ഗള്‍ഫില്‍ ഇന്നും കേരളത്തില്‍ നാളെയും ശവ്വാല്‍ മാസപ്പിറവി സാധ്യമോ? ഈദുല്‍ ഫിത്വര്‍ ബുധനാഴ്ച?
ഒരു മാസത്തോളം നീണ്ട റമദാനിലെ വ്രതം പൂര്‍ത്തിയാക്കി വിശ്വാസികള്‍ ഈദുല്‍ ഫിത്വര്‍ ആഘോഷിക്കാന്‍ ഒരുങ്ങുകയാണ്. ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ന് റമദാന്‍ 29 ഉം ഒമാനിലും കേരളത്തിലും ഇന്ന് റമദാന്‍ 28 ഉം ആണ്. കിഴക്കേനേഷ്യന്‍ രാജ്യങ്ങളിലും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലും ഇന്ന് റമദാന്‍ 28 ആണ്. ചന്ദ്രപ്പിറവി അടിസ്ഥാനമാക്കിയാണ് മുസ്ലീങ്ങളുടെ ഹിജ്റ വര്‍ഷത്തിലെ മാസങ്ങളെന്നതിനാല്‍ റമദാന്‍ അവസാനിച്ച് ശവ്വാല്‍ മാസം 1 നാണ് ഈദുല്‍ ഫിത്വര്‍ (ചെറിയ പെരുന്നാള്‍) ആഘോഷിക്കുന്നത്.
ഇതിന് മാനദണ്ഡമാക്കുന്നത് മാസപ്പിറ ദര്‍ശനം അഥവാ ചന്ദ്രനെ ദര്‍ശിക്കലാണ്. ശാസ്ത്രീയമായ കണക്കുകൂട്ടലുകള്‍ പ്രകാരം ചന്ദ്രന്‍ ഉദിച്ചെന്ന് അറിഞ്ഞാല്‍ പോര, ചന്ദ്രപ്പിറവി കണ്ണുകൊണ്ട് കണ്ട് ഉറപ്പുവരുത്തിയാലേ ഖാസിമാര്‍ക്ക് പുതിയ മാസപ്പിറവി ഉറപ്പിക്കാനാകൂ. ഇന്നും നാളെയുമുള്ള ചന്ദ്രന്റെ ശാസ്ത്രീയ സ്ഥിതിവിവരവും മാസപ്പിറവി സാധ്യതയുമാണ് ഇന്ന് പരിശോധിക്കുന്നത്.
കേരളത്തില്‍ ഇന്ന് അമാവാസി
കേരളത്തില്‍ കോഴിക്കോട്ടെ ആകാശത്തില്‍ ഇന്ന് അമാവാസി (ന്യൂമൂണ്‍) ആണ്. ഇന്ന് സൂര്യന്‍ അസ്തമിക്കുന്നത് വൈകിട്ട് 6.38 നാണ്. ഇതിനു ശേഷമാണ് ഇന്ന് ചന്ദ്രന്‍ ഉദിക്കുക. അതിനാല്‍ ഇന്ന് മാസപ്പിറവി കേരളത്തില്‍ ദൃശ്യമാകില്ല. ഇന്ന് റമദാന്‍ 28 ആയതിനാല്‍ മാസപ്പിറവി നോക്കാറുമില്ല. മതപരമായ നിയമ പ്രകാരം ഒരു മാസം 29 പൂര്‍ത്തിയായ ശേഷമേ മാസപ്പിറവി പരിഗണിക്കേണ്ടതുള്ളൂ. അന്ന് മാസപ്പിറവി കണ്ടില്ലെങ്കില്‍ പിറ്റേദിവസം 30 പൂര്‍ത്തിയാക്കി. അടുത്ത ദിവസം പുതിയ മാസമായി കണക്കാക്കുകയാണ് വേണ്ടത്.
