മാനേജ്മെന്റ് പഠനത്തിൽ നൂതന സാധ്യതകൾ : ഐഐഎം കോഴിക്കോട് പുതിയ ബിരുദ കോഴ്‌സ് ആരംഭിക്കുന്നു

ഇന്ത്യയിലെ പ്രമുഖ മാനേജ്മെന്റ് സ്ഥാപനങ്ങളിലൊന്നായ ഐഐഎം കോഴിക്കോട് (IIM Kozhikode – IIMK), മാനേജ്മെന്റ് വിദ്യാഭ്യാസ രംഗത്ത് പുതിയ സാധ്യതകൾ തുറന്നുകൊണ്ട് ബാച്ചിലർ ഓഫ് മാനേജ്‌മെൻ്റ് സ്റ്റഡീസ് (ഓണേഴ്സ് വിത്ത് റിസർച്ച്) – BMS (Honours with Research) എന്ന നാല് വർഷത്തെ ബിരുദ പ്രോഗ്രാം ആരംഭിക്കുന്നു. 2025-26 അധ്യയന വർഷം മുതലാണ് ഈ പുതിയ കോഴ്‌സ് നിലവിൽ വരുന്നത്. സാധാരണയായി ബിരുദാനന്തര ബിരുദ കോഴ്‌സുകൾക്ക് പേരുകേട്ട ഐഐഎമ്മുകളിൽ നിന്നുള്ള ഈ പുതിയ കാൽവെപ്പ്, ദേശീയ വിദ്യാഭ്യാസ നയത്തിന്റെ (NEP 2020) സ്വാധീനമായും മികച്ച വിദ്യാർത്ഥികളെ നേരത്തെ കണ്ടെത്താനുള്ള സ്ഥാപനത്തിന്റെ തന്ത്രപരമായ നീക്കമായും വിലയിരുത്തപ്പെടുന്നു. ബിരുദ പഠനത്തിന് ശേഷം CAT പോലുള്ള പരീക്ഷകളിലൂടെ മാത്രം പ്രവേശനം നൽകിയിരുന്ന രീതിയിൽ നിന്ന് ഇതൊരു ശ്രദ്ധേയമായ മാറ്റമാണ്

ഈ നൂതന പ്രോഗ്രാം ഐഐഎം കോഴിക്കോടിന്റെ കൊച്ചി കാമ്പസിലാണ് നടത്തപ്പെടുന്നത്. ദക്ഷിണേന്ത്യയിലെ, പ്രത്യേകിച്ച് കേരളത്തിലെ കഴിവുറ്റ വിദ്യാർത്ഥികളെ ആകർഷിക്കുക എന്നതും ഇതിന്റെ ലക്ഷ്യങ്ങളിൽ ഒന്നാണ്. ഉത്തരവാദിത്തബോധമുള്ളവരും ആഗോള കാഴ്‌ചപ്പാടുള്ളവരും നൂതന ആശയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നവരുമായ ഒരു പുതിയ തലമുറ നേതാക്കളെ വ്യവസായ-വാണിജ്യ ലോകത്തിനായി വാർത്തെടുക്കുക എന്നതാണ് ഈ കോഴ്‌സിന്റെ പ്രധാന ലക്ഷ്യം. മാനേജ്മെന്റ് പഠനത്തോടൊപ്പം മറ്റ് വിഷയങ്ങളിലും ആഴത്തിലുള്ള അറിവ് നേടാൻ ഇത് വിദ്യാർത്ഥികൾക്ക് അവസരം നൽകുന്നു.

