റോസാ ചെടി തഴച്ചു വളർന്ന് പൂവിടുന്നില്ലേ ? ചായപ്പൊടി മുതൽ പഴത്തൊലി വരെ പ്രയോഗിക്കാം.. കൂടുതൽ അറിയാം
റോസാ ചെടി ഉദ്യാനങ്ങളിൽ പൂച്ചെടികളുടെ കൂട്ടത്തിൽ മുൻനിരയിൽ നിൽക്കുന്ന ചെടിയാണ്. റോസ് പൂക്കൾ പൂത്തുലഞ്ഞ് നിൽക്കുന്നത് കാണാൻ തന്നെ പ്രത്യേക ഭംഗിയാണ്. ചുവപ്പ്, വെള്ള, മഞ്ഞ, റോസ്, ഓറഞ്ച് തുടങ്ങി വിവിധ നിറങ്ങളിൽ റോസ് പൂക്കൾ ഉണ്ടാകുന്ന റോസാ ചെടികൾ ഇന്ന് വിപണിയിൽ സുലഭമായി കിട്ടും. എന്നാൽ ചെടി എത്ര വളർന്നാലും പൂക്കളുണ്ടാകുന്നില്ലെന്ന പരാതികൾ പലരും പറഞ്ഞ് നാം കേൾക്കാറുണ്ട്. അത്തരക്കാർക്ക് വീട്ടിലെ ചില വസ്തുക്കൾ ഉപയോഗിച്ച് പരിഹാരം കാണാൻ കഴിയും.
മുട്ടത്തോട്
മുട്ട ബഹുഭൂരിപക്ഷം ആളുകളുടെയും വീടുകളിൽ കാണുന്ന ഭക്ഷ്യവസ്തുക്കളിലൊന്നാണ്. ഇത് ഉപയോഗിച്ച് കഴിഞ്ഞാൽ ബാക്കി വരുന്ന മുട്ടത്തോട് റോസാ ചെടിക്കായി ഉപയോഗിക്കാൻ പറ്റും. മുട്ടത്തോടിൽ കാത്സ്യം അടങ്ങിയിട്ടുണ്ട്. ഇത് ചെടിയുടെ വളർച്ചയെ സഹായിക്കുന്നു. ചെടിയുടെ കോശങ്ങളെ ശക്തിപ്പെടുത്താനും കീടങ്ങളെ നശിപ്പിക്കാനും മുട്ടത്തോട് ഗുണകരമാണ് . മുട്ടത്തോട് മണ്ണിൽ ലയിക്കുമ്പോൾ പോഷകങ്ങൾ കൂടുതലാകുന്നു. ഇത് ചെടിയുടെ വേരുകളെ ശക്തിപ്പെടുത്തുകയും കൂടുതൽ പോഷകങ്ങൾ ആഗിരണം ചെയ്യാൻ സഹായിക്കുകയും ചെയ്യുന്നണ്ട്.
ചായപ്പൊടി
ദിവസവും ഒരു കപ്പ് ചായയിൽ പ്രഭാതം തുടങ്ങുന്നവരായിരിക്കും നമ്മിൽ പലരും. ചായ കുടിച്ച് ബാക്കി വരുന്ന ചായപ്പൊടി ഇനി വെറുതെ കളയേണ്ട ആവശ്യമില്ല. റോസാ ചെടിക്ക് വളമായി നൽകാം . ചായപ്പൊടിയിൽ ടാന്നിൻ അടങ്ങിയിട്ടുള്ളതിനാൽ ഇത് മണ്ണിന്റെ അസിഡിറ്റി വർദ്ധിപ്പിക്കുന്നു. ഇത്തരത്തിലുള്ള മണ്ണിൽ റോസാച്ചെടി നല്ല രീതിയിൽ വളരും. നൈട്രജന്റെ ആഗിരണത്തിനും ഇത് വളരെയധികം ഗുണം ചെയ്യും.
പഴത്തൊലി
പഴുത്ത വാഴപ്പഴത്തിന്റെ തൊലി റോസാ ചടികൾക്ക് ഇട്ടു നൽകുന്നത് ചെടി നന്നായി വളരാനും പൂക്കൾ ഉണ്ടാവാനും ഗുണം ചെയ്യും. ഇതിൽ പൊട്ടാസ്യം ധാരാളമായി അടങ്ങിയിട്ടുണ്ട്. രോഗാണുക്കളിൽ നിന്നും ചെടിയെ സംരക്ഷിച്ച് നിർത്താൻ ഇത് സഹായിക്കും. പ്രതികൂല കാലാവസ്ഥ തരണം ചെയ്യാനും പഴത്തൊലി സഹായിക്കു . ഒരു പഴത്തിൽ കുത്തി റോസാ ചെടി നടുന്നത് കൂടുതൽ ഗുണം ചെയ്യും.