നാളെ ചന്ദ്രന്‍ ആകാശത്ത് 41 മിനുട്ടോളം
നാളെ (ഏപ്രില്‍ 9 ന്) റമദാന്‍ 29 ആയതിനാല്‍ മാസപ്പിറവി ദര്‍ശനത്തിന് ഖാസിമാര്‍ കാത്തുനില്‍ക്കും. ശവ്വാല്‍ മാസപ്പിറവി ദൃശ്യമായാല്‍ ഏപ്രില്‍ 10 ന് ഈദുല്‍ ഫിത്വര്‍ (ചെറിയ പെരുന്നാള്‍) ആഘോഷിക്കും. നാളെ സൂര്യന്‍ അസ്തമിക്കുമ്പോള്‍ 36 ഡിഗ്രിയില്‍ ചന്ദ്രന്‍ പടിഞ്ഞാറന്‍ ചക്രവാളത്തില്‍ ഉണ്ടാകും. നാളെയും 6.38 നാണ് സൂര്യാസ്തമനം. 7.19 നാണ് ചന്ദ്രന്‍ അസ്തമിക്കുന്നത്.
മാസപ്പിറവി ദര്‍ശനത്തിന് സാധ്യത കൂടുതല്‍
സൂര്യാസ്തമയത്തിന് ശേഷം 41 മിനുട്ട് ചന്ദ്രന്‍ പടിഞ്ഞാറന്‍ ആകാശത്തുണ്ടാകും. അതിനാല്‍ മാസപ്പിറവി ദര്‍ശനത്തിന് സാധ്യത വളരെ കൂടുതലാണ്. ആകാശത്ത് കാഴ്ച മറയ്ക്കുന്ന മേഘങ്ങളാണ് മാസപ്പിറവി ദര്‍ശനത്തിന് വെല്ലുവിളി. കേരള തീരത്ത് നാളെ പൊതുവെ തെളിഞ്ഞ അന്തരീക്ഷമാണെങ്കിലും ഉള്‍ക്കടലില്‍ മേഘങ്ങള്‍ക്കും മഴക്കും സാധ്യതയുണ്ട്.
ഇതില്‍ നിന്ന് ഒറ്റപ്പെട്ട മേഘങ്ങള്‍ കരയിലേക്ക് കയറിവരും. ഇവ മാസപ്പിറവിക്ക് തടസമികാനിടയില്ല. കൂടാതെ നാളെ ചന്ദ്രന്‍ ഉദിക്കുക 7 ഡിഗ്രി ഉയരത്തില്‍ 282 ഡിഗ്രിയില്‍ പടിഞ്ഞാറ് വടക്കു പടിഞ്ഞാറ് ദിശയിലാണ് ചന്ദ്രന്‍ ഉദിക്കുക. ഈ ഭാഗത്ത് മേഘസാന്നിധ്യം ഉണ്ടാകാന്‍ സാധ്യതയില്ല. ലക്ഷദ്വീപ് മേഖലയോട് ചേര്‍ന്നാണ് മേഘസാന്നിധ്യം ഉണ്ടാകുക.
ഗള്‍ഫില്‍ ഇന്ന് മാസപ്പിറവി സാധ്യത ഇല്ല
യു.എ.ഇ.യിലെ അബൂദബി കേന്ദ്രീകൃതമായ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ഇന്ന് ഗള്‍ഫ് മേഖലയിലും മാസപ്പിറവി ദര്‍ശന സാധ്യതയില്ല. ചന്ദ്രന്‍ അമാവാസിയിലാണ് അവിടെയും. സൂര്യന്‍ അസ്തമിച്ച ശേഷമാണ് ചന്ദ്രോദയമെന്നതിനാലും ആകാശത്ത് തെളിച്ചം കൂടുതലുള്ളതിനാലും സൂര്യപ്രഭയില്‍ 0.2% മാത്രം തെളിച്ചമുള്ള ചന്ദ്രനെ കാണാനാകില്ല.
ഗള്‍ഫില്‍ ടെലസ്‌കോപിന്റെ സഹായത്തോടെയാണ് മാസപ്പിറവി ദര്‍ശിക്കുന്നതെങ്കിലും സാധ്യത വിരളമാണെന്നാണ് ഞങ്ങളുടെ നിരീക്ഷകരുടെ വിലയിരുത്തല്‍. അതിനാല്‍ ഇന്ന് റമദാന്‍ 30 പൂര്‍ത്തിയാക്കി കേരളത്തിനൊപ്പം ബുധനാഴ്ചയാകും ഗള്‍ഫിലും പെരുന്നാള്‍ ആഘോഷിക്കാനാകുക.
ഒമാനില്‍ നാളെ റമദാന്‍ 29 ന് മാസപ്പിറവി ദര്‍ശനത്തിന് സൗകര്യമുണ്ടാകും.