കണ്ണൂർ ജില്ലയിലെ മലയോരമേഖലകളിൽ ലഭിച്ച വേനൽ മഴയിൽ ചെളിയിൽ മുങ്ങി നടുവിൽ- ശ്രീകണ്ഠപുരം റോഡ്
കേരളത്തിലെ താപനില ഓരോ ദിവസവും വർദ്ധിച്ചുവരികയാണ്. കടുത്ത വേനൽ ചൂടിന് ആശ്വാസമായി കിട്ടിയ വേനൽ മഴ കണ്ണൂർ ജില്ലയുടെ മലയോര മേഖലയിൽ കുളിരും ഒപ്പം ദുരിതവും സൃഷ്ടിച്ചിരിക്കുകയാണ്.
മലയോര മേഖലയിൽ ശനിയാഴ്ച വൈകിട്ടുമുതലാണ് കനത്ത മഴ ലഭിച്ചത്. നടുവിൽ, കുടിയാന്മല, ചുഴലി, ചെമ്പന്തൊട്ടി ഭാഗങ്ങളിലായിരുന്നു വേനൽ മഴ പെയ്തത് . ഒരുമണിക്കൂറോളം സമയം ശക്തമായ മഴയാണ് ഈ പ്രദേശങ്ങളിൽ എല്ലാം ലഭിച്ചത്. കനത്ത ചൂടിനും പൊടിക്കും അപ്രതീക്ഷിതമായി എത്തിയ വേനൽ മഴ ഏറെ ആശ്വാസം നൽകി.
എന്നാൽ നിർമാണം നടക്കുന്ന നടുവിൽ- ശ്രീകണ്ഠപുരം റോഡിന്റെ പല ഭാഗങ്ങളും ചെളിയിൽ മുങ്ങി പോയി. നടുവിൽ ടൗണിൽ ഓവുചാലുകൾ അടഞ്ഞതു കാരണം കെട്ടിക്കിടന്ന മഴവെള്ളം യാത്രക്കാരെയും വ്യാപാരികളെയും ദുരിതത്തിൽ ആക്കി. പള്ളിത്തട്ടിൽ തൂണുകൾ നിലം പൊത്തിയതിനെ തുടർന്ന് വൈദ്യുത ലൈനുകൾ റോഡിൽ വീണതിനെ തുടർന്ന് ഗതാഗതം തടസമുണ്ടായി.