പ്രോഗ്രാം ഘടനയും പാഠ്യപദ്ധതിയും

  • നാല് വർഷം അഥവാ എട്ട് സെമസ്റ്ററുകളുള്ള ഫുൾ-ടൈം പ്രോഗ്രാമാണ് ബിഎംഎസ്. പഠനം ക്രെഡിറ്റ് സമ്പ്രദായത്തെ അടിസ്ഥാനമാക്കിയുള്ളതാണ്.
  • കോഴ്‌സുകളെ പ്രധാനമായും ഫൗണ്ടേഷൻ കോഴ്‌സുകൾ, കോർ കോഴ്‌സുകൾ, ഇലക്റ്റീവ് കോഴ്‌സുകൾ എന്നിങ്ങനെ മൂന്നായി തിരിച്ചിരിക്കുന്നു.
  • സാമ്പത്തികശാസ്ത്രം, ക്വാണ്ടിറ്റേറ്റീവ് രീതികൾ, അക്കൗണ്ടിംഗ്, കമ്പ്യൂട്ടർ സയൻസ് തുടങ്ങിയ വിഷയങ്ങൾ ഫൗണ്ടേഷൻ കോഴ്‌സുകളിൽ ഉൾപ്പെടുന്നു. മാനേജ്മെന്റ് സ്റ്റഡീസുമായി ബന്ധപ്പെട്ട കോർ കോഴ്‌സുകളിൽ ഫിനാൻസ്, മാർക്കറ്റിംഗ് മാനേജ്മെന്റ്, ഹ്യൂമൻ റിസോഴ്സ് മാനേജ്മെന്റ്റ് തുടങ്ങിയ വിഷയങ്ങൾ പഠിപ്പിക്കും.
  • വിദ്യാർത്ഥികൾക്ക് താല്പര്യമുള്ള മൈനർ വിഷയങ്ങളിൽ സ്പെഷ്യലൈസ് ചെയ്യാൻ ഇലക്റ്റീവ് കോഴ്‌സുകൾ സഹായിക്കും. ഇക്കണോമിക്സ് & പബ്ലിക് പോളിസി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് & മെഷീൻ ലേണിംഗ്, ഫിനാൻസ് & ബിഗ് ഡാറ്റ തുടങ്ങിയ വൈവിധ്യമാർന്ന മേഖലകളിൽ നിന്ന് മൈനർ വിഷയങ്ങൾ തിരഞ്ഞെടുക്കാം.

ആറാം സെമസ്റ്ററിനും ഏഴാം സെമസ്റ്ററിനും ഇടയിൽ ഇൻഡസ്ട്രി ഇന്റേൺഷിപ്പ് നിർബന്ധമാണ്. നാലാം വർഷം എട്ടാം സെമസ്റ്ററിൽ ഒരു ഡിസേർട്ടേഷൻ പ്രോജക്റ്റും ചെയ്യേണ്ടതുണ്ട്. പഠനത്തിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന വിദ്യാർത്ഥികൾക്ക് വിദേശ സർവ്വകലാശാലകളിൽ ഒരു സെമസ്റ്റർ പഠിക്കാനുള്ള അവസരവും ലഭിച്ചേക്കാം.

യോഗ്യതാ മാനദണ്ഡങ്ങൾ

അംഗീകൃത ബോർഡിൽ നിന്ന് പ്ലസ് ടു അഥവാ തത്തുല്യ പരീക്ഷ പാസായവർക്കും, അല്ലെങ്കിൽ പത്താം ക്ലാസ് വിദ്യാഭ്യാസത്തിന് ശേഷം ത്രിവത്സര ഡിപ്ലോമ പൂർത്തിയാക്കിയവർക്കും അപേക്ഷിക്കാം. 2025-ൽ അവസാന വർഷ പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്കും അപേക്ഷിക്കാവുന്നതാണ്. ഈ പ്രോഗ്രാമിന് അപേക്ഷിക്കുന്നതിന് പ്ലസ് ടു/ഡിപ്ലോമ തലത്തിൽ നിശ്ചിത ശതമാനം മാർക്ക് നിർബന്ധമില്ല എന്നത് ശ്രദ്ധേയമാണ്. ഇത് കൂടുതൽ വിദ്യാർത്ഥികൾക്ക് അവസരം നൽകുമെങ്കിലും പ്രവേശന പരീക്ഷയിലെയും പേഴ്സണൽ ഇൻ്റർവ്യൂവിലെയും പ്രകടനത്തിന് കൂടുതൽ പ്രാധാന്യം നൽകുന്നു. പ്രായപരിധി നിശ്ചയിച്ചിട്ടില്ല

  • അന്താരാഷ്ട്ര വിദ്യാർത്ഥികൾക്കും എൻആർഐ വിഭാഗത്തിൽപ്പെട്ടവർക്കും അപേക്ഷിക്കാൻ സാധിക്കും. അഡ്മിഷൻ പ്രക്രിയ

ഐഐഎം കോഴിക്കോടിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കണം.
പ്രവേശനത്തിനായി IIMK BMS Aptitude Test (BMS AT), JEE (Main), SAT, ACT എന്നീ അംഗീകൃത പരീക്ഷകളിലെ സാധുവായ സ്കോർ പരിഗണിക്കും.
പ്രവേശന പരീക്ഷയിലെ സ്കോർ, പത്താം ക്ലാസിലെയും പന്ത്രണ്ടാം ക്ലാസിലെയും അക്കാദമിക് പ്രകടനം, പേഴ്സണൽ ഇൻ്റർവ്യൂ എന്നിവ പരിഗണിച്ചാണ് അന്തിമ തിരഞ്ഞെടുപ്പ്. ഷോർട്ട്ലിസ്റ്റ് ചെയ്യപ്പെടുന്ന വിദ്യാർത്ഥികളെ പേഴ്സണൽ ഇൻ്റർവ്യൂവിനായി ക്ഷണിക്കും.

