മെയ് 10 വരെ കേരളത്തില്‍ വേനല്‍ മഴ, ഉത്തരേന്ത്യ ഉഷ്ണതരംഗത്തില്‍

മെയ് 10 വരെ കേരളത്തില്‍ വേനല്‍ മഴ, ഉത്തരേന്ത്യ ഉഷ്ണതരംഗത്തില്‍

കേരളത്തില്‍ ഇന്നു മുതല്‍ വേനല്‍ മഴയില്‍ വിവിധ ജില്ലകളില്‍ വര്‍ധനവുണ്ടാകാന്‍ സാധ്യത. മെയ് 10 വരെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട മഴ ലഭിക്കുമെന്നാണ് മെറ്റ്ബീറ്റ് വെതറിലെ നിരീക്ഷകരുടെ നിഗമനം. അതേസമയം, വേനല്‍ മഴ ലഭിച്ചാലും ചൂടിന് വലിയ കുറവൊന്നും അനുഭവപ്പെടില്ല. ചൂടും അന്തരീക്ഷത്തിലെ ഈര്‍പ്പവും മൂലമാണ് അസ്വസ്ഥതയുള്ള അന്തരീക്ഷം അനുഭവപ്പെടുന്നത്.

വടക്കന്‍ കേരളം, തെക്കന്‍ കര്‍ണാടകയുടെ തീരദേശം, ഉള്‍നാടന്‍ കര്‍ണാടക, തമിഴ്‌നാടിന്റെ കിഴക്കന്‍ തീരദേശം, തെക്കന്‍ തമിഴ്‌നാട് എന്നിവിടങ്ങളിലും മഴ ലഭിക്കും. ഉച്ചയ്ക്ക് ശേഷം ഇടിയോടെ മഴയാണ് കേരളത്തില്‍ ഉള്‍പ്പെടെ പ്രതീക്ഷിക്കേണ്ടത്. കേരളത്തില്‍ കിഴക്കന്‍ മേഖലയിലും ഇടനാട്ടിലും തീരദേശത്തും മഴ ലഭിക്കും.

കേരളത്തിലെ ഹ്യുമിഡിറ്റി മാപ്പ് – Courtesy- Windy

കര്‍ണാടകയിലും വടക്കന്‍ ജില്ലകളിലും മഴ

കാസര്‍കോട് ഉള്‍പ്പെടെ ഇതുവരെ മഴ കുറവ് ലഭിച്ച വടക്കന്‍ ജില്ലകളിലും ചില പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് മഴ ലഭിക്കും. കര്‍ണാടകയില്‍ മംഗലാപുരം മുതല്‍ ബത്കല്‍ വരെയുള്ള തീരദേശത്തും ഇടനാട്ടിലും പശ്ചിമഘട്ടത്തിലും മഴ സാധ്യതയുണ്ട്. ഉഡുപ്പിയിലും മംഗലാപുരത്തും ഇന്നും വരും ദിവസങ്ങളിലും മഴ സാധ്യത. കര്‍ണാടകയില്‍ മിക്കയിടത്തും അടുത്ത 2 ദിവസം മഴ സാധ്യത.

ഇന്നത്തെ അന്തരീക്ഷസ്ഥിതി

കഴിഞ്ഞ ദിവസങ്ങളിലെ അന്തരീക്ഷസ്ഥിതിയാണ് ഇപ്പോഴും ഉള്ളത്. പടിഞ്ഞാറന്‍ വിദര്‍ഭ മുതല്‍ മാന്നാര്‍ കടലിടുക്ക് വരെ മറാത്ത് വാഡയ്ക്കും ഉള്‍നാടന്‍ കര്‍ണാടകയ്ക്കും, തമിഴ്‌നാടിനും മുകളിലൂടെ കടന്നു പോകുന്ന ന്യൂനമര്‍ദ പാത്തിയാണ് മഴക്ക് അനുകൂല അന്തരീക്ഷം ഒരുക്കുന്നത്. അന്തരീക്ഷത്തിന്റെ താഴ്ന്ന ഉയരത്തില്‍ സമുദ്ര നിരപ്പില്‍ നിന്ന് 1.5 കി.മി ഉയരത്തിലാണ് ഈ ന്യൂനമര്‍ദ പാത്തി (Trough) കടന്നു പോകുന്നത്. ഇതിനാല്‍ കേരളത്തിന്റെ കിഴക്കന്‍ മലയോരത്ത് ഇത് കാറ്റിന്റെ അഭിസരണത്തിന് (Convergence) വഴി ഒരുക്കുമെന്നാണ് നിരീക്ഷണം.

