Kerala summer rain updates 17/03/24: കുറച്ചുദിവസം ചൂടിന് ആശ്വാസം; എല്ലാ ജില്ലകളിലും മഴയെത്തുന്നു
രണ്ടു മാസത്തോളമായി നീണ്ടുനിന്ന കടുത്ത ചൂടിന് ശേഷം കേരളത്തിൽ വേനൽ മഴ എത്തുന്നു. ഈ മാസം 21 മുതൽ 25 വരെ മഴ ലഭിക്കുമെന്നാണ് ഇപ്പോഴത്തെ നിരീക്ഷണം എന്ന് Metbeat Weather അറിയിച്ചു. തെക്കൻ കേരളത്തിൽ ഒറ്റപ്പെട്ട രീതിയിൽ വേനൽ മഴ കഴിഞ്ഞ കുറെ ദിവസങ്ങളായി ലഭിക്കുന്നുണ്ട്. എന്നാൽ കേരളത്തിലെ എല്ലാ ജില്ലകളിലും മഴ ലഭിക്കുന്ന രീതിയിലുള്ള അന്തരീക്ഷം മാറ്റമാണ് ഉണ്ടാകുന്നതെന്നും ഞങ്ങളുടെ വെതർമാൻ പറഞ്ഞു.
കേരളത്തിൽ ഒപ്പം തമിഴ്നാട്ടിലും കർണാടകയിലും മഴ ലഭിക്കും. ഈ മാസം 20ന് ശേഷം തെക്കൻ കേരളത്തിലും മധ്യകേരളത്തിലും ഇപ്പോൾ ലഭിക്കുന്ന മഴയുടെ അളവിൽ കൂടുതൽ മഴ ലഭിക്കാൻ സാധ്യതയുണ്ട്. 21 22 തീയതികളിൽ എല്ലാ ജില്ലകളിലും മഴ പ്രതീക്ഷിക്കണം. ഉച്ചയ്ക്കുശേഷം വൈകിട്ടും രാത്രിയിലുമായി ഇടിയോടു കൂടെയുള്ള മഴക്കാണ് സാധ്യത.
കോഴിക്കോട് മുതൽ തിരുവനന്തപുരം വരെയുള്ള ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായതോ ( Isolated Heavy Rain) ഇടത്തരമോ ആയ (Moderate Rain) മഴയും കാസർകോട് കണ്ണൂർ ജില്ലകളിൽ ചാറ്റൽ മഴയോ (Light Rain) ഇടത്തരം (Moderate ) മഴയോ ആണ് പ്രതീക്ഷിക്കുന്നത്. വർഷക്കാലം പോലെ ഈ പറഞ്ഞ പ്രദേശങ്ങളിലെല്ലാം വ്യാപകമായ മഴ ഉണ്ടാകില്ല. എന്നാൽ ഈ ലൊക്കേഷനുകളിൽ വൈകിട്ട് സാധാരണ രീതിയിലുള്ള വേനൽ മഴ പ്രതീക്ഷിക്കാം. ഒരു ചെറിയ പ്രദേശം കേന്ദ്രീകരിച്ച് അരമണിക്കൂറോ അതിൽ കൂടുതലോ നേരം പെയ്തു നിൽക്കുന്ന മഴ മാത്രം പ്രതീക്ഷിച്ചാൽ മതിയാകും.
വേനൽ മഴ ലഭിക്കുന്ന പ്രദേശങ്ങളിൽ ശക്തമായ കാറ്റും മിന്നലും ഉണ്ടാകും അതിനാൽ കൃഷി നാശം ഉൾപ്പെടെ സംഭവിക്കാൻ സാധ്യതയുണ്ട്. മലയോരമേഖലകളിൽ മലവെള്ളപ്പാച്ചിലും ഉണ്ടായേക്കാം. അതിനാൽ കിഴക്കൻ മേഖലകളിൽ സാഹസിക യാത്ര നടത്തുന്നവർ ജാഗ്രത പാലിക്കണം. എവിടെ മഴ പെയ്യുന്നു എന്നതിലെ അടിസ്ഥാനപ്പെടുത്തി നിങ്ങളുടെ യാത്രകളിലും മറ്റും മാറ്റം വരുത്തിയാൽ മതിയാകും.
കാലാവസ്ഥ സംബന്ധിച്ചുള്ള തൽസമയ വിവരങ്ങൾ metbeatnews.com വഴിയും whatsaap group കൾ വഴിയും update ചെയ്യാനാകും. ശക്തമായ കാറ്റിന് (gust wind) സാധ്യതയുള്ളതിനാൽ കർഷകർ വാഴ കൃഷിക്ക് താങ്ങു കൊടുത്തും മറ്റും സംരക്ഷിക്കാവുന്നതാണ്. 25നും കേരളത്തിൽ ഒറ്റപ്പെട്ട വേനൽ മഴ ലഭിക്കും. തുടർന്ന് മഴരഹിതമായ ദിനങ്ങളിലേക്ക് കാലാവസ്ഥ മാറാനാണ് സാധ്യതയെന്നും വീണ്ടും ചൂട് കൂടുമെന്നും Metbeat Weather ലെ നിരീക്ഷകർ പറയുന്നു.