ഫീസ് ഘടന

പ്രോഗ്രാമിന്റെ വാർഷിക ഫീസ് ₹7,00,000 ആണ്.
ഇതിൽ ട്യൂഷൻ ഫീസ്, കോഴ്‌സ് മെറ്റീരിയലുകൾക്കുള്ള ഫീസ്, മറ്റ് അഡ്മിനിസ്ട്രേറ്റീവ്, അക്കാദമിക് ചെലവുകൾ എന്നിവ ഉൾപ്പെടുന്നു. അഡ്മിഷൻ ഫീസ്, കോക്ഷൻ ഡെപ്പോസിറ്റ്, അലുംമ്നൈ ഫീസ് തുടങ്ങിയ ഒറ്റത്തവണ ഫീസുകളും സ്റ്റുഡന്റ് വെൽഫെയർ ഫണ്ട് പോലുള്ള മറ്റ് വാർഷിക ഫീസുകളും പുറമെ നൽകണം. ഹോസ്റ്റൽ സൗകര്യം തിരഞ്ഞെടുക്കുന്ന വിദ്യാർത്ഥികൾക്ക് ഹോസ്റ്റൽ, മെസ് ഫീസുകൾ അധികമായി നൽകേണ്ടിവരും. വിദ്യാഭ്യാസ വായ്പയ്ക്ക് ആവശ്യമായ പിന്തുണയും ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ലഭിക്കും.

കരിയർ സാധ്യതകളും സേവനങ്ങളും

ഐഐഎം കോഴിക്കോടിന്റെ ബിഎംഎസ് പ്രോഗ്രാം പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക് മികച്ച കരിയർ സാധ്യതകളാണ് പ്രതീക്ഷിക്കപ്പെടുന്നത്
കരിയർ സംബന്ധമായ പിന്തുണ നൽകുന്നതിനായി CARE (Corporate Access Readiness and Engagement) എന്ന പ്രത്യേക വിഭാഗം പ്രവർത്തിക്കും. നിർബന്ധിത ഇന്റേൺഷിപ്പുകൾ കണ്ടെത്തുന്നതിനും ഇൻസ്റ്റിറ്റ്യൂട്ട് സഹായിക്കും. പഠനം പൂർത്തിയാക്കുന്ന മുറയ്ക്ക് കാമ്പസ് പ്ലേസ്മെൻ്റ് ഡ്രൈവുകളിൽ പങ്കെടുക്കാൻ അവസരം ലഭിക്കും. സെയിൽസ് & മാർക്കറ്റിംഗ്, ഓപ്പറേഷൻസ് & സപ്ലൈ ചെയിൻ മാനേജ്മെന്റ്, ഫിനാൻസ്, കൺസൾട്ടിംഗ്, ബിസിനസ് അനലിസ്റ്റ് തുടങ്ങിയ വിവിധ മേഖലകളിൽ തൊഴിൽ സാധ്യതകൾ പ്രതീക്ഷിക്കാം. ഉപരിപഠനത്തിനായി എംബിഎ, എംഎംഎസ്, പിജിഡിഎം, ഗവേഷണം (PhD) എന്നിവ പരിഗണിക്കാവുന്നതാണ്. സ്വന്തമായി സംരംഭങ്ങൾ തുടങ്ങാനും സിവിൽ സർവീസസ് പോലുള്ള മത്സര പരീക്ഷകൾ എഴുതാനും ഈ ബിരുദം പ്രയോജനകരമാകും.

പ്രധാന തീയതികൾ

  • Applications Open 22 April 2025
  • Applications Close 22 May 2025
  • Admit Cards Download 09 June 2025
  • IIMK BMS Aptitude Test 22 June 2025
  • Interviews July 2025

കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും ഐഐഎം കോഴിക്കോടിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക: (https://www.iimk.ac.in/academic-programmes/BMS/bms-overview)

Mujeebulla KM
CIGII Career Team
00971 509220561

metbeat news

Tag:Innovative possibilities in management studies: IIM Kozhikode launches new undergraduate course

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Weather Journalist at metbeatnews.com. Graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with 6 years of experience in print and online media.