ചൂട് കൂടുന്നത് വടക്കേ ഇന്ത്യയില്‍

കേരളത്തില്‍ ഏപ്രില്‍ അവസാനിക്കാനിരിക്കെ പകല്‍ ചൂടില്‍ സാധാരണയേക്കാള്‍ വലിയ അന്തരമില്ല. എന്നാല്‍ ഉത്തരേന്ത്യയില്‍ കശ്മിരില്‍ ഉള്‍പ്പെടെ ചൂട് കൂടുകയാണ്. നേരത്തേ ഡല്‍ഹി വരെ എത്തി നിന്ന ചൂട് കശ്മിരിന്റ ലഡാക്ക് മേഖലയിലേക്കും വ്യാപിച്ചു കഴിഞ്ഞു. ഡല്‍ഹി രോഹിണിയില്‍ 42 ഡിഗ്രിയാണ് ഇന്നത്തെ താപനില. കഴിഞ്ഞ ദിവസങ്ങളില്‍ 41 ഡിഗ്രിയായിരുന്നു ഡല്‍ഹിയിലെ ചൂട്.

ഉത്തരേന്ത്യയില്‍ ഉഷ്ണതരംഗ സാധ്യത

സാധാരണയേക്കാള്‍ ഉത്തരേന്ത്യയില്‍ 2.3 മുതല്‍ 4 ഡിഗ്രിവരെ ചൂട് കൂടുതലായി രേഖപ്പെടുത്തുന്നുണ്ട്. അതിനാല്‍ ഉഷ്ണ തരംഗ സാധ്യത നിലനില്‍ക്കുന്നു. തുടര്‍ച്ചയായി സമതല പ്രദേശങ്ങളില്‍ അന്തരീക്ഷ താപനില രണ്ടു മുതല്‍ 3 ഡിഗ്രിവരെ കൂടുതല്‍ രേഖപ്പെടുത്തുകയും അന്തരീക്ഷ താപനില തുടര്‍ച്ചയായി നാലു ദിവസം 40 ഡിഗ്രിയില്‍ കൂടുതല്‍ അനുഭവപ്പെടുകയും ചെയ്താല്‍ ഉഷ്ണതരംഗമായി കണക്കാക്കാം.

വടക്കുകിഴക്കന്‍ രാജസ്ഥാന് മുകളില്‍ രൂപപ്പെട്ട ചക്രവാതച്ചുഴി ഡല്‍ഹിയിലേക്ക് കാറ്റിനെ കൊണ്ടുവരുന്നതിനാല്‍ ബുധനാഴ്ചയ്ക്ക് ശേഷം ഡല്‍ഹിയില്‍ പകല്‍ താപനില 40 ഡിഗ്രിക്ക് താഴെ എത്താനും സാധ്യതയുണ്ട്. കിഴക്കന്‍ കാറ്റ് നിലവില്‍ ഡല്‍ഹിക്ക് മുകളിലുണ്ടെങ്കിലും അതിന് ചൂടിനെ കുറയ്ക്കാന്‍ മാത്രം ശക്തിയില്ല.

English Summary : Kerala is set to experience increased summer rain until May 10, with isolated showers expected across all districts. Stay updated with the latest weather insights.

Metbeat News

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Femi Resmin is a multifaceted professional with a diverse educational and career background holds a Bachelor of Arts in English from Calicut University and a Bachelor of Education.She applies her extensive knowledge of the English language and analytical skills in her role as a content writer for weather reporting, delivering precise and informative content to a broad audience.