ഏപ്രിൽ ആദ്യവാരത്തിൽ മഴ വീണ്ടും തിരികെയെത്താൻ ഉള്ള നേരിയ സൂചനകൾ ഇപ്പോൾ ഉണ്ട്. എന്നാൽ ഇക്കാര്യത്തിൽ സ്ഥിരീകരണം നൽകാൻ കഴിയില്ല. അടുത്ത ദിവസങ്ങളിലെ ഇതേക്കുറിച്ച് എന്തെങ്കിലും പറയാൻ കഴിയൂ. എന്നാൽ ഏപ്രിൽ രണ്ടാം വാരം മുതൽ കേരളത്തിൽ വ്യാപകമായ വേനൽമഴക്ക് സാധ്യതയുണ്ട്. വേനൽ മഴ ലഭിക്കുമെങ്കിലും പകൽ ചൂടിന്കുറവുണ്ടാകില്ല. ഈ മാസം 20 വരെ കടുത്ത ചൂട് വിവിധ ജില്ലകളിൽ അനുഭവപ്പെടും.
മാർച്ച് മാസത്തിൽ കേരളത്തിൽ സാധാരണ രീതിയിൽ വേനൽ മഴ ലഭിക്കും എന്നായിരുന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് ഉൾപ്പെടെയുള്ള ഏജൻസികളുടെ പ്രവചനം. എന്നാൽ ഇതുവരെ അത്തരത്തിലുള്ള മഴ റിപ്പോർട്ട് ചെയ്തിട്ടില്ല. തെക്കൻ ജില്ലകളിൽ ഒറ്റപ്പെട്ട മഴ ലഭിക്കുന്നുണ്ടെങ്കിലും 92% മഴ കുറവാണ് ഇപ്പോൾ കേരളത്തിലുള്ളത്. മാർച്ച് മാസം മുതൽ മെയ് 30 വരെയുള്ള വേനൽ മഴയുടെ അളവിലാണ് കുറവ് അനുഭവപ്പെടുന്നത്.
മാർച്ച് 1 മുതൽ 17 വരെ കേരളത്തിൽ 18.1 മില്ലിമീറ്റർ മഴയാണ് ലഭിക്കേണ്ടത്. എന്നാൽ ഇതുവരെ 1.4 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്. ലക്ഷദ്വീപിൽ 12.5m വരെ ലഭിക്കേണ്ടതിന് പകരം 0 മില്ലിമീറ്റർ ആണ് മഴ ലഭിച്ചത്. 100% മഴ കുറവ്. കേരളത്തിൽ കോഴിക്കോട്, വയനാട്, കണ്ണൂര് , കാസർകോട് മലപ്പുറം ജില്ലകളിൽ 100% മഴ കുറവ് രേഖപ്പെടുത്തി. ഈ ജില്ലകളിൽ ഇതുവരെ ലഭിക്കേണ്ട മഴയുടെ ഒരു ശതമാനം പോലും മഴ ലഭിച്ചില്ല.
പത്തനംതിട്ട ഒഴികെയുള്ള മറ്റു ജില്ലകളിൽ 90 മുതൽ 99% വരെ മഴ കുറവുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴ റിപ്പോർട്ട് ചെയ്ത പത്തനംതിട്ട ജില്ലയിൽ, 71 ശതമാനം മഴ കുറവുണ്ട്. പാലക്കാട്, ഇടുക്കി 99ശതമാനവും ആലപ്പുഴ, കൊല്ലം 98% വും ആണ് മഴക്കുറവ്.
ഉയർന്ന താപനില : മഞ്ഞ അലർട് പ്രഖ്യാപിച്ചു
2024 മാർച്ച് 17 മുതൽ 20 വരെ പാലക്കാട്, കൊല്ലം ജില്ലകളിൽ ഉയർന്ന താപനില 39°C വരെയും, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എന്നീ ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും തൃശ്ശൂർ, കോഴിക്കോട് എന്നീ ജില്ലകളിൽ ഉയർന്ന താപനില 36°C വരെയും (സാധാരണയെക്കാൾ 2 – 4 °C കൂടുതൽ) ഉയരാൻ സാധ്യതയെന്ന് imd അറിയിച്ചു.
ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ 2024 മാർച്ച് 17 മുതൽ 20 വരെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.
ശക്തമായ തിരമാലയ്ക്ക് സാധ്യത
കേരള തീരത്തും തെക്കൻ തമിഴ്നാട് തീരത്തും ഇന്ന് രാത്രി 11 വരെ 0.5 മീറ്റർ മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാല സാധ്യതയെന്ന് ദേശീയ സമുദ്രസ്ഥിതി ഗവേഷണ കേന്ദ്രം (Incois) അറിയിച്ചു.