Kerala weather 14/06/25: ഇന്നും നാളെയും മഴ ശക്തമാകും: ഉയർന്ന തിരമാല മുന്നറിയിപ്പും
കേരളത്തിൽ ഇന്നും നാളെയും അതിശക്തമായ മഴയും, തീവ്രമഴയും ലഭിക്കും. പ്രത്യേകിച്ച് മഴ കൂടുതൽ തീവ്രമാവുക വടക്കൻ കേരളത്തിലാണ്.
കിഴക്കൻ ചൈന കടലിൽ ഉള്ള ചുഴലിക്കാറ്റ് വടക്കൻ കേരളത്തിനും കർണാടകക്കും സമാന്തരമായാണ് നിൽക്കുന്നത് അതിനാൽ കൊങ്കൺ മേഖലയിലും തീരദേശ കർണാടകയിലും വടക്കൻ കേരളത്തിലും കൂടുതൽ മഴ ലഭിക്കുന്നതിന് കാരണമാകും. കാസർകോട്, കണ്ണൂർ ജില്ല മുതൽ കർവാർ വരെയുള്ള മേഖലയിൽ അതിതീവ്രമായ മഴയ്ക്കാണ് സാധ്യത. അതേസമയം ഒരു ന്യൂനമർദ്ദം കരകയറി മധ്യ ഇന്ത്യയുടെ മുകളിൽ എത്തിനിൽക്കുന്നു. ഈ ന്യൂനമർദ്ദത്തിന്റെ സ്വാധീനവും കേരളത്തിൽ മഴ ശക്തമാകാൻ കാരണമാകുന്നു. ഇന്നും നാളെയും കേരളത്തിൽ പരക്കെ മഴ ലഭിക്കുമെന്നും metbeat weather നിരീക്ഷകർ.
അതേസമയം വരും മണിക്കൂറിൽ തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. മഴയ്ക്കൊപ്പം കാറ്റിന്റെ വേഗത 50 കിലോമീറ്റർ വരെ എത്താം.
കൂടാതെ തീവ്രമഴ കണക്കിലെടുത്ത് ഇന്ന് അഞ്ചു ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട് മലപ്പുറം ജില്ലകളിലാണ് ഇന്ന് റെഡ് അലർട്ട് ഉള്ളത്. പാലക്കാട്, തൃശൂർ, ഇടുക്കി, എറണാകുളം, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ ഓറഞ്ച് അലർട്ടും, തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ യെല്ലോ അലർട്ടും ആണ് ഐ എം ഡി ഇന്ന് നൽകിയിട്ടുള്ളത്. നാളെയും കണ്ണൂർ, കാസർകോട്, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ റെഡ് അലർട്ടും മറ്റെല്ലാ ജില്ലകളിലും ഓറഞ്ച് അലർട്ടും ആണ് കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചിട്ടുള്ളത്. നാളെ കേരളം മുഴുവൻ അതിശക്തമായ മഴയ്ക്കും തീവ്രമഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു.
ഉയർന്ന തിരമാല ജാഗ്രതാ നിർദേശം
കേരള തീരത്ത് 15/06/2025 രാത്രി 08.30 വരെ 2.8 മുതൽ 3.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.
പ്രത്യേക ജാഗ്രത
ഓറഞ്ച് അലർട്ട്
തിരുവനന്തപുരം: കാപ്പിൽ മുതൽ പൊഴിയൂർ വരെ (14/06/2025 ന് രാത്രി 08.30 വരെ)
കൊല്ലം: ആലപ്പാട് മുതൽ ഇടവ വരെ
ആലപ്പുഴ: ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെ
എറണാകുളം: മുനമ്പം FH മുതൽ മറുവക്കാട് വരെ
കണ്ണൂർ & കാസറഗോഡ്: കുഞ്ചത്തൂർ മുതൽ കോട്ടക്കുന്ന് വരെ
എറണാകുളം: മുനമ്പം മുതൽ മറുവക്കാട് വരെ
തൃശൂർ: ആറ്റുപുറം മുതൽ കൊടുങ്ങല്ലൂർ വരെ
മലപ്പുറം: കടലുണ്ടി നഗരം മുതൽ പാലപ്പെട്ടി വരെ
കാസറഗോഡ്: കുഞ്ചത്തൂർ മുതൽ കോട്ടക്കുന്ന് വരെ
കണ്ണൂർ: വളപട്ടണം മുതൽ ന്യൂമാഹി വരെ (15/06/2025 രാവിലെ 08.30 മുതൽ രാത്രി 08.30 വരെ)
കോഴിക്കോട്: ചോമ്പാല മുതൽ രാമനാട്ടുകര വരെ
കന്യാകുമാരി ജില്ലയിലെ നീരോടി മുതൽ ആരോക്യപുരം വരെയുള്ള തീരങ്ങളിൽ (ഓറഞ്ച് അലർട്ട്) 14/06/2025 വൈകുന്നേരം 05.30 വരെ 2.9 മുതൽ 3.1 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.
ജാഗ്രത നിർദേശങ്ങൾ
- കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.
- മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.
- ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.
Tag:Kerala weather 14/06/25: Heavy rains today and tomorrow: High tide warning