Israel-Hamas War Weather Updates
ഗാസയില്‍ ഇസ്രായേല്‍ നടത്തുന്ന ആക്രമണങ്ങള്‍ക്ക് (Israel-Hamas War) മോശം കാലാവസ്ഥ (Bad Weather) തടസമാകും. ഇസ്രായേല്‍ തലസ്ഥാനമായ തെല്‍അവിവില്‍ കഴിഞ്ഞ ദിവസത്തെ കനത്ത മഴയില്‍ പ്രളയമുണ്ടായി. മഴ ഇനിയും തുടരുമെന്നാണ് അന്തരീക്ഷസ്ഥിതി പ്രവചനമെന്ന് മെറ്റ്ബീറ്റ് വെതറിലെ സീനിയര്‍ ഫോര്‍കാസ്റ്റ് കണ്‍സല്‍ട്ടന്റ് അഭിലാഷ് ജോസഫ് പറയുന്നു.
ഒക്ടോബര്‍ 20 വരെ ശക്തമായ മഴ
ഇസ്രായേല്‍, ലബനാന്‍, സിറിയ,
മധ്യ ധരണ്യാഴി തീരങ്ങളില്‍ ഒക്ടോബര്‍ 20 വരെ ശക്തമായ മഴ തുടരാന്‍ അനുകൂല കാലാവസ്ഥയാണുള്ളത്. ഗാസയിലും മഴ ശക്തിപ്പെടും. എന്നാല്‍ വടക്കന്‍ ഭാഗങ്ങളില്‍ പെയ്യുന്ന മഴയുടെ ശക്തി ഗാസയില്‍ ലഭിക്കില്ല. 20 ന് ശേഷമാണ് ഇവിടെ മഴ ദുര്‍ബലമാകുകയുള്ളൂ. തുടര്‍ന്ന് ഒരാഴ്ചയോളം മഴ കുറയാനാണ് സാധ്യതയെന്നും ഇപ്പോഴത്തെ കാലാവസ്ഥ സൈനിക നടപടിയെ പ്രതികൂലമായി ബാധിക്കുമെന്നും അദ്ദേഹം പറയുന്നു.
മധ്യധരണ്യാഴിയില്‍ നിന്നുള്ള ഈര്‍പ്പ പ്രവാഹമാണ് വൈകുന്നേരങ്ങളില്‍ മാത്രം ശക്തിപ്പെടുന്ന മഴക്ക് കാരണം. ആറു മണിക്കൂര്‍ വരെ തുടരുന്ന ശക്തമായ മഴ പലയിടങ്ങളിലും പ്രളയത്തിന് കാരണമായേക്കും. ഈ മേഖലയില്‍ ഇപ്പോള്‍ ശീതകാല മഴക്കാലമാണ്.
കഴിഞ്ഞ ദിവസത്തെ ശക്തമായ മഴയിലും വെള്ളപ്പൊക്കത്തിലും ഇസ്രായേല്‍ തലസ്ഥാനമായ തെല്‍അവിവില്‍ രണ്ടു പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു. നഗരത്തില്‍ വന്‍തോതില്‍ വെള്ളക്കെട്ടുണ്ടായി. ഏറ്റവും കൂടുതല്‍ കെടുതികളുണ്ടായത് തെല്‍അവിവിനു സമീപത്തെ ഹെര്‍സിലിയയിലാണ്.
ഗാസ കരയുദ്ധം വൈകും
ഗാസയില്‍ കരയുദ്ധം നടത്താന്‍ അനുകൂലമല്ല ഇപ്പോഴത്തെ കാലാവസ്ഥ. അതിനാല്‍ ഈ മാസം 20 കഴിഞ്ഞേ കരയുദ്ധം ഉണ്ടാകാന്‍ സാധ്യതയുള്ളൂ. ഇസ്രായേല്‍ സൈന്യത്തെ ഉദ്ധരിച്ച് ഇക്കാര്യം കഴിഞ്ഞ ദിവസം ന്യൂയോര്‍ക്ക് ടൈംസും റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഗാസയിലേക്ക് കരമാര്‍ഗമുള്ള ആക്രമണം ആരംഭിക്കുന്നതിന്റെ ഭാഗമായി വടക്കന്‍ ഗാസയിലുള്ളവര്‍ മുനമ്പിന്റെ തെക്കന്‍ ഭാഗത്തേക്ക് ഒഴിഞ്ഞുപോകണമെന്ന് ഇസ്രയേല്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് ഒരു ദശലക്ഷത്തിലധികം ആളുകളാണ് സ്വന്തം വീടും സ്വത്തുക്കളും ഉപേക്ഷിച്ച് പലായനം ചെയ്തത്.
