kerala rain forecast 14/08/24: ഇന്നും ഇടിയോടെ മഴ, മലവെള്ളപ്പാച്ചിൽ സാധ്യത, ഇത് തുലാമഴ അല്ല

kerala rain forecast 14/08/24: ഇന്നും ഇടിയോടെ മഴ, മലവെള്ളപ്പാച്ചിൽ സാധ്യത, ഇത് തുലാമഴ അല്ല

ശ്രീലങ്കക്ക് സമീപം കടലിൽ രൂപപ്പെട്ട ചക്രവാത ചുഴിയെ (cyclonic circulation) തുടർന്ന് കേരളത്തിൽ ഇന്നും വൈകിട്ടും രാത്രിയുമായി ശക്തമായ മഴ സാധ്യത. സമുദ്രോപരിതലത്തിൽ നിന്ന് 4.5 കിലോമീറ്റർ ഉയരത്തിൽ ആയാണ് ചക്രവാത ചുഴി രൂപപ്പെട്ടത്.

കന്യാകുമാരി കടലിൽ നിന്ന് രായലസീമ വരെ ന്യൂനമർദ്ദ പാത്തിയും (Trough) ഇന്നലെ രൂപപ്പെട്ടിട്ടുണ്ട്. ഇതോടെ കേരളത്തിൻ്റെ കിഴക്കൻ മേഖലകളിലും തമിഴ്നാട്ടിലും മഴ ശക്തിപ്പെടും. കേരളത്തിലെ ഡാമുകളിലേക്കുള്ള നീരൊഴുക്കും വർദ്ധിക്കും.

ഇന്നലെയും വിവിധ പ്രദേശങ്ങളിൽ ശക്തമായ മഴ ലഭിച്ചിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ Metbeat Weather പ്രവചിച്ച പ്രദേശങ്ങളിൽ അടക്കം ശക്തമായ മഴ ലഭിച്ചു. ഉരുൾപൊട്ടൽ ഉണ്ടായ വയനാട് ജില്ലയിലെ മുണ്ടക്കൈയിലും ചൂരൽ മലയിലും ഇന്നലെ ശക്തമായ മഴ രണ്ടു മണിക്കൂറോളം തുടർന്നു.

ഇതിനു പിന്നാലെ ചൂരൽമലയിൽ മലവെള്ളപ്പാച്ചിൽ ഉണ്ടാവുകയും ചെയ്തു. ഈ മേഖലയിൽ ഓഗസ്റ്റ് 15 വരെ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നും വൈകിട്ട് ഇടിയോടുകൂടിയാണ് മഴ ലഭിക്കുകയെന്നും ഓഗസ്റ്റ് 11ന് നൽകിയ metbeatnews.com ൽ നൽകിയ വിശദമായ റിപ്പോർട്ടിൽ അറിയിച്ചിരുന്നു. റിപ്പോർട്ട് വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

ഇന്നും വിവിധ പ്രദേശങ്ങളിൽ വൈകിട്ട് മഴ തുടരും. രാവിലെ മുതൽ തീരദേശങ്ങളിൽ ഉൾപ്പെടെ വെയിൽ ഉണ്ടാകും. മഴ ലഭിക്കാത്ത ഇടങ്ങളിൽ വെയിലിന് ചൂട് കൂടുകയും ചെയ്യും. എന്നാൽ രണ്ടു ദിവസത്തിനകം ഈ പ്രദേശങ്ങളിലെ വെയിലിന്റെ ചൂട് കുറയാനാണ് സാധ്യത.

കോഴിക്കോട് മുതൽ കണ്ണൂർ വരെയുള്ള തീരദേശവും ഇടനാട് പ്രദേശത്തും ഇന്ന് ശക്തമായ മഴ സാധ്യത. കോഴിക്കോട്, മലപ്പുറം ജില്ല അതിർത്തി പ്രദേശങ്ങളായ മുക്കം, മാവൂർ, കൊണ്ടോട്ടി, മലപ്പുറം ജില്ലയിലെ കിഴക്കൻ മേഖലകൾ, കണ്ണൂർ ജില്ലയിലെ കിഴക്കൻ മേഖലകൾ, തൃശ്ശൂർ ജില്ലയിലെ പാലക്കാടുമായി അതിർത്തി പങ്കിടുന്ന മേഖലകൾ, പാലക്കാട് ജില്ലയുടെ പടിഞ്ഞാറൻ മേഖലകൾ എന്നിവിടങ്ങളിൽ നിന്ന് ഇടത്തരം മഴയോ ശക്തമായ മഴയോ ലഭിച്ചേക്കാം.

