kerala weather 09/01/23 : ഇന്നും മഴ സാധ്യത ; നാളെ മുതൽ മഴയുടെ സ്വഭാവം ഇങ്ങനെ
കഴിഞ്ഞ കുറച്ച് ദിവസമായി തുടരുന്ന മഴ കേരളത്തിൽ ഇന്നും തുടരും. തെക്കൻ തമിഴ്നാട്ടിലും ശക്തമായ മഴ ഇന്ന് തുടരും. അറബിക്കടൽ, ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ ഉണ്ടായ അന്തരീക്ഷ മാറ്റങ്ങളും ചക്രവാത ചുഴിയും മറ്റുമാണ് മഴക്ക് കാരണം. നാളെ (ബുധൻ) മുതൽ മഴ കടലിലേക്ക് കേന്ദ്രീകരിക്കുകയും മഴ കരയിൽ കുറയാനുമാണ് സാധ്യതയെന്ന് ഞങ്ങളുടെ നിരീക്ഷകർ പറയുന്നു.
ഇന്നും മഴ ഉച്ചയ്ക്ക് ശേഷവും വൈകിട്ടും രാത്രിയിലും ആയിരിക്കും. കേരളത്തിൽ തീരദേശം ഉൾപ്പെടെ ഇന്ന് മഴ ലഭിക്കാൻ സാധ്യതയുണ്ട്. തെക്കൻ തമിഴ്നാട്ടിൽ ഇപ്പോൾ പലയിടങ്ങളിലായി മഴ റിപ്പോർട്ട് ചെയ്യുന്നുണ്ട്. നാളെ മുതൽ തമിഴ്നാട്ടിലും മഴ കുറയാനാണ് സാധ്യതയെന്നാണ് Metbeat Weather ലെ നിരീക്ഷകർ പറയുന്നത്.
ശ്രീലങ്കക്ക് സമീപം ചക്രവാത ചുഴി (cyclonic circulation) കഴിഞ്ഞ ദിവസം രൂപപ്പെട്ടിരുന്നു. ഈ ചക്രവാത ചുഴിയിൽ നിന്ന് ഒരു ന്യൂനമർദ പാത്തി (Trough) ബംഗാൾ ഉൾക്കടലിലേക്ക് നീളുന്നു. അറബി കടലിൽ നിന്ന് കേരളത്തിന് സമാന്തരമായി മറ്റൊരു ന്യൂനമർദ പാത്തിയും ഉടലെടുത്തിരുന്നു. ഇതാണ് തെക്കൻ തമിഴ്നാട്ടിലും തെക്കൻ കേരളത്തിലും മഴ സാധ്യത വർധിപ്പിച്ചത്.
കേരളത്തിൽ ഇന്നും എറണാകുളം, കോട്ടയം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട്, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഒറ്റപ്പെട്ട മഴ പ്രതീക്ഷിക്കണം. തെക്കൻ കേരളത്തിൽ ആണ് കൂടുതൽ മഴ സാധ്യത. തീരദേശത്തും മഴ രാത്രയിൽ പ്രതീക്ഷിക്കാം.
ശ്രീലങ്കക്ക് സമീപം രൂപപ്പെട്ട ചക്രവാത ചുഴി അടുത്തദിവസം പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് കന്യാകുമാരി കടൽ വഴി അറബിക്കടലിൽ എത്താനാണ് സാധ്യത. അതിനാലാണ് ഇന്നു മുതൽ മഴ കടലിലേക്ക് കേന്ദ്രീകരിക്കുന്നത്.
തമിഴ്നാട്ടിൽ മഴക്കൊപ്പം ശക്തമായ ഇടിമിന്നൽ ഉണ്ടാകുമെന്നും ജാഗ്രത പാലിക്കണമെന്നും ഞങ്ങളുടെ നിരീക്ഷകർ പറഞ്ഞു. ഉത്തരേന്ത്യയിൽ നിന്നും വരുന്ന വരണ്ട തണുത്ത കാറ്റും ബംഗാൾ ഉൾക്കടലിൽ നിന്ന് വരുന്ന ഈർപ്പമുള്ള കാറ്റും സംഗമിക്കുന്നതുമൂലം (convergence) ആണ് ശക്തമായ മഴയും മിന്നലും (thunderstorm) ഉണ്ടാകുന്നത്. ഇതാണ് തെക്കൻ തമിഴ്നാട്ടിലെ മഴക്ക് കാരണം.
ഇടിമിന്നൽ തൽസമയം അറിയുന്നതിന് വേണ്ടി ഞങ്ങളുടെ വെബ്സൈറ്റിലെ മിന്നൽ റഡാർ ഉപയോഗിക്കാം.