എന്നാല്‍ കഴിഞ്ഞ ദിവസം തെക്കന്‍ ഗാസയിലെ റഫാ അതിര്‍ത്തിയിലും ഇസ്രയേല്‍ ആക്രമണം നടത്തിയിരുന്നു. ഈജിപ്തുമായി അതിര്‍ത്തി പങ്കിടുന്ന റഫാ മേഖലയില്‍ കഴിഞ്ഞ ദിവസം രാത്രി നടത്തിയ ആക്രമണത്തില്‍ 71 പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്.
🚨#BREAKING: 🌊 Heavy floods being reported in and around Tel Aviv, Israel after heavy rains hammered the area.
➡️ Israeli ground military operation in the Gaza Strip has been postponed due to the severe weather. #Flooding #Flood #Israel #TelAviv #Palestine #Hamas #Weather… pic.twitter.com/Tzfmjcmxwq
— TinAlerts (@TinAlerts) October 15, 2023
ഗാസയില്‍ കുടിവെള്ളം ലഭിക്കുന്ന ആറ് കിണറുകള്‍, മൂന്ന് പമ്പിങ് സ്റ്റേഷനുകള്‍ ആറ് ജലസംഭരണികള്‍ എന്നിവ ആക്രമണത്തില്‍ നശിപ്പിക്കപ്പെട്ടിരുന്നു. പത്ത് ലക്ഷം പേര്‍ക്ക് ശുദ്ധജലം വിതരണം ചെയ്യുന്ന സംവിധാനങ്ങളാണ് ആക്രമണത്തിലൂടെ ഇസ്രയേല്‍ തകര്‍ത്തതെന്ന് യുനിസെഫ് ചൂണ്ടികാണിക്കുന്നു.
ഇസ്രയേല്‍ ഗാസയില്‍ നടത്തുന്ന ആക്രമണങ്ങളില്‍ ദുരിതമനുഭവിക്കുന്നത് കുട്ടികള്‍. ഇസ്രയേലിന്റെ ആക്രമണത്തില്‍ പത്തുദിവസത്തിനിടെ ഗാസയില്‍ ആയിരത്തിലേറെ കുട്ടികള്‍ കൊല്ലപ്പെട്ടതായാണ് ഡിഫെന്‍സ് ഫോര്‍ ചില്‍ഡ്രന്‍ ഇന്റര്‍നാഷണല്‍ (ഡിസിഐ) എന്ന പലസ്തീന്‍ സംഘടനയുടെ കണക്ക്.
പലസ്തീന്‍ സായുധ സംഘമായ ഹമാസ് ഒക്ടോബര്‍ ഏഴിന് നടത്തിയ ആക്രമണത്തിന് തിരിച്ചടിയായി ഇസ്രയേല്‍ ആരംഭിച്ച സൈനിക ആക്രമണങ്ങളിലാണ് ഇത്രയേറെ കുട്ടികള്‍ കൊല്ലപ്പെട്ടത്. ഇസ്രയേല്‍ വ്യോമാക്രമണം ആരംഭിച്ച ശേഷം ഓരോ 15 മിനിറ്റിലും ഒരു കുട്ടി വീതം കൊല്ലപ്പെടുന്നുണ്ടെന്ന് ഡിസിഐ പറയുന്നു. സംഘര്‍ഷത്തില്‍ ഏറ്റവുമധികം നഷ്ടം സംഭവിക്കുന്നത് കുട്ടികള്‍ക്കാണെന്ന് ഒക്ടോബര്‍ 13ന് യുനിസെഫ് പുറത്തുവിട്ട പ്രസ്താവനയിലും ചൂണ്ടിക്കാട്ടിയിരുന്നു.
ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം 23 ലക്ഷത്തോളം പേര്‍ തിങ്ങിപ്പാര്‍ക്കുന്ന ഗാസയില്‍ ജനസംഖ്യയുടെ പകുതിയോളം പേരും 18 വയസില്‍ താഴെയുള്ളവരാണ്. 2022 ല്‍ സേവ് ദി ചില്‍ഡ്രന്‍ എന്ന സംഘടന നടത്തിയ പഠനമനുസരിച്ച് ഗാസയില്‍ ജീവിക്കുന്ന അഞ്ചില്‍ നാല് കുട്ടികളും വിഷാദരോഗം അനുഭവിക്കുന്നുണ്ട്. മറ്റ് കുട്ടികളുടെ മരണത്തിന് നിരന്തരം സാക്ഷ്യം വഹിക്കുന്നതിനാല്‍ പകുതിയിലധികം കുട്ടികളിലും ആത്മത്യ പ്രവണതയുണ്ടെന്നും പഠനം പറയുന്നു.