തൃശ്ശൂർ ജില്ലയുടെ തെക്കു കിഴക്കൻ മേഖലകൾ, എറണാകുളം ജില്ലയുടെ കിഴക്കൻ പ്രദേശങ്ങൾ, കൊല്ലം ജില്ലയുടെ കിഴക്കൻ മേഖലകൾ ഇടുക്കി ജില്ലയുടെ പടിഞ്ഞാറൻ മേഖലകൾ എന്നിവിടങ്ങളിലും ഇന്ന് ഇടിയോടെ ശക്തമായ മഴ ലഭിക്കാൻ സാധ്യത.

കിഴക്കൻ മലയോര മേഖലകളിലേക്കുള്ള ജാഗ്രത തുടരണം. പെട്ടെന്നുള്ള അതിശക്തമായ മഴയെ തുടർന്ന് മലവെള്ളപ്പാച്ചിലും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ടുകളും ഉണ്ടായേക്കാം. ഏതാനും മണിക്കൂറുകൾ മാത്രം നീണ്ടുനിൽക്കുന്ന മഴയാണ് ലഭിക്കുക. പകൽ കാണുന്ന വെയിൽ കണ്ട് വൈകിട്ട് മഴ ഉണ്ടാകില്ലെന്ന് പ്രതീക്ഷിക്കരുത്.

ഇത് തുലാമഴ അല്ല

ഇത് തുലാവർഷ മഴയാണെന്ന് തെറ്റിദ്ധരിക്കുകയും വേണ്ട. ഇടിയോടുകൂടെ പെയ്യുന്ന മഴയെല്ലാം തുലാവർഷമല്ല. കാലവർഷക്കാറ്റ് ഇപ്പോഴും അതിൻ്റെ ശരിയായ ദിശയിൽ തുടരുന്നുണ്ട്. കന്യാകുമാരിക്ക് അടുത്ത രൂപപ്പെട്ട ചക്രവാതചുഴിയും ഇതോടനുബന്ധിച്ചുള്ള ന്യൂനമർദ്ദ പാത്തിയുമാണ് കേരളത്തിൽ ലഭിക്കുന്ന മഴയ്ക്ക് കാരണം. ഇത് മൂലം കിഴക്കൻ കാറ്റ് ശക്തിപ്പെടുകയും പലയിടങ്ങളിലായി convergence, convection തുടങ്ങിയ പ്രതിഭാസങ്ങൾക്ക് കാരണമാകുകയും ചെയ്യുന്നതിനാലാണ് ഇടിയോടെ മഴ ലഭിക്കുന്നത്.

ചക്രവാത ചുഴി ദുർബലമാകുന്നതോടെ വീണ്ടും ഇടിയില്ലാത്ത സാധാരണ വർഷക്കാലം മഴ ലഭിക്കും. സെപ്റ്റംബർ 30 വരെ കാലവർഷക്കാറ്റ് തുടരും. കാലവർഷം പിൻവാങ്ങിയ ശേഷം മാത്രമേ തുലാവർഷത്തിന്റെ ഭാഗമായുള്ള മഴ ലഭിക്കുകയുള്ളൂ. ഒക്ടോബർ പകുതിയെങ്കിലും ആകാനാണ് സാധ്യത. കാലവർഷക്കാറ്റിന്റെ ദിശയും തുലാവർഷക്കാറ്റിന്റെ ദിശയും രണ്ടും രണ്ടാണ്.

കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അതിശക്ത മഴ മുന്നറിയിപ്പ് പ്രകാരം സംസ്ഥാനത്ത് ഇന്ന് എറണാകുളം, തൃശൂര്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

വൈകുന്നേരങ്ങളിൽ മഴക്കൊപ്പം ഇടിമിന്നൽ ജാഗ്രതയും പാലിക്കണം. മെറ്റ്ബീറ്റ് ന്യൂസ് വെബ്സൈറ്റിലെ ലൈറ്റിങ് റഡാർ ഉപയോഗിച്ച് ഇടിമിന്നൽ കണ്ടെത്താനാകും. കൂടുതൽ വിവരങ്ങൾക്കായി ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകളിൽ തുടരുക.

metbeat news

കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.
വാട്‌സ്ആപ്
ടെലഗ്രാം
വാട്‌സ്ആപ്പ് ചാനല്‍
Google News
Facebook Page
Weatherman Kerala Fb Pag

Weather Journalist at metbeatnews.com. Graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with 6 years of experience in print and online media.

WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now