അഞ്ച് ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു. കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കുണ്ട്. കേരള തീരത്ത് കള്ളക്കടല്‍ മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്.
മിന്നല്‍ ചുഴലി
മിന്നല്‍ ചുഴലിയില്‍ ചാലക്കുടിയില്‍ വ്യാപക നാശം. പടിഞ്ഞാറെ ചാലക്കുടി മേഖലയിലാണ് മിന്നല്‍ ചുഴലി വീശിയത്. നിമിഷങ്ങള്‍ മാത്രമാണ് കാറ്റടിച്ചത്. നിരവധി വീടുകളുടെ മേല്‍ക്കൂരകള്‍ പറന്നുപോയി. മരങ്ങള്‍ കടപുഴകി വീണു. വീടുകള്‍ക്കും നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. കഴിഞ്ഞ കാലവര്‍ഷത്തിലും ഈ പ്രദേശത്ത് മിന്നല്‍ ചുഴലി അനുഭവപ്പെട്ടിരുന്നു. കവുങ്ങ്, തെങ്ങ്, ജാതി, ഫലവൃക്ഷങ്ങള്‍ തുടങ്ങിയവ വ്യാപകമായി നശിച്ചു. ഇലക്ട്രിക് പോസ്റ്റുകള്‍ ഒടിഞ്ഞുവീണ് വൈദ്യുതി വിതരണം നിലച്ചു.
Tag:Kerala weather 27/05/25: Heavy rains; Red alert in three districts